മാനവസംസ്കൃതിയില്‍ മതങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ചൈനയിലും അങ്ങനെ തന്നെ. പ്രധാനമതവിശ്വാസങ്ങള്‍ കണ്‍ഫ്യൂഷ്യനിസം, താവോയിസം, ബുദ്ധിസം ഇവയാണെങ്കിലും മതമില്ലാത്ത വിഭാഗത്തില്‍ പെടുന്നവരാണ് ഏറെയും. ഇതില്‍ തന്നെ ചൈനീസ് ജനസംഖ്യയുടെ 2.3 ശതമാനത്തോളം ക്രിസ്ത്യാനികള്‍ അവിടെ അതിവേഗം വികാസം പ്രാപിക്കുന്നുവെന്നതാണ് കാതലായ സത്യം. സങ്കീര്‍ത്തനങ്ങളുടെ ഈ ചൈനയെ നോക്കി കാണുന്നതോടൊപ്പം തന്നെ ചൈനയുടെ മതവിഭാഗങ്ങളിലേക്ക് കൂടി ഒന്നു കണ്ണോടിക്കുന്നതു നന്നായിരിക്കും. കണ്‍ഫ്യൂഷനിസം എന്ന പുരാതന ചൈനീസ് ധര്‍മശാസ്ത്രതത്വചിന്താ സമ്പ്രദായമായിരുന്നു ഈ രാജ്യത്ത് ഏറെ വേരോടിയിരുന്നത്. ചൈനീസ് തത്ത്വചിന്തകനായ കണ്‍ഫ്യൂഷസിന്‍റെ ചിന്തകളില്‍നിന്നാണ് ഇത് രൂപീകൃതമായത്. ധാര്‍മികതക്കും നല്ല പ്രവര്‍ത്തികള്‍ക്കുമാണ് ഇതില്‍ പ്രാധാന്യം നല്‍കുന്നത്. ധാര്‍മിക, സാമൂഹിക, രാഷ്ട്രീയ, തത്ത്വചിന്താപര, മതപര ചിന്തകളുടെ ഒരു സങ്കീര്‍ണ സമ്പ്രദായമാണ് കണ്‍ഫ്യൂഷ്യനിസം. കിഴക്കന്‍ ഏഷ്യയുടെ സംസ്കാരത്തിലും ചരിത്രത്തിലും ഇത് വന്‍ സ്വാധീനം ചെലുത്തിയിരുന്നു. കണ്‍ഫ്യൂഷ്യന്‍ മൂല്യങ്ങള്‍ക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നല്‍കുന്ന പ്രോത്സാഹനത്തെ അടിസ്ഥാനമാക്കി പലരും ഇതിനെ ആ രാജ്യങ്ങളിലെ ഔദ്യോഗിക മതമായി കണക്കാക്കുന്നു.
കണ്‍ഫ്യൂഷ്യനിസം പോലെ തന്നെയായിരുന്നു താവോയിസം. അതിപ്രാചീനമായ ഒരു ചൈനീസ് ദാര്‍ശനിക പ്രസ്ഥാനവും മതവുമാണ് താവോയിസം. താവോ എന്ന വാക്കിന്‍റെ അര്‍ത്ഥം മാര്‍ഗം എന്നാണ്. മതപരിവേഷം ഉണ്ടാകും മുന്‍പ് താവോയിസം ചൈനയിലാകമാനം പ്രചാരം നേടിയ ഒരു ജീവിതവീക്ഷണമായിരുന്നു. പ്രകൃതിയുടെ മാര്‍ഗ്ഗം, സ്വാഭാവികതയുടെ മാര്‍ഗ്ഗം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന താവോയിസം വിവേകപൂര്‍വം ജീവിക്കുവാന്‍ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. പ്രപഞ്ചത്തിന്‍റെ പ്രവാഹം എന്നര്‍ഥം വരുന്ന താവോ, നന്മനിറഞ്ഞ ചലനാത്മകമായ ജീവിതം അഥവാ ദെ, പ്രവര്‍ത്തനോന്മുഖത എന്ന വു-വിയ്, ലാളിത്യത്തെക്കുറിയ്ക്കുന്ന പു എന്നിവയാണ് താവോയിസത്തിലെ വിശ്വാസപ്രമാണങ്ങള്‍. ചൈനയിലെ നിലവിലുള്ള ജ്യോതിശാസ്ത്രം, പാചകവിധികള്‍, ആയോധനകലകള്‍ എന്നിവയിലെല്ലാം താവോയിസത്തിന്‍റെ സ്വാധീനം തെളിഞ്ഞു കാണാം. ബി.സി. 604 മുതല്‍ 517 വരെ ജീവിച്ചിരുന്ന ലാവോസി ആണ് താവോ മതസ്ഥാപകന്‍. ‘ചൈനയിലെ ബുദ്ധന്‍’ എന്ന അപരനാമത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ‘താവോ’ എന്ന ചൈനീസ് വാക്കിന് ‘മാര്‍ഗം’ എന്നാണ് അര്‍ഥം. ‘
