നൈസർഗ്ഗികമായ വികാരങ്ങളുടെ ശക്തമായ കരകവിഞ്ഞൊഴുകലാണ് കവിത എന്ന് വേർഡ്സ് വർത്ത് പറഞ്ഞിരിക്കുന്നു. ഋഷിയല്ലാത്തവൻ കവിയല്ല എന്നും ഋഷിയല്ലാത്തവനെഴുതുന്ന കവിത കൈയിൽനിന്ന് താഴെ വീണുsയാം എന്നും പണ്ഡിതമതം.
ഈ ലോകത്തെയും അതിലെ അനന്തകോടി ചരാചരാങ്ങളെയും അവയുടെ ജീവിതാനുഭവങ്ങളെയും വൈചിത്ര്യഭാസുരമായ അന്തർദൃഷ്ടികൊണ്ട് കാണാൻ കഴിയുന്നതെല്ലാം സ്വകീയമാക്കി കവിതയിലേക്ക് ആവാഹിച്ചെടുക്കാം.
സ്വപ്നാവസ്ഥയിൽ ഉള്ളിന്റെയുള്ളിൽനിന്ന് ഒഴുകിയെത്തുന്നതാണ് കവിത. ഒരു സവിശേഷമാനസികതലത്തിൽ തേനൂറന്നതുപോലെ ഊറിവരുന്ന കവിതയെ മുത്തുകളാക്കി പെറുക്കി, കോർത്തെടുക്കാം. കവിതയ്ക്ക് നിർവചനം തേടിപ്പോയാൽ എങ്ങുമെത്തില്ല കാരണം കവിത നിർവചനാതീതമാണ്. പൂർണ്ണമായും ബോധപൂർവ്വമായ ഒരു പ്രക്രിയയല്ല കവിതാരചന. അതുകൊണ്ടായിരിക്കാം കവിത നിർവചനാതീതമെന്നു പറയപ്പെടുന്നത്. ബോധാബോധതലങ്ങൾ ഒരുമിക്കുന്ന അതിസൂക്ഷ്മവും ഏകാഗ്രവുമായ ഒരു സ്വപ്നാവസ്ഥയിൽ കവിത സൃഷ്ടിക്കപ്പെടുന്നു.
ഊർജ്ജപ്രവാഹമായി പടർന്നുകയറുന്ന വികാരങ്ങളുടെ വിസ്ഫോടനം ഒരു സവിശേഷമാനസികാവസ്ഥയിലിട്ട് ലാളിച്ചുലാളിച്ച് വളർത്തിയെടുത്ത് അനുഭവങ്ങളാക്കി ഭൂതകാലസ്മരണകളോടുചേർത്ത് മനസ്സിന്റെ അകത്തളങ്ങളിൽ വേലിയേറ്റം സൃഷ്ടിക്കുമ്പോൾ പ്രതിഭയും അർത്ഥസമ്പുഷ്ടമായ വാക്കുകളും അലങ്കാരപദങ്ങളും ഒത്തുചേർന്ന് കവിത സൃഷ്ടിക്കപ്പെടുന്നു.
ഉള്ളിന്റെയുള്ളിലേക്ക് വാക്കുകളാകുന്നതാക്കോൽപ്പഴുതിലൂടെ ഒളിഞ്ഞുനോക്കി സമാധിയവസ്ഥയിലിരിക്കുന്ന കവിതയെ പുറത്തെടുത്ത് ചിറകുകൾ നല്കി ശലഭങ്ങളാക്കാം എന്ന് പ്രതിഭാശാലികൾ സാക്ഷ്യപ്പെടുത്തുന്നു.
സമൂഹത്തെ നന്മയിലേക്കു് നയിക്കാൻ കവിത വഴികാട്ടിയാവണം. സൗന്ദര്യാലങ്കാരങ്ങൾ കവിതയിൽ നിറഞ്ഞുതുളുമ്പണം. ശരീരാവയവങ്ങളെപ്പറ്റിയുള്ള ത്രസിക്കുന്ന വർണ്ണനയും കാമകേളികളും കവിതയിൽ കടന്നുവരാൻ അനുവദിക്കരുത് എന്നാണ് എൻ്റെ പക്ഷം. നമ്മുടെ മക്കളും കൊച്ചുമക്കളും മാതാപിതാക്കളും സഹോദരങ്ങളുംകൂടെ നാമെഴുതുന്ന കവിതകൾ വായിക്കേണ്ടതാണ് എന്ന ഉറച്ച ബോധത്തോടുകൂടെ സന്മാർഗ്ഗോദ്ദീപങ്ങളായ കവിതകൾ എഴുതണം.
