പോര്‍ട്ട്-ഓ-പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 304 ആയി ഉയർന്നു . 2000 ത്തോളം പേര്‍ക്ക് പരിക്കേറ്റു. പതിനായിരത്തോളം വീടുകള്‍ തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പള്ളികളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തലസ്ഥാനമായ സെന്‍ട്രല്‍ പോര്‍ട്ട്-ഓ-പ്രിന്‍സില്‍നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റിര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളുണ്ടായി.

പോര്‍ട്ട്-ഓ-പ്രിന്‍സില്‍ വരെ പ്രകമ്പനമുണ്ടായി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ഹെയ്തി തീരത്ത് സുനാമിയോ മൂന്നുമീറ്റര്‍ ഉയരത്തില്‍ തിരമാലകളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

2010 ജനുവരിയില്‍ റിക്ടര്‍സ്‌കെയിലില്‍ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രാജ്യത്ത് രണ്ടുലക്ഷത്തിലധികംപേര്‍ മരിച്ചിരുന്നു. മൂന്നുലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഒന്നരലക്ഷം പേര്‍ ഭവനരഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *