മിന്നും താരങ്ങള്‍
കരുണയില്‍ വിരിഞ്ഞ
വെന്‍റിലേറ്റര്‍ ചലഞ്ച്

മനുഷ്യജീവന്‍റെ വിലയും മൂല്യവും ആഴമായി ബോധ്യമുള്ള ഇടയനാണ് വടക്കന്‍ പറവൂര്‍ ഡോണ്‍ബോസ്കോ ആതുരാലയത്തിന്‍റെ സാരഥി ഫാ. റോക്കി റോബി കളത്തില്‍. കോവിഡ് 19-ന്‍റെ സംഹാരതാണ്ഡവത്തില്‍ ജീവശ്വാസംകിട്ടാതെ മരണത്തിന്‍റെ ആഴക്കയങ്ങളിലേക്ക് ദിനംപ്രതി ഞെട്ടറ്റുവീണുകൊണ്ടിരുന്ന ജീവനുകള്‍ ഈ ഇടയനെ നൊമ്പരപ്പെടുത്തിയപ്പോള്‍ ആധുനിക പരിചരണ-ശുശ്രൂഷകളുടെ മേന്മ വര്‍ധിപ്പിച്ച് തന്‍റെ ആതുരാലയത്തെ ജീവന്‍റെ നിറവുപകരുന്ന കേന്ദ്രമാക്കാന്‍ ആശ്രയിച്ചത് വിദേശത്ത് സേവനമനുഷ്ഠിക്കുന്ന സഹോദര വൈദികരെ. അപ്പോള്‍ വിരിഞ്ഞ ജീവകാരുണ്യത്തിന്‍റെ കരുതല്‍ കാഴ്ച.

കോട്ടപ്പുറം രൂപതയുടെ ആതുരശുശ്രൂഷാകേന്ദ്രമായ വടക്കന്‍ പറവൂരിലെ ഡോണ്‍ബോസ്കോ ആശുപത്രി തീരദേശജനതയുടെ ആശ്രയവും സങ്കേതവുമാണ്. ഒരു ഹൈടെക്ക് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി അല്ലെങ്കിലും, പട്ടണത്തിലെ വന്‍കിട ആശുപത്രികളിലേക്ക് ജീവന്‍സംരക്ഷണവുമായി ഓടിയെത്താന്‍ കഴിയാതെവരുമ്പോള്‍ സാധാരണക്കാരന് ആശ്വാസാലയമാകുന്നത് ഈ ആതുരാലയമാണ്. കോവിഡ്ബാധിതരും ഓക്സിജന്‍ അളവുകുറഞ്ഞവരുമായ ഒട്ടനവധിപേര്‍ എത്തിപ്പെടാന്‍ തുടങ്ങിയപ്പോള്‍ വെന്‍റിലേറ്റര്‍ സൗകര്യങ്ങളുടെ അപര്യാപ്തതയും ഓക്സിജന്‍ പ്ലാന്‍റിന്‍റെ അഭാവവും ഈ ആതുരാലയം പരിമിതികളുടെ നിലയില്ലാകയത്തില്‍പ്പെട്ട് നെടുവീര്‍പ്പിടുകയായിരുന്നു. പക്ഷെ, തളര്‍ന്നുപോകാന്‍ ഡയറക്ടര്‍ ഫാ. റോക്കി റോബി കളത്തില്‍ തയ്യാറായില്ല. തന്‍റെ അനാസ്ഥയില്‍ ഒരു ജീവന്‍പോലും പൊലിഞ്ഞുപോകരുതെന്ന നിര്‍ബന്ധം ഈ ബലിയര്‍പ്പകനുണ്ടായിരുന്നു. തന്‍റെ ചെറുബുദ്ധിയിലുദിച്ച ആശയം വിദേശത്തുസേവനം ചെയ്യുന്ന സഹോദരവൈദികരുമായി പങ്കുവച്ചപ്പോള്‍ ഒരു വെന്‍റിലേറ്ററിനുള്ള സാമ്പത്തിക സഹായം കണ്ടെത്തിത്തരാമെന്ന ആശ്വാസവാക്കുലഭിച്ചു. ആ വാക്കില്‍ റോബിനച്ചന്‍ പ്രതീക്ഷയുടെ വലിയ സ്വപ്നം കണ്ടു. അത് സാക്ഷാത്കൃതമായപ്പോള്‍ അമ്പരചുംബിതമായ അമ്പരപ്പായി.

