ഒളിംപിക്സ് ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം. 69 കിലോ സെമിയില്‍ തുര്‍ക്കിയുടെ ലോകചാംപ്യനോട് തോറ്റു. ബുസെനസ് സര്‍മേനലിയോട് തോറ്റത് 5–0നാണ്. മേരി കോമിന് ശേഷം വെങ്കലം നേടുന്ന ആദ്യവനിത ബോക്സര്‍. ബോക്സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം ലണ്ടന്‍ ഒളിംപിക്സിന് ശേഷം.
ക്വാർട്ടറിൽ പുറത്തെടുത്ത അസാമാന്യ പ്രകടനം ആവർത്തിക്കാനാകാതെ പോയതോടെയാണ് ലവ്‍ലിനയുടെ പോരാട്ടം സെമിയിൽ അവസാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയിയുടെ നീൻ ചിൻ ചെന്നിനെ അട്ടിമറിച്ചു സെമിയിലെത്തിയപ്പോൾത്തന്നെ ലവ്‍ലിന ഒളിംപിക്സ് മെഡൽ ഉറപ്പിച്ചിരുന്നു.
ഒളിംപിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബോക്സിങ് താരമെന്ന റെക്കോർഡും ഈ തോൽവിയോടെ ഇരുപത്തിമൂന്നുകാരിയായ ലവ്‌ലിന കൈവിട്ടു. വിജേന്ദർ സിങ്ങിന്റെയും (2008) മേരി കോമിന്റെയും (2012) വെങ്കല മെഡലുകളാണ് ഒളിംപിക്സ് ബോക്സിങ്ങിൽ രാജ്യത്തിന്റെ ഇതിനു മുൻപുള്ള സമ്പാദ്യം. ഇത്തവണത്തെ ഒളിംപിക്സിൽ മത്സരിച്ച 9 ഇന്ത്യൻ ബോക്സിങ് താരങ്ങളിൽ മെഡൽ നേട്ടത്തിലേക്ക് ഇടിച്ചു കയറാനായതും ലവ്‍ലിനയ്ക്കു മാത്രമാണ്.