അധികാരവർഗ്ഗത്തിന്റെ കിരാതനയങ്ങളെ കവിതയിലൂടെ എതിർക്കണം. തിന്മകളോടുപോലും വിധേയത്വം പുലർത്തിയിരുന്ന അധ:സ്ഥിതവർഗ്ഗത്തിന് മോചനം സാധ്യമാവണം. സമൂഹത്തിലെ തിന്മകളെ തച്ചുടയ്ക്കാൻ കവിതയ്ക്ക് കഴിയണം. കവിയുടെ നിരീക്ഷണങ്ങൾ സീമകളെ ഭേദിച്ച് ലോകോന്നതികളിലേക്ക് ചിറകു വിരിച്ച് പറന്നുയർന്ന് ആശയാവിഷ്ക്കാരം സാദ്ധ്യമാക്കുമ്പോൾ ഉള്ളിന്റെയുള്ളിൽനിന്ന് മഴപോലെ കവിത പൊട്ടിയൊഴുകും. അതിൽ ചിരിയും ചിന്തയും കണ്ണീരും കർത്തവ്യബോധങ്ങളും അവകാശങ്ങളും പൗരബോധവും സന്നിവേശിപ്പിക്കുമ്പോൾ നല്ല കവിതകൾ പൊട്ടിമുളച്ചുവരും.
കവിതകൾ കൈരളിക്കും,
ഭൂമിക്കുതന്നെ ഒരാവശ്യവും ഒരലങ്കാരവുമാണ്. ആശയങ്ങളുടെ പ്രതിഫലനമാണ് കവിത. നഷ്ടസ്വപ്നങ്ങളെ മടക്കിക്കൊണ്ടുവരാനും നന്മയുടെ വർഷങ്ങളെ പെയ്തിറക്കാനും കവിതയ്ക്കു കഴിയണം. കവിത എഴുത്തുകാരന്റെ ഒരു ഐഡന്റിറ്റിയാണ്. കവിത ഒരു കണ്ണാടിപോലെ സുതാര്യമാവണം. എഴുത്തുകാരൻ ഒരു കണ്ണാടിയിലെന്നവണ്ണം ലോകത്തെ നോക്കിക്കാണുന്നു. അതിന്റെ പ്രതിഫലനമാണ് കവിത. അതിന്റെ പ്രസരണശേഷി സീമാതീതമാണ്.
സ്വത്വബോധത്തെ തുറന്നുകാട്ടാൻ ഐഡൻറിറ്റിയുള്ള കവിതയ്ക്ക് കഴിയണം. ആശയച്ചരടിൽ ജീവിതാനുഭവങ്ങളെ, ഭൂതകാലസ്മരണകളെ കോർത്തിണക്കി അശാന്തിതീരങ്ങളിൽ വിഹരിക്കുന്ന മനുഷ്യാത്മാക്കൾക്ക് ഉന്മേഷം പകർന്നുനല്കുന്ന ആത്മഹർഷങ്ങളുടെ വേലിയേറ്റവും ആത്മനൊമ്പരങ്ങളുടെ വേലിയിറക്കവും സൃഷ്ടിക്കാൻ ഉത്തമകവിതയ്ക്കു കഴിയണം.
അധികാരവർഗ്ഗത്തിന്റെ സ്വാർത്ഥതയ്ക്കെതിരെയുള്ള പോരാട്ടമാണ് എനിക്ക് കവിത. സമൂഹത്തിലെ തിന്മകളോട് പ്രതിഷേധിക്കാനും കലഹിക്കാനും ഞാൻ കവിതയെ ആയുധമാക്കുന്നു.
കവിതയ്ക്ക് താളവും സംഗീതവും വേണം. കവിത വെറും മസ്തിഷ്കത്തിന്റെ വെറുമൊരുത്പന്നമല്ല. ഭാവനകൾക്കപ്പുറം, സ്വപ്നങ്ങൾക്കപ്പുറം നേരിന്റെ ഉൾക്കാഴ്ച നൽകുന്നതാവണം കവിത. കവി തന്റെ കവിതയ്ക്ക് കല്പിച്ചിരിക്കുന്ന അർത്ഥധ്വനികളായിരിക്കില്ല സഹൃദയൻ അവരുടേതായ അർത്ഥവ്യാഖ്യാനങ്ങൾ കൊടുക്കുമ്പോൾ ലഭ്യമാവുക. വായനക്കാർ പലവിധ അർത്ഥവ്യാഖ്യാനങ്ങൾ നല്കുമ്പോൾ കവിത ഉദാത്തമാകുന്നു. നിർവചനീയമായ മാനങ്ങൾ കവിതയിൽ വന്നുചേരുന്നു. നിശ്ശബ്ദതയും അട്ടഹാസവും കവിതയിൽ ഒളിഞ്ഞിരിക്കുന്നു. സങ്കടം, എതിർപ്പ്, പ്രതികരണം, ഭാവം, ദൃശ്യം, സത്യം ഇവയുടെ സമഗ്രപ്രഭവകേന്ദ്രമാകണം കവിത. കവി സത്യാന്വേഷിയാകണം. കവിത കുയിലുകളുടെ പാട്ടുപോലെചേതോഹരങ്ങളാകണം, ഹൃദയഹാരിയാകണം, അപ്പോഴേ അനുവാചകരുടെ ഉള്ളിലേക്ക് അതിനു കടന്നുകയറാനാകൂ. മനുഷ്യഹൃദയത്തിന്റെ സാന്ത്വനമാകണം കവിത. മാനവികതയെ പ്രകാശിപ്പിക്കുവാനുള്ള മാധ്യമമാകണം കവിത. കവിതയ്ക്ക് നല്ലൊരു ലക്ഷ്യമുണ്ടാവണം, നല്ലൊരു സന്ദേശമുണ്ടാവണം. രസിപ്പിക്കണം, ചിന്തിപ്പിക്കണം, കരയിക്കണം. ആൾക്കൂട്ടത്തിൽ തനിയെ ചരിക്കുന്നവർക്ക് ഒരുത്തമസുഹൃത്തിന്റെ ആശ്ലേഷംപോലെ ആശ്വാസമാവണം കവിത. നേരിന്റെ വെള്ളിവെളിച്ചം കവിതയെ സൂര്യപ്രഭയുള്ളതാക്കണം. നിഴൽവീണ ഇടവഴികളിലൂടെ മണ്ണിന്റെ പശിമയിലൂന്നിനടന്ന് രചനാസങ്കേതങ്ങൾ സ്വായത്തമാക്കി തത്ത്വദീക്ഷയോടെ, സ്വയം വിമോചനം സാദ്ധ്യമാക്കുന്നതാണ് കവിതാരചന. സ്വാതന്ത്ര്യത്തിന്റെ ചിറകടിയൊച്ചകൾ കേൾപ്പിക്കുന്ന വികാരവും ചിന്തയും പകർന്നാടുന്ന തൃഷ്ണയുടെ വർണ്ണഭേദങ്ങളാണ് കവിത.
കവിത എങ്ങനെയായിരിക്കണം കവിതയ്ക്ക് വൃത്തം അനിവാര്യമോ എന്നൊക്കെ ചർച്ച വന്നപ്പോൾ എന്റെ വായനാവീഥിയിൽനിന്നുപകർന്നുകിട്ടിയ വിലപ്പെട്ട മുത്തുകളാണ് ഈ ലേഖനത്തിന്നാധാരം.
(സൂസൻ പാലാത്ര
പാലാത്ര ( H ),
വെളിയം കുന്നത്ത്,
തിരുവഞ്ചൂർ P. 0.
കോട്ടയം 686 Ol 9 ) (ഇത് ഒന്നുരണ്ടു മാസികകളിൽ പ്രസിദ്ധീകരിച്ചതാണ്)