അതിപ്രാചീനമായ സാംസ്കാരിക പാരമ്പര്യം സ്വായത്തമായുള്ള ചൈനക്കാരുടെ ആദ്യകാല മതവിശ്വാസങ്ങളില്‍പ്പോലും ആധ്യാത്മികതയുടെ ഭാസുരഭാവങ്ങള്‍ കാണാന്‍ കഴിയും. പ്രപഞ്ചത്തിന് കാരണവും നിയാമകവുമായ ഒരു സത്തയെ സര്‍വശക്തന്‍, മോക്ഷം, മാര്‍ഗ്ഗം തുടങ്ങിയ വ്യത്യസ്ത പേരുകളില്‍ അവര്‍ അംഗീകരിച്ചിരുന്നതായി താവോ തേ കിങ് എന്ന പ്രാമാണിക ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നു. തേ എന്ന പദം ധര്‍മത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ കാലഘട്ടം ചൈനയിലെ ‘തേയുടെ യുഗം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇക്കാലത്ത്, അറിവിന് യാതൊരു വിലയും കല്പിച്ചിരുന്നില്ല. ജോലിക്കായി ആരെയും എവിടെയും നിയമിച്ചിരുന്നുമില്ല. ഉന്നതന്മാരെന്നോ അധമന്മാരെന്നോ ഭേദവുമില്ലായിരുന്നു. ജനങ്ങള്‍ സര്‍വതന്ത്ര സ്വതന്ത്രരായി വിഹരിച്ചിരുന്നു. അവര്‍ ഋജുബുദ്ധികളും സദാചാരനിഷ്ഠരും സത്ഗുണസമ്പന്നരുമായിരുന്നു. വിശ്വാസ്യത എന്തെന്ന് പ്രത്യേകം പഠിക്കാതെതന്നെ ജനങ്ങള്‍ പരസ്പരം വിശ്വസ്തത പുലര്‍ത്തിപ്പോന്നു. ഈ കാലഘട്ടമാണ് ലാവോസി എന്ന പ്രഥമ ഗുരുവിന്‍റെ ഉപദേശത്തോടെ താവോമതത്തിന്‍റെ തത്ത്വസംഹിതയ്ക്ക് അടിത്തറ പാകിയത്.
താവോമതത്തിന്‍റെ പ്രാമാണികഗ്രന്ഥമാണ് താവോതെയിങ്. ഒറ്റ രാത്രികൊണ്ടാണ് ലാവോസി ഈ ഗ്രന്ഥം രചിച്ചതെന്നാണ് കരുതുന്നത്. താവോ തേയിങില്‍ ‘താവോ’ എന്നും ‘തേ’ എന്നും രണ്ട് ഭാഗങ്ങളിലായി അയ്യായിരത്തിനുമേല്‍ വാക്കുകളുള്ള വിശ്വാസപ്രമാണങ്ങള്‍ ആണ് ചര്‍ച്ച ചെയ്തിരിക്കുന്നത്. വെറും ശുഷ്കമായ ഒരു വേദാന്തഗ്രന്ഥമായി ഇതിനെ കരുതാനാവില്ലെന്നും മഹനീയമായ നിരവധി ഗുണപാഠങ്ങളടങ്ങിയ വിശിഷ്ട തത്ത്വശാസ്ത്രഗ്രന്ഥമായാണ് ഇതിനെ കാണേണ്ടതെന്നുമാണ് ലാവോസി അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇതിലെ ‘താവോ’യും ‘തേ’യും ജീവശക്തി വഹിക്കുന്നു എന്നാണ് സങ്കല്പം. അവയെ രണ്ടിനെയും ഉള്‍ക്കൊള്ളുവാന്‍ കഴിവുള്ള ഗ്രന്ഥമായ ‘കിങ്’ എന്ന മൂന്നാം ഭാഗവും കൂടെ ചേര്‍ക്കുമ്പോള്‍ മാത്രമേ ഗ്രന്ഥത്തിനു പൂര്‍ണത ലഭിക്കുന്നുള്ളൂ. ചൈനക്കാര്‍ നിത്യജീവിതത്തില്‍ മാര്‍ഗദര്‍ശകമായി കരുതിയിരിക്കുന്നത് ഈ ഗ്രന്ഥത്തെയാണ്. ഇതിന് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. ചൈനയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഏറെ പേരും ഈ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് കുടുംബജീവിതം നയിക്കുന്നത്. ഇതില്‍ നിന്നാണ് അവര്‍ കമ്മ്യൂണിസം എന്ന ജീവിതരീതിയെ ആരാധിക്കാന്‍ പഠിച്ചത്. കൂട്ടായി ജീവിക്കുന്നതിന്‍റെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും മറികടക്കാന്‍ മതം എങ്ങനെ നിര്‍ണ്ണായകമാവുന്നുവെന്നു ജനതതിയെ ബോധ്യപ്പെടുത്തിയത് ഈ മതമാണെന്നു പറയേണ്ടി വരും.
