കോവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാൻ സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ്. എപിഎൽ വിഭാഗത്തിന് കിടക്കയ്ക്ക് ദിവസം 750 രൂപ മുതൽ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് നിർദേശം. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി നല്കി. ബ്ളാക്ക് ഫംഗസ് ചികിൽസയ്ക്കും നിരക്ക് ബാധകമാക്കി.
സംസ്ഥാനത്ത് പൂർണമായും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ, കാസ്പ് ചികിത്സ കാർഡ് ഉള്ളവർക്കും, ബിപിഎൽ കാർഡുകാർക്കും മാത്രമായി സംസ്ഥാന സര്‍ക്കാര്‍ പരിമിതപ്പെടുത്തി. കോവിഡാനന്തര രോഗവുമായി സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന എപിഎൽ കാർഡുകാർ ഇനി മുതൽ പണം അടയ്ക്കണം. ജനറൽ വാർഡിൽ ദിനംപ്രതി 750 രൂപയും, എച്ച്ഡിയുവിൽ 1250 രൂപയും, ഐസിയുവിൽ 1500 രൂപയും, വെൻ്റിലേറ്റർ ഐസിയുവിൽ 2000 രൂപയുമാണ് സർക്കാർ ആശുപത്രിയിലെ നിരക്ക്.
മ്യൂക്കോമൈക്കോസിസ്, ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ തടിപ്പുകൾ തുടങ്ങിയ ചികിത്സയ്ക്കും നിരക്ക് ബാധകമാണ്. ശസ്ത്രക്രിയയ്ക്ക് 4800 രൂപ മുതൽ 27500 രൂപവരെ വിവിധ വിഭാഗങ്ങളിൽ ഈടാക്കും. സ്വകാര്യ ആശുപത്രികളിലെ കോവിഡാനന്തര ചികിത്സ നിരക്കും ഏകീകരിച്ചു. 2645 രൂപ മുതൽ 2910 രൂപവരെ വാർഡിൽ ഈടാക്കാം. ഐസിയുവിൽ ഇത് 7800 മുതൽ 8580 രൂപ വരെ . വെന്റിലേറ്ററിന് 13800 രൂപ മുതൽ 15180 രൂപവരെയും ഈടാക്കാം. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം അനുസരിച്ചാണ് തുകയിലെ ഏറ്റക്കുറച്ചിലുകൾ. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.