നോവലുകൾ എല്ലാ കാലത്തും സാധാരണ ജനങ്ങളുടെ ജീവിത പരിസരങ്ങളും അരികു ചേർക്കപെട്ടവരുടെ അവഗണനയുടെ കഥകളും സാമൂഹിക ഗാർഹിക പരിസരങ്ങളോട് ചേർന്ന് നിന്നോ അതിലെ വ്യവസ്ഥിതിയെ വെല്ലു വിളിച്ചോ ആണ് നിലകൊള്ളുന്നത്.ഓരോ എഴുത്തുകാരനും താൻ കണ്ടു പരിചയിച്ച സംഭവങ്ങളോ സമകാലിക പ്രശ്നങ്ങളോ തന്റെ രചനയ്ക്ക് ഉപകരണങ്ങൾ ആക്കി മാറ്റുന്നു.ഈ ഉപാധികളുടെ അളവുകൾ പലപ്പോഴും സ്വന്തം വിശ്വാസങ്ങളെ,രാഷ്ട്രീയഅഭിരുചിയെ, മൂല്യബോധത്തെ ഒക്കെ ആശ്രയിച്ചു ഏറിയും കുറഞ്ഞും ഇരിക്കും.

ഭൂഖണ്ഡങ്ങളുടെ വരെ അതിരുകളെ വിശാലമാക്കിയ മഹാമാരി കാലത്തു മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ഇ സന്തോഷ് കുമാറിന്റെ നോവൽ ആണ് ജ്ഞാനഭാരം.പുസ്തകത്തിന്റെ കവർ സൂചിപ്പിക്കുന്നത് പോലെ, മനുഷ്യ ജീവിതത്തിന്റെ സ്വച്ഛമായ ഒഴുക്കിനു സഹായമാകേണ്ട ജ്ഞാനസമ്പാദനം എങ്ങനെയാണ് അവന്റെ തന്റെ ജീവിതത്തിനു ഭാരം ആയി മാറുന്നത്‌ ഈ പുസ്തകം നമുക്ക് കാട്ടി തരുന്നു.

ജീവിതത്തിന്റെ ഇഴപിരിഞ്ഞു കിടക്കുന്ന ബന്ധങ്ങൾ, ആസക്തികൾ, മനുഷ്യന്റെ ഏകാന്തതയും മൗനവും , അവന്റെ ആശയവിനിമയവും , പരിവർത്തനങ്ങളും ചുറ്റുപാടിനോടുള്ള കൃതജ്ഞതയുമൊക്കെ പ്രതിപാദ്യവിഷയമാകുന്ന റെയ്മണ്ട് കാർവറിന്റെ തൂവലുകൾ എന്ന കഥയിലെ ചില വരികളോടെ ആണ് നാം നോവലിന്റെ വാതിൽ തുറക്കുന്നത്.

ഹേഗ് നഗരത്തിൽ നടന്ന കൈലാസ് പാട്ടീലിന്റെ മരണത്തിൽ നിന്നും തുടങ്ങി അവസാനപുറത്തിൽ ഒരു വെളിച്ചാന്വേഷണത്തിൽ എത്തിനിൽക്കുന്ന വായന.ആരുമില്ലാതെയായി തീരാനും ആരുമല്ലാതെയാകാനും ഒരുപോലെ സാധിക്കുന്ന ബോംബെ എന്ന മഹാനഗരത്തിൽ വച്ച് നാം പരിച്ചയപെടുന്ന കൈലാസ് പാട്ടീലിന്റെ ജീവിതത്തെ നമ്മളും അനുധാവനം ചെയ്തു തുടങ്ങുന്നു.ഓരോ മനുഷ്യനും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത് ചില പ്രത്യേകതകൾ കൊണ്ടാണ്. അത് കായികശേഷിയോ അറിവോ ജ്ഞാനമോ സൗന്ദര്യമോ ആകാം.പന്ത്രണ്ടു വാള്യങ്ങളുള്ള വിജ്ഞാനകോശം വായിച്ചു തീർക്കുക എന്ന ലക്ഷ്യമാണ് കൈലാസ് പാട്ടീലിന്റെ യൂണിക്‌ സെല്ലിങ് പോയിന്റ്.മറച്ചു വച്ച ദുഖവുമായി ജീവിക്കുന്ന മനുഷ്യർ സ്വന്തം ജീവിതത്തോടുള്ള ഖേദപ്രകടനമെന്ന പോലെ ഉറക്കെ പൊട്ടിച്ചിരിക്കുന്ന വീഥികളിലൂടെ കൈലാസ് പാട്ടീൽ കഥാകാരനൊപ്പം നടക്കുന്നു.കൈലാസ് പാട്ടീലിന്റെ ജീവിതവുമായി ചേർത്ത് അച്ഛനായ കമലേഷ് , മകൻ വിഘ്നേഷ് , ഭാര്യ മാധവി, ഭുവൻ ദേശായി , മകൻ നരേഷ് , മകൾ ജഗദ, ദത്താത്രേയ ചാറ്റർജി,ഖുർഷിദ് , എറിക്ക ഗോമസ് , അരുണാചലം ഇവരെയെല്ലാം വായിക്കേണ്ടിവരും.

ഈ പുസ്തകത്തിന് പല വായനകൾ ഉണ്ടാകാം.അറിവ് സമ്പാദനം കൊണ്ട് എന്താണ് നേട്ടം,ജീവിത വിജയമോ പരാജയമോ ഈ അറിവിന്റെ കുറവോ കൂടുതലോ കൊണ്ട് മാറ്റി മറിക്കപ്പെടുന്നില്ല എന്ന് മിടുക്കനും റാങ്കു ജേതാവുമായ നരേഷ് ദേശായിയുടെ ജീവിതത്തിലൂടെ വെളിവാക്കപ്പെടുന്നു. അതെ സമയം ബഹുരാഷ്ട്ര കമ്പനിയിലെ ഉന്നത ദ്യോഗം വലിച്ചെറിഞ്ഞു കൽക്കട്ടയിലെ പുസ്തകത്തെരുവിൽ ആർക്കും കിട്ടാത്ത ചില “മെറ്റീരിയലുകൾ” പ്രത്യേകമായി ആവശ്യക്കാർക്ക് ലഭ്യമാക്കുന്ന ബുക്സ്റ്റാൾ നടത്തുന്ന ഖുർഷിദ് ആ കടയുടെ പഴമയും ദരിദ്രമായ അവസ്ഥയും ഈ ആധുനിക കാലത്തും ലാഭം നൽകുന്ന ഒരു മാർക്കറ്റിംഗ് തന്ത്രമായി സ്വീകരിച്ചിരിക്കുന്നു.

സമൂഹത്തിൽ ഇരകളാക്കപ്പെടുന്ന, അല്ലെങ്കിൽ അപരന് ഇരയാകാൻ വേണ്ടി മാത്രം ജനിക്കുന്ന ചില മനുഷ്യർ ഉണ്ട് കമലേഷിനെ , അയാളുടെ മകൻ കൈലാസ് പാട്ടീലിനെ പോലെ. ഭുവൻ ദേശായി എന്ന ബ്രാന്റഡ് അഡ്വക്കേറ്റ് തന്റെ നേട്ടത്തിനു ബലിയായി മാറ്റപ്പെടുന്ന നിസ്സഹായ ജീവിതങ്ങൾക്ക് മുകളിൽ ചവിട്ടി നിന്ന് സ്വന്തം രാഷ്ട്രീയ ശരികൾക്ക് വേണ്ടി എന്തും ചെയ്യുന്ന സമകാലീന സമൂഹിക രാഷ്ട്രീയ മേൽകോയ്മയുടെ പ്രതിനിധിയാണു.താൻ ലോകത്തിനു മുന്നിൽ ഒരു കാഴ്ചപ്പണ്ടമെന്ന പോലെ പ്രദർശനത്തിന് വച്ചിരുന്ന പന്ത്രണ്ടു വാള്യങ്ങളുള്ള സർവ്വവിജ്ഞാനകോശം,അതെ സമയം രണ്ടു ലോകമഹായുദ്ധങ്ങളോ , അതിൽ കൊല്ലപ്പെട്ടവരോ , സ്റ്റാലിനോ , ലെനിനോ , ഗാന്ധിയോ ചർച്ചിലോ ഇല്ലാത്ത അറിവിന്റെ ആ പഴമ്പുരാണസഞ്ചയം കത്തിച്ചു കളയുമെന്ന മകന്റെ ഭീഷണി മൂലം അതു ഒഴിവാക്കാൻ ഭുവൻ ദേശായി കണ്ടെത്തിയ എളുപ്പവഴി ആയിരുന്നു കമലേഷ് എന്ന ഡ്രൈവർ.മകനെ യജമാനനെ പോലെ സമർഥനായ വക്കീലാക്കണം എന്ന് രഹസ്യമായി ആഗ്രഹിച്ചിരുന്ന , പരസ്യമായി മകനെ ഉപദേശിച്ചിരുന്ന ഒരു സാധാരണ പിതാവ് ആ കാലഹരണപ്പെട്ട അറിവിന്റെ ഭാരം മകൻ താമസിക്കുന്ന ഹോസ്റ്റലിൽ എത്തിക്കുന്നു. പിന്നീട് ഒരിക്കൽ ആ അറിവിന്റെ അമൂല്യ ശേഖരം കട്ടിലിന്റെ കീഴിൽ ചിതറികിടക്കുന്നതു കണ്ടു ഹൃദയം തകർന്നിറങ്ങി പോകുന്ന കമലേഷ്
എന്ന അച്ഛന്റെ ഓർമകൾക്ക് തർപ്പണം ചെയ്യാനായി തടിയൻ പുസ്തങ്ങളുടെ ഇടയിൽ സ്വയം ബലിയായി മാറുന്ന കൈലാസ് പാട്ടീൽ.ആരുടെയൊക്കെയോ വിശ്വാസങ്ങൾക്ക് മുകളിൽ പടുത്തുയർത്തിയിരിക്കുന്ന തുച്ഛമായ ജീവിതങ്ങൾ.

ഓർമകളുടെ സഞ്ചയമാണ് മനുഷ്യൻ എന്ന ഓര്മിപ്പിക്കൽ പുസ്തകത്തിലുടനീളം കാണാമെങ്കിലും കൈലാസ് പാട്ടീലിന്റെ കഥ ഒരു പുസ്തകസഞ്ചയത്തിന്റെ കൂടി കഥയാണ്, ആ സഞ്ചയത്തിൽ നിന്നും ഒരേ ഒരു ബിന്ദുവിലേക്കുള്ള സഞ്ചാരം.ഒരു ജീവിതകാലം മുഴുവൻ തുടർന്നു കൊണ്ടിരുന്ന വിജ്ഞാന പരമ്പര അർത്ഥവത്തായി അവസാനിക്കുന്നത് പൂജ്യത്തിന്റെ ചരിത്രവും ചിഹ്നവും പ്രസ്താവിക്കുന്ന ഗണിതശാസ്ത്ര പുറത്തായിരുന്നു.മറവിയുടെ മേഘങ്ങളിൽ നിന്നും ഓർമയുടെ ഒരു നക്ഷത്രം സ്വതന്ത്രമാകുന്ന ഒരു നിമിഷത്തിൽ കൈലാസ് പാട്ടീൽ കഥാകാരന് ഒരു കത്തെഴുതുന്നു.വായനയുടെ വലയിൽ നിന്നും ഒരു മീൻ പോലും നഷ്ടപ്പെടാതെ പരിപൂർണ വായന ആവശ്യപ്പെടുന്ന ഒരു പുസ്തകമാണ് ജ്ഞാനഭാരം.ചെറിയ മനുഷ്യരുടെ ജീവിതത്തിൽ താൽപര്യമില്ല, എന്നാൽ ദരിദ്രരുടെ ആൾക്കൂട്ടത്തിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന ഭുവൻ വക്കീൽ ഏതോ ഒരളവിൽ നമ്മിലോ നമുക്കറിയാവുന്ന ചിലരിലെങ്കിലും ഒളിഞ്ഞിരിപ്പുണ്ട്‌ .ജീവിത തിരക്കിൽ ഒപ്പം ജീവിക്കുന്നവരെ മറക്കുന്ന നാം എങ്ങനെയാണ് വായിച്ചു മടക്കിയ പുസ്തകങ്ങളിലേ കഥാ പാത്രങ്ങളെ ഓർക്കുന്നത് എന്നത് ആധുനിക കാലഘട്ടത്തിന്റെ ഒരു വെല്ലുവിളിയാണ്.

വർത്തമാനകാല പ്രശ്നങ്ങൾ ആയ മരുന്ന് മാഫിയയും ഗൂഢാലോചനകളും കൊലപാതകങ്ങളും നീതിനിഷേധങ്ങളും തുടങ്ങി മഹാമാരി വരെ അനുഭവിച്ചു നൂറ്റി എണ്പത്തിമൂന്നാം പുറത്തു എത്തി ചേരുന്ന നാം ഈ പുസ്തകത്തിന്റെ വലയിൽ കുടുങ്ങിയ ഒരു എട്ടുകാലിയെ പോലെ ഏതോ ഒരു കാലത്തു സ്തംഭിച്ചു നിൽക്കുന്നു.

പുസ്തകത്തിലെ വരികൾ കടമെടുത്താൽ ഒഴുകി കൊണ്ടിരിക്കുന്ന ഒരു നദി പെട്ടെന്ന് നിലച്ച പോലെ , അതിനു മുകളിൽ ഉറച്ച ഒരു തോണി പോലെ , ഈ വിധി മനുഷ്യന്റേതോ അതോ പുസ്തകത്തിന്റെയോ?

Leave a Reply

Your email address will not be published. Required fields are marked *