കടല്‍ കടന്നെത്തിയ ‘ദിവ്യ’കാരുണ്യം
ആവശ്യത്തിലും അവശതയിലും കഴിയുന്നവര്‍ക്കു നേരെ സഹായഹസ്തം നീട്ടുന്നതാണല്ലോ യഥാര്‍ത്ഥ ക്രൈസ്ത ചൈതന്യം. വിദേശത്ത് സേവനം ചെയ്യുന്ന,കോട്ടപ്പുറം രൂപതാംഗങ്ങളായ ഫാ.ആന്‍റണി കല്ലറക്കലും ഫാ. നോബി അച്ചാരുപറമ്പിലും കോവിഡ് പ്രതിസന്ധിയില്‍ റോബിനച്ചന്‍റെ സഹായ യാചനയ്ക്കുമുന്നില്‍ നല്ല സമറായന്‍റെ ചൈതന്യത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ സംഭവിച്ചത് വലിയ അത്ഭുത മായിരുന്നു. ജീവരക്ഷോപകരണമായ വെന്‍റിലേറ്ററുകളുടെ കുറവു കൊണ്ട് വടക്കന്‍ പറവൂരില്‍ നിന്ന് കൊച്ചിയിലെ ആശുപത്രികളിലേക്ക് ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുന്ന ഗുരുതരാവ സ്ഥയിലായ രോഗികളുടെ കഥയറിഞ്ഞ് അവര്‍ നടത്തിയ വെന്‍റിലേറ്റര്‍ ചലഞ്ച് അത്ഭുതങ്ങളുടെ കാരുണ്യ സ്പര്‍ശമായി. പറവൂര്‍ ഡോണ്‍ ബോസ്കോ ആശുപത്രിക്ക് ഒരു വെന്‍റിലേറ്റര്‍ വാങ്ങി നല്കുക എന്ന ചിന്തയ്ക്ക് ജര്‍മനിയിലും ഓസ്ട്രിയയിലും അവര്‍ സേവനം ചെയ്യുന്ന നാട്ടിലെ ജനങ്ങള്‍ സ്വര്‍ണ്ണ ചിറകുകള്‍ സമ്മാനിച്ചപ്പോള്‍ രണ്ട് വെന്‍റിലേറ്ററുകളും അതിന്‍റെ നാലിരട്ടി ചെലവു വരുന്ന ഓക്സിജന്‍ പ്ലാന്‍റുകൂടെ സ്ഥാപിക്കുന്നതിലേക്ക് ക്രിസ്തീയ സ്നേഹം കാരുണ്യമായി ഒഴുകി. വെന്‍റിലേറ്റര്‍ ചലഞ്ച് എന്ന ആശയം, ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന അവരുടെ സ്വയംപ്രേരിത സുകൃതമായിരുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത .
കോവിഡ് 19 രണ്ടാം തരംഗം ഭാരതത്തിന്, പ്രത്യേകിച്ച് കേരളത്തിന് കനത്ത പ്രഹരമാണ് ഏല്പിച്ചത്. ആശുപത്രികളിലെ കോവിഡ് വാര്‍ഡുകളും ഐസിയുകളും നിറഞ്ഞു. ഓക്സിജന്‍ സഹായം ആവശ്യമാ യ രോഗികളുടെ സംഖ്യ പെരുകി.വെന്‍റിലേറ്റര്‍ കിടക്കകള്‍ ക്കായി രോഗികളുടെ ബന്ധുക്കള്‍ നെട്ടോട്ടമോ ടി. പറവൂര്‍ ഡോണ്‍ ബോസ്കോ ആശുപത്രിയിലും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ചികിത്സി ക്കാവുന്നതിന്‍റെ പരിധിക്കപ്പുറമായിരുന്നു രോഗികളുടെ എണ്ണം. സ്ഥലപരിമിതികൊണ്ടും ആരോഗ്യപ്രവര്‍ ത്തകരുടെ അഭാവത്താലും ഓക്സിജന്‍ ബെഡ് തികയാതെ വന്നതുകൊണ്ടും കൂടുതല്‍ വെന്‍റിലേറ്ററുകള്‍ ഇല്ലാത്തതിനാലും രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയാതെ വന്നത് വേദനിപ്പിക്കുന്ന അനുഭവ മായിരുന്നു. കോവിഡ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളുടെ എണ്ണം ഏറിയപ്പോള്‍ ഓക്സിജന്‍ ഉപഭോഗം വര്‍ധിക്കുകയും ഓക്സിജന്‍ സിലിണ്ടറുകള്‍ നിറച്ചു കിട്ടാന്‍ വാഹനങ്ങള്‍ രാപകല്‍ ഭേദ്യമന്യേ കളമശ്ശേരിയിലെ പ്ലാന്‍റിലേക്ക് പാഞ്ഞിട്ടും ഓക്സിജനു കടുത്ത ക്ഷാമം നേരിട്ടു

