‘=====================
നീലവ്യോമമായെങ്ങും
നീ വിളങ്ങുമ്പോൾ ഞാനാം
നീർമണിമുത്തിന്നുള്ളിൽ
നിന്നെ ഞാനൊളിപ്പി ക്കും.
സാഗരസംഗീതമായ്
നീയവതരിക്കുമ്പോൾ
സാമമായ് ഹൃദന്തമാം
ശംഖിൽ ഞാൻ നിറച്ചീടും.
ചണ്ഡമാം കൊടുങ്കാറ്റായ്
നീയണഞ്ഞാലോ മുളം
തണ്ടിലൂടതിനെ ഞാൻ
കളഗീതമായ് മാറ്റും.
ഘോരമാം താമസ്സിന്റെ
ജട നീയഴിച്ചെന്നാൽ
ചാരുവാം ചന്ദ്രക്കല-
യായി ഞാൻ പറ്റിക്കൂടും.
ദാവാഗ്നിനാളങ്ങളായ്
നീയുണർന്നാലോവാത്മ-
ദാഹത്തിന്നരണിയിൽ
നിന്നെ ഞാൻ ലയിപ്പിക്കും
പ്രളയപയോധിയായ്
വന്നാകിലരയാലി-
ന്നിലയായ് നിൻമേനിയെ
തൊട്ടുകൊണ്ടൊഴുകും ഞാൻ.
=====================

കിടങ്ങറ ശ്രീവത്സൻ,

Leave a Reply

Your email address will not be published. Required fields are marked *