ജനീവ ∙ ലോകത്തിന്റെ പലഭാഗങ്ങളിലും അപ്രതീക്ഷിതവും അസാധാരണവുമായ തോതിൽ കാട്ടുതീയും പ്രളയ ദുരന്തങ്ങളും വർധിക്കുന്നതിനിടെ, ആഗോളതാപനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും ആശങ്കയുണ്ടാക്കുന്ന നാൾവഴി നിരത്തി ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടു.

ആഗോളതാപന വർധന 1.5 ഡിഗ്രി സെൽഷ്യസിനു താഴെയാക്കി നിലനിർത്തുകയെന്ന സ്വപ്നലക്ഷ്യം 2040 ആകുമ്പോഴേക്കും കൈവിട്ടുപോകുമെന്നാണു മുന്നറിയിപ്പ്. 2100 ആകുമ്പോഴേക്കും താപന വർ‌ധന 2 ഡിഗ്രിക്കു മീതെയാകും. ആഗോളതാപനം കൂട്ടുന്ന കാർബൺ ബഹിർഗമനം കർശനമായി കുറച്ചില്ലെങ്കിലുള്ള ആപത്താണിത്. മറ്റു സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനനിരക്ക് കൂടുതലാണെന്നും ഉഷ്ണവാതങ്ങളും പ്രളയങ്ങളും ഇന്ത്യയിൽ ഇനിയും വർധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകൂട്ടൽ തെറ്റിച്ച്, താപന നിരക്കിന്റെ 1.5 ഡിഗ്രി സെൽഷ്യസ് പരിധി 2030 കളിൽത്തന്നെ ലംഘിക്കപ്പെടുമെന്നാണ് ഐപിസിസി പറയുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൂട് വർധിച്ചതാണു കാരണം. രൂക്ഷമായ കാലാവസ്ഥ പ്രതിസന്ധിയുണ്ടായാൽ മനുഷ്യർക്ക് ഓടി രക്ഷപ്പെടാനോ ഒളിക്കാനോ വേറെ ഇടമില്ലെന്നും റിപ്പോർട്ട് തയാറാക്കിയ 234 ശാസ്ത്രജ്ഞരുടെ സംഘം ഓർമിപ്പിക്കുന്നു. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചു മുന്നറിയിപ്പു തരുന്ന മണിനാദങ്ങളെല്ലാം കാതടിപ്പിക്കുന്ന ഉച്ചത്തിലാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഇന്ത്യയ്ക്ക് ഭീഷണിയായി കടൽകയറ്റം

ഇന്ത്യയിൽ ഓരോ 10 വർഷം കൂടുമ്പോഴും 17 മീറ്റർ വീതം കടൽ കരയിലേക്കു കയറാൻ സാധ്യതയെന്നു റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. കാർബൺ നിർഗമനം കുറച്ചില്ലെങ്കിൽ 2100 ആകുമ്പോൾ സമുദ്രജലനിരപ്പ് 40 സെമീ മുതൽ ഒരുമീറ്റർ വരെ ഉയരാം. മഞ്ഞുരുകലിന്റെ തീവ്രതയെപ്പറ്റി ധാരണയില്ലാത്തതിനാൽ ഇത് 2 മീറ്റർ വരെയാകാനും സാധ്യതയുണ്ട്.

Content Highlight: Global warming

Leave a Reply

Your email address will not be published. Required fields are marked *