വടക്കന്‍ പറവൂര്‍ ഡോണ്‍ബോസ്കോ ആശുപത്രിയിലെ വെന്‍റിലേറ്റര്‍ സംവിധാനം ഡയറക്ടര്‍ ഫാ. റോക്കി റോബി കളത്തില്‍ ആശിര്‍വദിക്കുന്നു..
ഫാ. ആന്‍റണി കല്ലറക്കല്‍

ലിങ്കനിലെ നല്ല സമറായന്‍
ജര്‍മനിയിലെ ഓസ്നാബ്രുക്ക് രൂപതയില്‍ സേവനം ചെയ്യുന്ന റോബിനച്ചന്‍റെ അടുത്ത സുഹൃത്തും കോട്ടപ്പുറം രൂപതാംഗവുമായ ഫാ.ആന്‍റണി കല്ലറക്കലുമായി കേരളത്തിലെ പ്രതിസന്ധികളും ബുദ്ധി മുട്ടുകളും നിരന്തരം റോബിനച്ചന്‍ ഫോണിലൂടെ പങ്കുവയ്ക്കുമായിരുന്നു. എത്രയും പെട്ടെന്ന് ഒരു വെന്‍റലേറ്ററിനുള്ള പണം സമാഹരിച്ച് തരാം എന്ന് റോബിനച്ചനെ അറിയിക്കുകയും അതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

