ഒഴിവാക്കപ്പെട്ട കോവിഡ് മരണങ്ങളുടെ മുഴുവൻ ലിസ്റ്റും പ്രസിദ്ധീകരിക്കാതെ സർക്കാർ ഒളിച്ചുകളി തുടരുന്നു. ഔദ്യോഗികമായി പ്രസിദ്ധീകരിച്ച മരണ വിവരങ്ങൾ മാത്രമാണ് ഇന്നലെ ആരംഭിച്ച ഡെത്ത് ഇൻഫർമേഷൻ പോർട്ടലിലുള്ളത്. ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്ത പതിമൂവായിരത്തിലേറെ മരണങ്ങളാണ് മറച്ചുവച്ചിട്ടുള്ളത്.
അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചത് 2020 ഓഗസ്റ്റ് മൂന്നിന് .മെഡിക്കൽ കോളജിലേയ്ക്ക് മാറ്റിയ ഇദ്ദേഹം രാത്രിയോടെ മരിച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാതെ ശാന്തികവാടത്തിൽ സംസ്കരിച്ചു. സർക്കാർ തുടങ്ങിയ ഡെത്ത് ഇൻഫർമേഷൻ പോർട്ടലിൽ ബന്ധുക്കൾ പരതിയെങ്കിലും പോൾ ജോസഫിൻ്റെ പേര് എവിടെയുമില്ല.
ഔദ്യോഗിക അറിയിപ്പ് ഒന്നുമില്ലെങ്കിലും ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതുകൊണ്ടാകാം കോവിഡ് മരണക്കണക്കിൽ ഉൾപ്പെടുത്താതിരുന്നതെന്ന് കുടുംബം കരുതുന്നു. സർക്കാർ തന്നിഷ്ടപ്രകാരം ഉണ്ടാക്കിയ മാനദണ്ഡമനുസരിച്ച് മരണക്കണക്കുകൾ ഒളിപ്പിച്ചത് വൻ വിവാദമായിരുന്നു. മനോരമ ന്യൂസ് മറവിലെ മരണക്കണക്ക്, പരമ്പരയിലൂടെ ഒഴിവാക്കപ്പെട്ട ആയിരങ്ങളുടെ പ്രതിനിധികൾ ദുരനുഭവം പങ്കിട്ടു.
പിന്നാലെ യഥാർഥ കണക്കുകൾ പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഒരു നടപടിയുമെടുത്തില്ല. ഇപ്പോള്‍ ഔദ്യോഗിക മരണസംഖ്യ17328. ഒഴിവാക്കിയവരുടെ പട്ടിക തയാറാക്കിയതില്‍ പതിമൂവായിരത്തിലേറെ പേരുടെ കണക്കുകള്‍ കൂടി ഉണ്ടെന്നാണ് വിവരം. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കാനുളള മാനദണ്ഡം തയാറാക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഒരാഴ്ച കൂടിയാണ് സമയമുളളത്. മാനദണ്ഡം പുതുക്കി പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര നിർദേശം വരുമെന്നും അതിന്റെ മറവില്‍ ഒളിപ്പിച്ച കണക്കുകള്‍ പ്രസിദ്ധീകരിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.