ടിപിആര്‍ അടിസ്ഥാനമായുള്ള 89 ദിവസത്തെ നിയന്ത്രണങ്ങള്‍ മാറുന്നതോടെ ജനജീവിതം ഭാഗികമായി സാധാരണനിലയിലേക്ക്. ഡബ്ല്യൂപിആർ എന്ന പുതിയ നിയന്ത്രണരീതിയാണ് പരീക്ഷിക്കപ്പെടുന്നത്. അതേസമയം രോഗവ്യാപനം കൂടാതെ ഉത്സവ സീസണ്‍ കടക്കുക വലിയ വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

ലോക്ക്ഡൗണ്‍ ആരംഭിച്ച മേയ് എട്ടാം തീയതി 41,971 കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്, ടിപിആര്‍ 28. 25 ഉും. ടിപിആര്‍ അടിസ്ഥാനത്തില്‍ തദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചുള്ള നിയന്ത്രണ രീതിയും നിലവില്‍വന്നു. എന്നാല്‍ പിന്നീടുള്ള ആഴ്ചകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കണക്കാക്കി തദേശസ്ഥാപനങ്ങളെ പൂര്‍ണമായോ ഭാഗികമായോ അടച്ചിടുന്ന രീതി അശാസ്ത്രീയമാണെന്ന അഭിപ്രായം ശക്തമായി ഉയര്‍ന്നു. 89 ദിവസത്തെ നിയന്ത്രണങ്ങൾ പൂര്‍ത്തിയാക്കിയപ്പോഴും 323 തദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ 15 മുകളിലാണ്. 649 ഇടത്തേ അഞ്ചിനും 15 നും ഇടയിലാണ് ടിപിആര്‍.

തൊഴില്‍മേഖല ഉള്‍പ്പെടെ ദൈനംദിന ജീവിതം മുന്നോട്ട് പോകില്ലെന്ന അവസ്ഥ വന്നതോടെയാണ് Weekly Infection Population Ratio എന്ന പുതിയ രീതി കൊണ്ടുവരുന്നത്. ഇളവുകളുള്ളയിടങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കി സാധാരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണമെന്നാണ് വിദഗ്ധ അഭിപ്രായം.

ഓണം സീസണിൽ വലിയ രോഗവ്യാപനം ഒഴിവാക്കി മുന്നോട്ടുപോകുക, മൂന്നാം തരംഗം കഴിവതും വൈകിക്കുക, അതിന്റെ രൂക്ഷത കുറക്കുക, വാക്സിനേഷന്‍നിരക്ക് കൂട്ടുക എന്നിവയാണ് കേരളത്തിന് മുന്നിലെ വെല്ലുവിളികള്‍.

Leave a Reply

Your email address will not be published. Required fields are marked *