കാബൂൾ ∙ താലിബാനു കീഴടങ്ങാതെ ‘പേർഷ്യയിൽ നിന്നുള്ള 5 സിംഹങ്ങളുടെ നാട്’ സടകുടഞ്ഞ് ഗർജിക്കുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ തൊടാത്ത ചുരുക്കം മേഖലകളിലൊന്നാണ് വടക്കുകിഴക്കൻ പ്രവിശ്യയായ പാഞ്ച്ശീർ.
പ്രകൃതിരമണീയമായ ഈ താഴ്‍വാരം പേരിലെ സിംഹങ്ങളുടെ ഗർജനം പോലെ ചെറുത്തുനിൽപ്പിന്റെ മാതൃകയാണ്. ഇവിടെ കളിക്കാൻ സോവിയറ്റ് സേന ഉൾപ്പെടെ അധിനിവേശക്കാരും ശ്രമിച്ചിട്ടില്ല. 1996 ൽ രൂപം കൊണ്ട ‘വടക്കൻ സഖ്യം’ ചെറുത്തുനിൽപ്പിന്റെ ആസ്ഥാനമാക്കിയ പാഞ്ച്ശീർ ഇന്നും തലയുയർത്തി നിൽക്കുന്നു. താലിബാൻ വന്നിട്ടും കെയർടേക്കർ പ്രസിഡന്റെന്ന് സ്വയം അവകാശപ്പെടുന്ന ഒന്നാം വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെ നാടു കൂടിയാണിത്.
താലിബാനെതിരെ സഖ്യം കെട്ടിപ്പടുത്ത, കൊല്ലപ്പെട്ട അഹമ്മദ് ഷാ മസൂദിന്റെ മകനായ അഹമ്മദ് മസൂദിനൊപ്പം സാലിഹ് ഇപ്പോൾ പാഞ്ച്ശീറിലുള്ളതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സാലിഹിന്റെ ആഹ്വാനം അനുസരിച്ച് അഫ്ഗാൻ സൈനികർ ഇവിടേയ്ക്ക് എത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അഫ്ഗാനിൽ ആകെ 34 പ്രവിശ്യകളാണുള്ളത്. ബസറക് തലസ്ഥാനമായുള്ള പാഞ്ച്ശീർ പ്രവിശ്യയിൽ 7 ജില്ലകളും 512 ഗ്രാമങ്ങളുമുണ്ട്. 1,73,000 പേർ താമസിക്കുന്നു.
English Summary: Panchshir not surrendered to Taliban