കല്ലറക്കലച്ചന്‍ വികാരിയായി സേവനം ചെയ്യുന്ന ലിങ്കനിലെ ക്യൂന്‍ മേരീസ്പള്ളിയില്‍ ഞായറാഴ്ച ദിവ്യബലി മധ്യേ കോവിഡ് മഹാമാരി ഉയര്‍ത്തുന്ന പ്രതിസന്ധി സംബന്ധിച്ചും കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള ഡോണ്‍ബോസ്കോ ആശുപത്രിയുടെ പരിമിത സാഹചര്യങ്ങളെക്കുറിച്ചും ആന്‍റണിയച്ചന്‍ പ്രതിപാദിച്ചു. ആന്‍റണിയച്ചന്‍ ആ ഇടവകയില്‍ എത്തിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും ജനങ്ങളുമായുള്ള ഇടപെടലുകളും പ്രവര്‍ത്തനങ്ങ ളുംകൊണ്ട് അദ്ദേഹം ശ്രദ്ധേയനായിരുന്നു. അതിനാല്‍ത്തന്നെ അച്ചന്‍റെ ഹൃദയ സ്പര്‍ശിയായ വാക്കുകള്‍ വിശ്വാസിസമൂഹം മുഖവിലക്കെടുത്തു. ഒന്നോ ഏറിയാല്‍ ര ണ്ടോ വെന്‍റിലേറ്ററുകള്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കാം എന്നതായിരുന്നു അച്ചന്‍റെ ലക്ഷ്യമെങ്കി ലും അദ്ദേഹത്തിന്‍റെ പ്രതീക്ഷകളെ കടത്തി വെട്ടുന്നതായിരുന്നു ജനങ്ങളുടെ പ്രതികരണം. ഇടവക യിലെ ആബാലവൃന്ദം ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സഹകരിച്ചു. ഇടവകയ്ക്ക് സമീ പത്തുള്ള പ്രൊട്ടസ്റ്റന്‍റ് സഭക്കാര്‍പോലും സഹായവുമായി ഓടിയെത്തി.
ആദ്യകുര്‍ബാന സ്വീകരണാര്‍ത്ഥികളുടെ കൈത്താങ്ങ്
ആന്‍റണിയച്ചന്‍റെ ഇടവകയില്‍ ആദ്യകുര്‍ബ്ബാന സ്വീകരണത്തിനൊരുങ്ങി കൊണ്ടിരുന്ന കുട്ടികളുടെ പ്രതികരണം അത്ഭുതാവഹമായിരുന്നു. ഞായറാഴ്ച ബലിയര്‍പ്പണ മധ്യേ അച്ചന്‍ നടത്തിയ ഹൃദയസ്പര്‍ശിയായ വാക്കുകള്‍ ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന കുഞ്ഞുങ്ങളെയും പ്രതികരിക്കാന്‍ പ്രേരിപ്പിച്ചു. നാള മയെര്‍ എന്ന 10 വയസുകാരി തനിക്ക് ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകും എന്ന് സ്വയം ആലോചിച്ചു. അവള്‍ വായിച്ചു കഴിഞ്ഞ തന്‍റെ പുസ്തകങ്ങളും കണ്ടു കഴിഞ്ഞ സിഡികളും ഉപകാരപ്രദമാകുന്ന മറ്റു വസ്തുക്കളും വിറ്റ് പണം സമാഹരിക്കാന്‍ തീരുമാനിച്ചു. തന്‍റെ ഈ ആശയം സുഹൃത്തുക്കളായ എലിസ മേരി , കാര്‍ള ഫോപ്പെ എന്നിവരുമായി പങ്കുവച്ചു. അവരും സഹകരണം വാഗ്ദാനം ചെയ്തു. കുട്ടികളുടെ മാതാപിതാക്കളും മക്കളുടെ ഈ ആശയത്തിന് പൂര്‍ണ്ണ പിന്തുണയുമായെത്തി.
അമ്പതോ നൂറോ യൂറോ ലഭിക്കും എന്നതായിരുന്നു കുട്ടികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകളെയൊക്കെ അമ്പരപ്പിച്ചുകൊണ്ട് ആദ്യ ദിനംതന്നെ 500 യൂറോയോളം സമാഹരിച്ചു. ഒരു സാധനത്തിനും കുട്ടികള്‍ വിലയിട്ടിരുന്നില്ല. ഇഷ്ടപ്പെട്ടത് എടുത്ത് ഇഷ്ടമുള്ള തുക നല്കുക എന്ന രീതി യായിരുന്നു സ്വീകരിച്ചത്. രണ്ടാം ദിനമായ പ്പോള്‍ കാര്‍ളയുടെ ജ്യേഷ്ഠസഹോദരന്‍ ഹെന്‍റിയും കുട്ടിക ളുടെ മൂവര്‍ സംഘത്തോടൊപ്പം ചേര്‍ന്നു. സാവാധാനം അവര്‍ പലരീതിയില്‍ റോഡിലിറങ്ങി സഹായഭ്യര്‍ത്ഥന നടത്താന്‍ തുടങ്ങി. ഇതോടെ വാഹനങ്ങള്‍ റോഡില്‍ നിറുത്താന്‍ തുടങ്ങിയപ്പോള്‍ ആരോ പൊലീസില്‍ പരാതി നല്കി. കുട്ടികളാകട്ടെ ഇങ്ങനെയൊരു കാര്യം നടത്തുന്നത് നിയമാനുസൃതമായി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുമില്ല. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി .കുട്ടികളില്‍ നിന്ന് കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ പൊലീസ് അവര്‍ക്കു നേരെ നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല അവരുടെ സംഭാവനകൂടി കൊടുത്ത് കുട്ടികളെ അഭിനന്ദിച്ചതിനു ശേഷമാണ് മടങ്ങിയത്. അങ്ങനെ കുട്ടികൂട്ടം രണ്ട് ദിവസം കൊണ്ട് വെന്‍റിലേറ്റര്‍ വാങ്ങുന്നതിനായി സമാഹരിച്ചത് 1400 യൂറോ ആയിരുന്നു. ജര്‍മ്മന്‍ പത്രങ്ങളില്‍ ഇത് വാര്‍ത്തയുമായി. ഏകദേശം ഒരു ലക്ഷത്തി ഇരുപത്തി മൂവായിരത്തോളം രൂപ. ആദ്യകുര്‍ബാന സ്വീകര ണത്തിന് ഈശോയ്ക്ക് നല്കുന്ന സമ്മാനമായി അവര്‍ അത് വികാരി ഫാ.ആന്‍റണി കല്ലറക്കലിന് കൈമാ റുകയും ചെയ്തു.