ലാവോസിയുടെ ചിന്തകളുടെയെല്ലാം സ്ഥായീഭാവവും സ്വരവും താവോ(മാര്‍ഗം), തേ(ധര്‍മം) എന്നീ രണ്ടേ രണ്ടു പദങ്ങളാണ്. സര്‍വവും ഇതിലടങ്ങിയിരിക്കുന്നു. താവോയിലും തേയിലും അടങ്ങിയിട്ടുള്ള തത്ത്വങ്ങള്‍ പ്രപഞ്ചഘടനയുടെതന്നെ ഘടകങ്ങളാണ്. ഓരോ കാലഘട്ടത്തിനനുസരിച്ച് അവയ്ക്ക് രൂപഭേദങ്ങള്‍ വന്നുചേരുന്നു എന്നുമാത്രം. താവോ മതത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി ലാവോസി പറയുന്നതിപ്രകാരമാണ്. ‘പ്രകൃതിയിലെ എല്ലാ വസ്തുക്കളും ശാന്തമായി പെരുമാറുന്നു. അവ നിലനില്ക്കുകയും ഒന്നും സമ്പാദിക്കാതിരിക്കുകയും ചെയ്യുന്നു. അവയുടെ കര്‍ത്തവ്യം നിറവേറ്റുകയും അവകാശങ്ങള്‍ പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്നു. എല്ലാ ജീവജാലങ്ങളും അവരവരുടെ ജോലി നിര്‍വഹിച്ചു വരുന്നതുപോലെ തിരിച്ചുപോകുന്നതും നമ്മള്‍ കാണുന്നു. അവ പരിപൂര്‍ണതയിലെത്തി ഉദ്ഭവസ്ഥാനത്തു തിരിച്ചെത്തുകയാണ് ചെയ്യുന്നത്. ഉദ്ഭവത്തിലേക്കു മടങ്ങുക എന്നതിന് നിത്യ വിശ്രമം അഥവാ നിയതിയിലേക്കുള്ള നിവൃത്തി എന്നാണര്‍ഥം.’ ലാവോസി മഹത്തായ പ്രപഞ്ചശക്തിയെക്കുറിച്ച് പൂര്‍ണമായും ബോധവാനായിരുന്നു. പ്രകൃതി മനുഷ്യനേയും ജീവിതത്തേയും ലഘുവും ശാന്തിമയവുമായാണ് രൂപവത്കരിച്ചിരിക്കുന്നത്. അന്നത്തെ ലോകം സുഖപ്രദമായിരുന്നു. എന്നാല്‍ മനുഷ്യന്‍ വിജ്ഞാനം ആര്‍ജിച്ചുതുടങ്ങിയതോടെ ജീവിതം സങ്കീര്‍ണവും ദുരിതപൂര്‍ണവുമായിത്തീര്‍ന്നു എന്നാണ് താവോയിസ്റ്റ് ചിന്താഗതി വെളിവാക്കുന്നത്. പ്രകൃതിയുടെ നിത്യനിരാമയമായ നിയമങ്ങളിലേക്കുള്ള തിരിച്ചുപോക്ക് അഥവാ താവോയെ പ്രാപിക്കലാണ് താവോയിസത്തിന്‍റെ പരമപ്രധാനമായ പ്രമാണം. സ്വര്‍ഗങ്ങള്‍ക്ക് സഹായകവും ഭൂമിയെ ഉള്‍ക്കൊള്ളുന്നതും സീമയോ പരിധിയോ ഇല്ലാത്തതും സമസ്ത ചരാചരങ്ങളെയും വലയം ചെയ്തു നില്ക്കുന്നതും അരൂപിയും ആണ് ഈ മതമെന്നാണ് ചൈനയിലെ ഭൂരിപക്ഷവും വിശ്വസിക്കുന്നത്. അതു കൊണ്ട് തന്നെ മതം എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഇതു മാറി നില്‍ക്കുന്നു. വിശ്വാസത്തെയും പ്രായോഗികതയേയും ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഉപേക്ഷിക്കപ്പെട്ടു പോയവര്‍ ഇവിടെ ഏറെയായിരുന്നു. അവരെല്ലാം ഇന്നു ബുദ്ധമതത്തില്‍ ആശ്വാസം കൊള്ളുന്നു. ശേഷിച്ചവര്‍ പുരോഗമനവാദികളായി ക്രിസ്തുമതത്തിലേക്കും കുടിയേറുന്നു. അതാണ് ചൈനയുടെ മതപരമായ പരിവര്‍ത്തനയുടെ പുതിയ പാഠഭേദങ്ങള്‍.
