കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ ഭരണമേറ്റെടുക്കാനുള്ള നീക്കങ്ങൾ താലിബാൻ ഊർജിതമാക്കി. രാജ്യത്തുടനീളം പൊതുമാപ്പ് പ്രഖ്യാപിച്ചു. ഭരണത്തിൽ പങ്കാളിയാകാൻ വനിതകളോ‌ട് ആഹ്വാനം ചെയ്തതു ശ്രദ്ധേയം. കാബൂളിൽ പരിഭ്രാന്ത സാഹചര്യം ഒഴിവായി, വിമാനത്താവളം വീണ്ടും തുറന്നു. പന്ത്രണ്ടിലേറെ വിമാനങ്ങളിലായി ആയിരങ്ങൾ രാജ്യം വിട്ടു. യുഎസ് സേനയുടെ 134 പേർക്കു യാത്ര ചെയ്യാവുന്ന ചരക്കുവിമാനത്തിൽ 640 അഫ്ഗാൻകാരാണ് നിലത്തിരുന്ന് നാടു വിട്ടത്.

മുൻ പ്രസിഡന്റ് ഹമീദ് കർസായി, കൂടിയാലോചനാസമിതി അധ്യക്ഷനായിരുന്ന അബ്ദുല്ല അബ്ദുല്ല തുടങ്ങിയവരുമായി കഴിഞ്ഞ താലിബാൻ ഭരണകാലത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആമിർ ഖാൻ മുത്തഖി ചർച്ച നടത്തി. മറ്റു വിഭാഗങ്ങളിലെ നേതാക്കളെക്കൂടി ഉൾപ്പെടുത്തിയുള്ള സർക്കാർ രൂപീകരിക്കാനാണു ശ്രമമെന്നു താലിബാൻ വക്താവ് സുഹൈൽ ഷഹീൻ വ്യക്തമാക്കിയിരുന്നു.

സ്ത്രീകൾ ഇരയാക്കപ്പെടില്ലെന്നും അവരും ശരീഅത്ത് നിയമപ്രകാരം ഭരണത്തിന്റെ ഭാഗമാകേണ്ടവരാണെന്നുമാണ് പൊതുമാപ്പിനെക്കുറിച്ചു സൂചിപ്പിച്ച താലിബാൻ സാംസ്കാരിക കമ്മിഷൻ അംഗം ഇനാമുല്ല സമൻഗനി പറഞ്ഞത്. എതിർപക്ഷത്തുള്ളവർക്കും യുഎസുമായി ഇതുവരെ സഹകരിച്ചിരുന്നവർക്കും സൈനികർക്കുമാണ് പൊതുമാപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ജനം പുറത്തിറങ്ങാത്തതിനാൽ കാബൂൾ ഇന്നലെയും വിജനമായിരുന്നു. മുഖ്യധാരയിൽനിന്ന് ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് ഏതാനും സ്ത്രീകൾ പ്ലക്കാർഡുകളുമായി പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം ഒത്തുകൂടി.

English Summary: Taliban announce ‘amnesty,’ urge women to join government

Leave a Reply

Your email address will not be published. Required fields are marked *