വിധവയുടെ ചില്ലിക്കാശുപോലെ
ഇടവക ജനങ്ങളും മുന്‍ ഇടവകയിലെ സുമനസുകളും പ്രൊട്ടസ്റ്റന്‍റ് സഭാംഗങ്ങളും ഒട്ടനവധിപേര്‍ ഇതിനോട് പ്രതികരിച്ച് സഹകാരികളായി. ഇതിനുപുറമേ വിധവയുടെ ചില്ലിക്കാശുകണക്കേയുള്ള സഹായങ്ങളും ഒഴുകിയെത്തി. ഏഴുവയസുള്ള ഒരു കുട്ടി രണ്ട് യൂറോ നല്‍കി. 7000 യൂറോയുടെ മഹത്ത്വമാണ് ആന്‍റണിയച്ചന്‍ അതില്‍ കണ്ടത്. 80 വയസിനടുത്ത് പ്രായമുള്ള അവിവാഹിതകളായ, ധനികരല്ലാത്ത രണ്ട് സഹോദരിമാര്‍ തങ്ങള്‍ക്കിനി ശേഷിക്കുന്നകാലം മുന്നോട്ടുപോകാന്‍ അധികം പണം വേണ്ട എന്ന് പറഞ്ഞ് ജീവിക്കാനുള്ള വകയില്‍ നിന്ന് ഒരു വെന്‍റിലേറ്ററിനുള്ള തുക ആന്‍റണിയച്ചനെ ഏല്‍ പ്പിച്ചു. അതുപോലെ കരകൗശല വസ്തുക്കളും മറ്റും ഉണ്ടാക്കി വിറ്റ് കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന ഇടവകയിലെ പ്രായമേറിയ ഇരുപതുപേരടടങ്ങുന്ന സ്ത്രീകളുടെ സംഘം ഇക്കാര്യത്തിനായി പതിനായിരം യൂറോ സംഭാവനയായി നല്കി.

ശ്വാസമടക്കി ശ്വസനോപകരണ സഹായം
രണ്ട് വെന്‍റിലേറ്ററുകള്‍ വാങ്ങുവാനുള്ള പണം സ്വരൂപിക്കാനായിരുന്നു ആന്‍റണിയച്ചന്‍റെ ഉദ്യമമെങ്കി ലും ഓക്സിജന്‍ പ്ലാന്‍റുകൂടി വാങ്ങി നല്‍കാന്‍ കഴിയുന്ന വിധത്തില്‍ ലിങ്കണിലെ ജനം ഔദാര്യപൂര്‍വം സഹകരിച്ചു. ഭാരതത്തില്‍ കോവിഡ് കാലത്ത് ഓക്സിജന് ക്ഷാമമുണ്ടായതിനാല്‍ കൂടുതല്‍ ആശുപത്രികള്‍ ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയതു കൊണ്ട് ഓര്‍ഡര്‍ നല്‍കിയാല്‍ 18 മുതല്‍ 22 ആഴ്ചകളാണ് കമ്പനി അതിനുള്ള സമയ പരിധി ആവശ്യപ്പെട്ടത്. അതുകൊണ്ട് ഫാ. ആന്‍റണി കല്ലറക്കല്‍ താന്‍ മുന്‍പ് ചാപ്ളിനായി സേവനം ചെയ്തിരുന്ന ലിങ്കണിലെ സെന്‍റ് ബോനിഫസ് ആശുപത്രിയുമായി ആലോചിച്ച് എത്രയും പെട്ടെന്ന് ഒരു ഓക്സിജന്‍ പ്ലാന്‍റ് ജര്‍മനിയില്‍ നിന്ന് ഡോണ്‍ ബോസ്കോയിലെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ചില പ്രായോഗിക പ്രശ്നങ്ങളാല്‍ അത് ഉപേക്ഷിക്കേണ്ടിവന്നു.

