പാമ്പാടി: പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. ഞായറാഴ്ച വയറുവേദനയെതുടര്‍ന്നാണ് കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരിക്കുകയായിരുന്നു.

അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ചതിനാല്‍ അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഫാക്ടറിയില്‍ ജോലിചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. ലോക്ഡൗണിനെത്തുടര്‍ന്ന് അമ്മയുടെ ജോലി നഷ്ടപ്പെട്ടതോടെ കുട്ടികള്‍ കരകൗശലവസ്തുക്കള്‍ നിര്‍മിച്ച്‌ കടകളിലും വീടുകളിലും കയറി വിറ്റിരുന്നു.

സംഭവദിവസം സഹോദരന്‍ ഒപ്പമില്ലായിരുന്ന കുട്ടിയെ ഏപ്രിലില്‍ പെരുമാനൂര്‍ കുളംകവലയില്‍നിന്ന് മണര്‍കാട് കവലയിലേക്ക് നടന്നുപോകുന്നതിനിടെ കാറിലെത്തിയ മദ്ധ്യവയസ്‌കന്‍ വാഹനം നിര്‍ത്തി കരകൗശലവസ്തു വാങ്ങി. പണം വീട്ടില്‍നിന്നെടുത്തുനല്‍കാമെന്നുപറഞ്ഞ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഭാര്യയും പെണ്‍കുട്ടിയും വീട്ടിലുണ്ടെന്ന് പറഞ്ഞതിനാല്‍ കാറില്‍ കയറിയതായി കുട്ടി പറയുന്നു.

തുടര്‍ന്ന് തിരുവഞ്ചൂര്‍ ഭാഗത്തേക്ക് കാറോടിച്ചുപോയ മദ്ധ്യവയസ്‌കന്‍ വഴിയോരത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങി നല്‍കി. പിന്നീട് കുട്ടിയെ കാറിലിരുത്തിയശേഷം ചോക്ലേറ്റും ജ്യൂസും വാങ്ങി. ഇത് നിര്‍ബന്ധിച്ച്‌ കുടിപ്പിച്ചശേഷം കാര്‍ വിട്ടുപോയി. താന്‍ കാറില്‍ക്കിടന്ന് ഉറങ്ങിപ്പോയെന്നും വൈകീട്ട് അഞ്ചുമണിയോടെ ഉണര്‍ന്നപ്പോള്‍ കാര്‍ മണര്‍കാട് കവലയിലായിരുന്നെന്നും കുട്ടി പറയുന്നു. തുടര്‍ന്ന് പണവും വാങ്ങി ബസില്‍ കയറിപ്പോയി. പിറ്റേന്ന് അടിവയറ്റില്‍ വേദന അനുഭപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. ഞായറാഴ്ച ശക്തമായ വയറുവേദനയും രക്തസ്രാവവുമുണ്ടായതോടെ ആശുപത്രിയിലെത്തുകയായിരുന്നെന്നാണ് കുട്ടി മൊഴിനല്‍കിയതെന്നും പോലീസ് പറയുന്നു. കുട്ടിയുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ ഡി.എന്‍.എ. സാമ്ബിള്‍ ശേഖരിച്ചശേഷം ചൊവ്വാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *