ഒബിസി ബില്‍ ലോക്സഭ പാസാക്കി. ഭരണഘടന ഭേദഗതി പാസാക്കിയത് പ്രതിപക്ഷ പിന്തുണയോടെയാണ്. സഭയിലുണ്ടായിരുന്ന 385 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. പ്രതിപക്ഷ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളി. സംസ്ഥാനങ്ങള്‍ക്ക് ഒ.ബി.സി പട്ടിക തയാറാക്കാന്‍ അനുമതി നല്‍കുന്നതാണ് ബില്‍

പെഗസസ് വിവാദത്തിലെ പ്രതിഷേധവും ഏറ്റുമുട്ടലും തല്‍ക്കാലം നിര്‍ത്തിവച്ച് ഒബിസി ബില്‍ പാസാക്കാന്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ചു. ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ ഒബിസി കമ്മിഷന് കേന്ദ്രസര്‍ക്കാര്‍ ഭരണഘടനപദവി നല്‍കിയ സാഹചര്യത്തിലായിരുന്നു കോടതിയുടെ തീരുമാനം. ഇത് മറികടന്ന് സംസ്ഥാനങ്ങള്‍ക്ക് ഒബിസി പട്ടിക തയ്യാറാക്കാനുള്ള അധികാരം പുനസ്ഥാപിക്കാനാണ് പുതിയ ഭരണഘടനഭേദഗതി.

സഭാസ്തംഭനത്തിന്‍റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും ഫോണ്‍ ചോര്‍ത്തലില്‍ വിവിധ രാജ്യങ്ങള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. കാര്‍ഷിക പ്രശ്നങ്ങളെക്കുറിച്ച് രാജ്യസഭയില്‍ ഹ്രസ്വ ചര്‍ച്ച ആരംഭിച്ചെങ്കിലും പ്രതിപക്ഷം സഹകരിച്ചില്ല. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ നിന്ന് ഫയല്‍ തട്ടിപ്പറിച്ച് ചെയറിന് നേരെ എറിഞ്ഞു.

ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് പാര്‍ലമെന്‍റില്‍ ഹാജരാകാത്ത ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വരം കടുപ്പിച്ചത്. സഭാ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ബില്ലുകള്‍ പാസാക്കുന്നവേളയില്‍ ഹാജരാകാതിരിക്കുകയും ചെയ്ത എംപിമാരുടെ പേരുകള്‍ പ്രധാനമന്ത്രി തേടി. കേരളത്തിലെ വാക്സീന്‍ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *