പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ 6 മാസത്തിനിടയിലെ റെക്കോർഡ് വർധന കഴിഞ്ഞ ദിവസം യു എസിൽ രേഖപ്പെടുത്തി. ലോകത്തിന്റെ പല ഭാഗങ്ങളിലും കേസുകളിൽ നേരിയ വർധനയുണ്ടെങ്കിലും വാക്സീൻ ഉപയോഗം ഫലം കാണുന്നുവെന്നാണു സൂചന. രോഗതീവ്രതയും മരണനിരക്കും കാര്യമായി കുറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് ഇപ്പോഴത്തെ വർധനയ്ക്കു കാരണമായി പറയുന്നത്.

വിവിധ രാജ്യങ്ങളിലെ കോവിഡ് കേസുകളും വാക്സിനേഷന്റെ പുരോഗതിയും:

യുഎസ്

24 മണിക്കൂറിനുള്ളിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 1.20 ലക്ഷം കേസുകൾ. ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന വർധന. പ്രതിദിന മരണം 559. ചികിത്സയിൽ കഴിയുന്നത് 58 ലക്ഷം പേർ. വാക്സീൻ പൂർണമായി എടുത്തത് 49.5% പേർ. 57% പേർക്ക് ഒരു ഡോസ് വാക്സീനെങ്കിലും ലഭിച്ചു.

ബ്രസീൽ

സ്ഥിതി കേരളത്തിന്റേതിനു സമാനം. രണ്ടാം തരംഗം തുടരുന്നു. കഴിഞ്ഞ ദിവസത്തെ പ്രതിദിന കേസ് 40,054. മരണം 1086. ജൂലൈ പകുതിയോടെ പ്രതിദിന കേസ് ഒരു ലക്ഷം കവിഞ്ഞിരുന്നു. നിലവിൽ ചികിത്സയിലുള്ളത് 6.65 ലക്ഷം പേർ. 2 ഡോസ് വാക്സീനുമെടുത്തത് ആകെ ജനസംഖ്യയുടെ 20% പേർ മാത്രം. ഒരു ഡോസെങ്കിലും കിട്ടിയ 50.8% പേരുണ്ട്.

ഇറ്റലി, ജർമനി

കേസുകൾ വൻതോതിൽ കുറഞ്ഞു. ആകെ ജനസംഖ്യയുടെ 60 ശതമാനത്തിൽ കൂടുതൽ ആളുകൾക്കു വാക്സീന്റെ ഒരു ഡോസെങ്കിലും കിട്ടി.

യുകെ

12.67 ലക്ഷം േപർ ചികിത്സയിലുള്ളത് ആശങ്ക. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 30,215 കേസുകൾ. ജൂലൈക്കു ശേഷം പ്രതിദിനം ശരാശരി 30,000 കേസുകൾ, 86 മരണം. ആകെ ജനസംഖ്യയുടെ 69% പേർക്കാണ് ഒരു ഡോസ് വാക്സീനെങ്കിലും കിട്ടിയത്. 57% പേർക്ക് 2 ഡോസും കിട്ടി.

റഷ്യ

ജൂലൈ മുതൽ തുടർച്ചയായി ഇരുപതിനായിരത്തിലേറെ പ്രതിദിന കേസ്. പ്രതിദിന മരണം 700ൽ ഏറെ. 5.17 ലക്ഷം പേർ ചികിത്സയിൽ. ജനസംഖ്യയുടെ 26% പേർക്ക് ഒരു ഡോസും 18% പേർക്ക് 2 ഡോസ് വാക്സീനും കിട്ടി. വാക്സീനോടു വൈമുഖ്യം കൂടുതലെന്ന് റിപ്പോർട്ടുകൾ.

സ്പെയിൻ

ജൂലൈ പകുതിയോടെ കേസുകൾ വർധിച്ചു. പ്രതിദിനം ഇരുപതിനായിരത്തിലേറെ കേസുകൾ. മരണനിരക്കിൽ ആശ്വാസം. ചികിത്സയിലുള്ളത് 7.10 ലക്ഷം പേർ. 2 ഡോസ് വാക്സീനുമെടുത്തത് 60% പേർ. ഒരു ഡോസെങ്കിലും കിട്ടിയത് 70% പേർക്ക്.

ചൈന

പുതിയ കോവിഡ് കേസുകൾ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് ഔദ്യോഗിക ഭാഷ്യം. കണക്കു മറച്ചുവയ്ക്കുന്നെന്ന് ആരോപണം. ആകെ ജനസംഖ്യയുടെ 43.2% പേർക്ക് പൂ ർണഡോസ് വാക്സീൻ ലഭിച്ചു. 15.5% പേർക്കു 2 ഡോസും കിട്ടി.

ഇന്ത്യ

മാർച്ച് പകുതിയോടെ ശക്തിപ്പെട്ട രണ്ടാം കോവിഡ് തരംഗം കുറഞ്ഞെങ്കിലും കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ ഇപ്പോഴും കാര്യമായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച മാത്രം 45,001 കേസുകളും 464 മരണവും. ചികിത്സയിലുള്ളത് 4.21 ലക്ഷം േപർ. ആകെ ജനസംഖ്യയുടെ 8% പേർക്കു മാത്രമാണ് വാക്സീന്റെ 2 ഡോസും കിട്ടിയത്. ഒറ്റ ഡോസെങ്കിലും കിട്ടിയവർ 27%.

ഇസ്രയേൽ

ലോകരാജ്യങ്ങളിൽ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ വാക്സീൻ കുത്തിവയ്പു നൽകിയ ഇസ്രയേലിൽ കേസുകൾ കാര്യമായി കുറഞ്ഞു. ഫെബ്രുവരിക്കു ശേഷം ഗണ്യമായ കുറവ്. ജൂലൈ പകുതിയോടെ വീണ്ടും വർധന രേഖപ്പെടുത്തിയെങ്കിലും പ്രതിദിനം അയ്യായിരത്തിനു മുകളിലേക്കു പോയിട്ടില്ല. മരണം പ്രതിദിനം പത്തിൽ താഴെ മാത്രം. ആകെ ജനസംഖ്യയുടെ 62% പേർക്കു 2 ഡോസ് വാക്സീൻ നൽകി.

English Summary: Covid delta variant surge in US

Leave a Reply

Your email address will not be published. Required fields are marked *