നോബിയച്ചന്‍റെ കാരുണ്യസ്പര്‍ശം
ഫാ.ആന്‍റണി കല്ലറക്കല്‍ തന്‍റെ ഇടവകയില്‍ നടത്തുന്ന സംരംഭത്തെക്കുറിച്ച് സൗഹൃദ സംഭാഷണത്തിനിടയില്‍ കോട്ടപ്പുറം രൂപതാംഗം തന്നെയായ ഓസ്ട്രിയയിലെ ഫെല്‍ഡ്കിര്‍ഹ് രൂപതയില്‍ സേവനമനുഷ്ഠിക്കുന്ന ഫാ. നോബി അച്ചാരുപറമ്പിലുമായി പങ്കുവയ്ക്കുകയുണ്ടായി. ഇത് മനസിലാക്കിയ അദ്ദേ ഹം തന്‍റെ ഇടവക പാരിഷ് സെക്രട്ടറിയുടെ ശ്രദ്ധയില്‍ ഇക്കാര്യം സൂചിപ്പിച്ചു. വളരെ അനുഭാവ പൂര്‍ണ്ണ മായ പ്രതികരണമായിരുന്നു അദ്ദേഹത്തില്‍നിന്ന് ഉണ്ടായത്. അങ്ങനെയാണ് നോബിയച്ചന്‍ വികാരിയായിരിക്കുന്ന ഓസ്ട്രിയ ഫെല്‍ഡ്കിര്‍ഹ് രൂപതയിലെ മൈനിങ്കന്‍ സെന്‍റ് ആഗത്ത, ബ്രേഡറീസ് സെന്‍റ് എവു സേബിയൂസ് പള്ളികളില്‍ ഞായറാഴ്ച ദിവ്യബലിക്കിടക്ക് കേരളത്തിലെ കോവിഡ് സ്ഥിതിയെ ക്കുറിച്ചും ഡോണ്‍ ബോസ്കോ ആശുപതിയെക്കുറിച്ചും വെന്‍റിലേറ്റര്‍ ചലഞ്ചിനെ സംബന്ധിച്ചും പ്രതിപാദിക്കുന്നത്. വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് രണ്ട് ഇടവകകളിലെയും ജനങ്ങളില്‍ നിന്നു അച്ചന് ലഭിച്ചത്.
ഫാ.ആന്‍റണി കല്ലറക്കലും ഫാ. നോബി അച്ചാരുപറമ്പിലും കോട്ടപ്പുറം രൂപതാംഗങ്ങളാണെങ്കിലും അവര്‍ ഇപ്പോള്‍ നല്ല സമരിയാക്കാരന്‍റെ റോളിലാണ് മാതൃരൂപതയെ സഹായിച്ചത്. അവസരോചിതമായി ഈ രണ്ടുവൈദികരും ഇടപെട്ടതുമൂലം കോവിഡ് രണ്ടാം തരംഗത്തിനിടയില്‍ പറവൂര്‍ ഡോണ്‍ ബോസ്കോ ആശുപത്രിക്ക് ലഭിച്ച അനുഗ്രഹത്തിലൂടെ അനേകരുടെ ജീവശ്വാസത്തിന് താങ്ങും തണലുമാകാന്‍ സാധിച്ചു എന്നതിനപ്പുറം കടല്‍കടന്നെത്തിയ കനിവുസമ്മാനിച്ച വെന്‍റിലേറ്ററുകള്‍ കുറച്ചു മനുഷ്യര്‍ക്ക് തിരികെ നല്‍കിയത് അണഞ്ഞെന്നുകരുതിയ ജീവിതംതന്നെയായിരുന്നു.

ഫാ. നോബി അച്ചാരുപറമ്പില്‍

കരുണയും കാരുണ്യവും പ്രസംഗിക്കാനുള്ളതുമാത്രമല്ല, അത് നിത്യജീവിതത്തിന്‍റെ ഭാഗവും ഭാവവുമാകണം. അപരജീവിതങ്ങളിലേക്ക് അത് സന്നിവേശിപ്പിക്കാനുള്ളതാണെന്ന തിരിച്ചറിവാണ് റോക്കിറോബിയെന്ന യുവവൈദികന്‍റെ പൗരോഹിത്യജീവിതം സാക്ഷ്യപ്പെടുത്തുന്നത്. കോട്ടപ്പുറം രൂപത വക്താവുകൂടെയായ റോബിനച്ചന്‍റെ ദീര്‍ഘവീക്ഷണവും നയചാതുര്യത്തോടെയുള്ള അറിഞ്ഞിടപെടാനുള്ള സവിശേഷമായ കഴിവും ഏതൊരു കര്‍മമേഖലയെയും ശോഭിതമാക്കിയിട്ടുണ്ട്. ഡോണ്‍ബോസ്കോ ആശുപത്രിയെയും ഒരു പരിസ്ഥിതി സൗഹൃദ ആതുരാലയമാക്കി, പാവങ്ങളുടെ അഭയ ആശ്വാസകേന്ദ്രമാക്കി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ജര്‍മ്മന്‍ പത്രത്തില്‍ വന്നവാര്‍ത്ത

Leave a Reply

Your email address will not be published. Required fields are marked *