കാബൂൾ ∙ താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിൽ പരിഭ്രാന്തരായ ജനങ്ങളുടെ കൂട്ട പലായനം. കാബൂൾ വിമാനത്താവളത്തിൽ യുഎസ് സേനാവിമാനത്തിലേക്കു തൂങ്ങിക്കയറിയ 7 പേർ വീണു മരിച്ചു. യുഎസ് സേന ആകാശത്തേക്കു വെടിവച്ചതോടെ ജനം ചിതറിയോടി. ആളുകൾ റൺവേയിലേക്ക് ഇരച്ചുകയറുന്നതിന്റെയും മറ്റു വിമാനങ്ങളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നതിന്റെയും അമ്പരപ്പിക്കുന്ന കാഴ്ചകൾ ലോകത്തെ നടുക്കി.

താലിബാനുമായി സഹകരിക്കാൻ തയാറെന്ന് ചൈന; യാഥാർഥ്യം അംഗീകരിക്കുന്നു: ബ്രിട്ടൻ
TOP NEWS
താലിബാനുമായി സഹകരിക്കാൻ തയാറെന്ന് ചൈന; യാഥാർഥ്യം അംഗീകരിക്കുന്നു: ബ്രിട്ടൻ

രാജ്യത്തെ വ്യോമമേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചതിനു പിന്നാലെ, എല്ലാ യാത്രാവിമാന സർവീസുകളും നിർത്തിവച്ചു. വിമാനത്താവളത്തിന്റെ നിയന്ത്രണം യുഎസ് സേന ഇന്നലെ രാവിലെ തന്നെ ഏറ്റെടുത്തിരുന്നു.

കാബൂളിന്റെ മറ്റു ഭാഗങ്ങൾ ശാന്തമായിരുന്നു. ചെറുത്തുനിൽപില്ലാതെ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ച താലിബാൻ, യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പേര് ‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്നു മാറ്റുന്നതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നിലവിൽ അഫ്ഗാനിസ്ഥാനിൽ ഭരണകൂടമില്ലാത്ത സ്ഥിതിയാണ്. സർക്കാർ രൂപീകരണ പ്രഖ്യാപനം ഉടനുണ്ടാകുമെന്നു താലിബാൻ വക്താവ് അറിയിച്ചെങ്കിലും എപ്പോഴത്തേക്കെന്നു വ്യക്തമല്ല.

1000 സൈനികരെക്കൂടി അഫ്ഗാനിലേക്ക് അയയ്ക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി അനുമതി നൽകി. യുഎസ് പൗരന്മാരെയും യുഎസിനുവേണ്ടി പ്രവർത്തിച്ച അഫ്ഗാൻ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കാനാണിത്. ഇതോടെ അഫ്ഗാനിലെ യുഎസ് സൈനികരുടെ എണ്ണം 6000 ആകും.

വിദേശ പൗരന്മാർക്കും രാജ്യം വിടാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്കും സുരക്ഷിത യാത്രയ്ക്കു സൗകര്യമൊരുക്കണമെന്ന് 60 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദേശികൾ അടക്കമുള്ളവരുടെ ഒഴിപ്പിക്കൽ സുഗമമാക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്നു ഖത്തർ വിദേശകാര്യ മന്ത്രി അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു. സമാധാനചർച്ചകളിൽ പ്രധാന മധ്യസ്ഥത വഹിക്കുന്നത് ഖത്തറാണ്.

പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ത്യയുടെ അധ്യക്ഷതയിൽ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. യുകെ പാർലമെന്റും നാളെ യോഗം ചേരും. താലിബാൻ സർക്കാരുമായി സൗഹൃദം സ്ഥാപിക്കാൻ താൽപര്യമുണ്ടെന്നു ചൈന വ്യക്തമാക്കി. സാമ്രാജ്യത്വച്ചങ്ങല അഫ്ഗാനിസ്ഥാൻ പൊട്ടിച്ചെറിഞ്ഞതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.

തജിക്കിസ്ഥാനിൽ ഇറങ്ങാനായില്ല; അഷ്റഫ് ഗനി ഒമാനിൽ

ഞായറാഴ്ച രാവിലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്റഫ് ഗനി ഒമാനിലുണ്ടെന്നാണു റിപ്പോർട്ട്. തജിക്കിസ്ഥാനിൽ ഇറങ്ങാൻ അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഒമാനിലേക്കു പോകുകയായിരുന്നുവെന്നാണു വിവരം. അതിർത്തി കടന്നെത്തിയ അഫ്ഗാൻ യുദ്ധവിമാനം വെടിവച്ചിട്ടതായി ഉസ്ബെക്കിസ്ഥാൻ അറിയിച്ചു. എത്രപേരുണ്ടായിരുന്നുവെന്നു വ്യക്തമല്ല. പൈലറ്റിനു പരുക്കേറ്റതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

English Summary: Videos: 7 Fall Off Plane, Some Huddled On Aircraft Wing In Kabul Mayhem

Leave a Reply

Your email address will not be published. Required fields are marked *