സംസ്ഥാനത്തെ കോവിഡ് വ്യാപന ഗതി നിർണയിക്കുന്നതിൽ ഈ ആഴ്ച നിർണായകമെന്ന് അവലോകന യോഗത്തിൽ വിലയിരുത്തൽ. ഈ ആഴ്ച ലോക് ഡൗൺ ഏർപ്പെടുത്തുന്ന പ്രദേശങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വാക്സിനേഷൻ പരമാവധി വേഗത്തിലാക്കാനുള്ള നടപടികൾക്കും തുടക്കമായി. മൂന്നാം തരംഗം മുന്നിൽ കണ്ട് 48 ആശുപത്രികളിൽ പീഡിയാട്രിക് ഐ.സി.യു തുടങ്ങാനും തീരുമാനം.

ടിപിആർ അടിസ്ഥാനത്തിലെ നിയന്ത്രണം മാറ്റി 1PR അടിസ്ഥാനത്തിലാക്കിയിട്ടും രോഗവ്യാപനം അൽപം പോലും കുറഞ്ഞിട്ടില്ല. അതിനൊപ്പമാണ് ആൾക്കൂട്ട സാധ്യത ഏറ്റവും കൂടുതലുള്ള ഓണക്കാലം എത്തുന്നത്. അതിനാൽ ഈ ആഴ്ച അതീവ ജാഗ്രത വേണ്ട സമയമെന്നാണ് കോവിഡ് അവലോകന യോഗത്തിൻ്റെ വിലയിരുത്തൽ. അതുകൊണ്ട് പ്രതിവാര രോഗ വ്യാപനതോത് 8 ൽ കൂടുതലുള്ള വാർഡുകളെല്ലാം ഈ ആഴ്ച്ചയും അടച്ചിടും. ഇവയുടെ പട്ടിക ഇന്ന് വൈകിട്ടോടെ കലക്ടർമാർ പ്രസിദ്ധീകരിക്കും.

ഇത് കൂടാതെ രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ മൈക്രോ കണ്ടെയ്മെൻ്റ് സോണുകൾ കൂടുതലായി പ്രഖ്യാപിക്കാനും തീരുമാനമുണ്ട്. അടച്ചിടലിനപ്പുറം വാക്സിനേഷൻ പൂർത്തിയാക്കി പ്രതിരോധം തീർക്കാനും തീരുമാനമുണ്ട്. അതിൻ്റെ ഭാഗമായി അവധി ദിവസങ്ങളിലും ഇനി വാക്സിനേഷനുണ്ടാവും. ഗർഭിണികൾക്കും അനുബന്ധ രോഗമുള്ളവർക്കുമാണ് ഇവിടെ മുൻഗണന. ഇതിനൊപ്പം മൂന്നാം തരംഗം മുന്നിൽ കണ്ടുള്ള തയാറെടുപ്പുകളും ആരോഗ്യ വകുപ്പ് ഊർജിതമാക്കി. 48 ആശുപത്രികളിൽ 3 മാസത്തിനുള്ളിൽ കുട്ടികൾക്കുള്ള ഐ.സി.യു തുടങ്ങും. 744 കിടക്കകളാണ് ഇവിടങ്ങളിൽ സജ്ജീകരിക്കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *