ന്യൂഡൽഹി ∙ താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽനിന്നു പുറത്തുവരുന്നതു മനസ്സിനെ മരവിപ്പിക്കുന്ന കാഴ്ചകൾ. യുഎസ് വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നു രക്ഷപ്പെടാൻ ശ്രമിച്ചെന്നു കരുതുന്ന 3 പേരെങ്കിലും വിമാനം പറന്നുയർന്നതോടെ നിലത്തേക്കു വീണു മരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
‘വിമാനത്തിന്റെ ടയറുകൾക്കു സമീപം ഒളിച്ചിരുന്നോ ചിറകിൽ പിടിച്ചു കിടന്നോ രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേർ കാബൂളിലെ താമസക്കാരുടെ വീടിനു മുകളിലാണു വന്നു വീണത്. കാബൂളിലെ ദൗർഭാഗ്യ സംഭവങ്ങളുടെ തുടർച്ചയായാണ് അവർക്കു ജീവൻ നഷ്ടമായത്’– അഫ്ഗാൻ ചാനലായ ടോളോ ന്യൂസിലെ ജിവനക്കാരൻ താരിഖ് മജീദി പറഞ്ഞു. ട്വിറ്ററിലെ കുറിപ്പിനൊപ്പം സംഭവത്തിന്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചു.