അടുത്ത ജനുവരി മുതല്‍ യൂറോപ്പില്‍ യാത്ര ചെയ്യുന്ന തങ്ങളുടെ ബ്രിട്ടീഷ് ഉപഭോക്താക്കള്‍ക്ക് റോമിംഗ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ വോഡഫോണ്‍. ഉപഭോക്താക്കള്‍ക്ക് റോമിംഗ് ചാര്‍ജ് ഏര്‍പ്പെടുത്തുന്ന യു കെയിലെ രണ്ടാമത്തെ കമ്പനിയാണ് വോഡഫോണ്‍. നിലവില്‍ EE റോമിംഗ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ജൂണില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.
ജനുവരി മുതല്‍ പുതിയതും പ്ലാനുകള്‍ നവീകരിക്കുകയും ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വോഡഫോണ്‍ മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഒരു ദിവസം കുറഞ്ഞത് ഒരു പൗണ്ട് നല്‍കേണ്ടതായി വരും . സമാനമായ ചാര്‍ജുകളാണ് വോഡഫോണിന്റെ എതിരാളിയായ EE യും ഏര്‍പ്പെടുത്തിയത്. ബ്രക്സിറ്റിന് ശേഷം റോമിംഗ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ല എന്നാണ് ടെലിഫോണ്‍ ഓപ്പറേറ്റേഴ്സ് അറിയിച്ചിരുന്നത്. നിയമങ്ങള്‍ ഓഗസ്റ്റ് 11 മുതല്‍ നിലവില്‍ വരുമെങ്കിലും ജനുവരി വരെ ഉപഭോക്താക്കളില്‍ നിന്ന് റോമിംഗ് ചാര്‍ജുകള്‍ ഈടാക്കുകയില്ലെന്ന് കമ്പനി അറിയിച്ചു.
2017 മുതല്‍ ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്പിലെങ്ങും റോമിംഗ് ചാര്‍ജുകള്‍ ഇല്ലാതെ മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ പറ്റിയിരുന്നു. ബ്രക്സിറ്റിന് ശേഷമാണ് മൊബൈല്‍ കമ്പനികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ റോമിംഗ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്താന്‍ അവസരം ലഭിക്കുന്നത്.
ഇതുകൂടാതെ ബ്രക്സിറ്റിന്റെ ഫലമായി യൂറോപ്യന്‍ യൂണിയനിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ അടുത്ത വര്‍ഷം മുതല്‍ 6 പൗണ്ട് നികുതി നല്‍കേണ്ടിവരും. ഫ്രാന്‍സ്, ഗ്രീസ്, സ്പെയിന്‍ എന്നിവിടങ്ങളില്‍ അവധിക്കാലം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ ഈ ചാര്‍ജ് നല്‍കേണ്ടിവരും. ബ്രിട്ടന്‍ ഉള്‍പ്പെടെ 62 രാജ്യങ്ങളില്‍ നിന്നുള്ള യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്ക് പ്രവേശിക്കാന്‍ പണം ഈടാക്കാനുള്ള പുതിയ യാത്രാ സംവിധാനം അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ബ്രസല്‍സ് തയ്യാറാക്കി.
ബ്രിട്ടീഷ് ഇതര പൗരന്മാര്‍ക്ക് സമാനമായ ഒരു സംവിധാനം യുകെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുണ്ട് – 2024 ഓടെ ഇത് നിലവില്‍ വന്നേക്കും.