താവോ ദര്‍ശനത്തെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നോക്കിക്കണ്ടിട്ടു വേണം ഇതിനു ചൈനയില്‍ എന്തു സംഭവിച്ചുവെന്ന് നാം അനുമാനിക്കേണ്ടത്. ഈ ദര്‍ശനത്തിന് ‘പ്രകൃതിവാദദര്‍ശന’മെന്ന പേരും പറയാവുന്നതാണ്. ഒരു തരത്തിലുള്ള നൈഷ്കര്‍മ്യമാണ് താവോയിസ്റ്റുകളുടെ ആദര്‍ശം. സംഭവങ്ങളുടെ ഗതിവിഗതികള്‍ നിര്‍ന്നിമേഷരായി നോക്കിനില്ക്കുകയല്ലാതെ, അതിലിടപെടുന്നതിനു ശ്രമിക്കാറില്ല എന്നതാണ് ഇവരുടെ രീതി. വിജ്ഞാന സമാഹരണത്തേയും ബുദ്ധിജീവികളേയും രാഷ്ട്രത്തിന്‍റെ ബദ്ധശത്രുക്കളായി കരുതുന്ന ഈ സിദ്ധാന്തത്തിനോട് കണ്‍ഫ്യൂഷ്യസിന് യോജിക്കാന്‍ കഴിയാതെവന്നപ്പോഴാണ് ചൈനയില്‍ കണ്‍ഫ്യൂഷ്യനിസം രൂപംകൊണ്ടത്. പ്രകടനങ്ങളിലും ഉദ്ദേശ്യങ്ങളിലും വിശ്വസിക്കാത്തവരാണ് താവോയിസ്റ്റുകള്‍. നിഷ്ക്രിയത്വം അഥവാ ഒന്നും ചെയ്യാതിരിക്കലല്ല, പ്രകൃതിക്കൊത്ത് ജീവിക്കാനും സര്‍വഭൂതങ്ങളോടും സമഭാവന കൈക്കൊള്ളാനുമാണ് താവോയിസം ആഹ്വാനം ചെയ്യുന്നത്. വിജ്ഞാനത്തില്‍ നിന്നു പിന്തിരിഞ്ഞ് ആഗ്രഹങ്ങള്‍ പരിത്യജിച്ച് ഇഹപരങ്ങളുടെ ലക്ഷ്യമായ താവോ തേയെ യോഗികള്‍ ആശ്രയിക്കുന്നു.
കലങ്ങിയ വെള്ളം സ്വച്ഛമായിക്കിടന്നാല്‍ തെളിയുന്നതു പോലെ, അറിവുകൊണ്ടു മനസ്സിനെ മലീമസമാക്കാതിരുന്നാല്‍ മനസ്സ് പരിശുദ്ധമായിരിക്കുമെന്നാണ് താവോയിസ്റ്റുകളുടെ വിശ്വാസം. സാധാരണക്കാരുടെ ദൈനംദിനജീവിതത്തില്‍ ഗണ്യമായ സ്വാധീനത ചെലുത്തിയിരുന്ന ഈ പ്രസ്ഥാനം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് മതപരിവേഷം കൈക്കൊള്ളുകയും നാട്ടിലെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അധഃപതിക്കുകയും ചെയ്തു. കണ്‍ഫ്യൂഷ്യനിസവും താവോയിസവും വ്യതിരിക്ത മതശാഖകളായി മാറുകയും വ്യത്യസ്ത പഥങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്തത് 12-ാം ശതകത്തിലാണ്. ഈ സമയത്ത് ബുദ്ധമതം ചൈനയില്‍ അതിവേഗം പ്രചരിക്കാന്‍ തുടങ്ങി. അതോടെ താവോയിസം ബുദ്ധമതത്തില്‍ വിലയം പ്രാപിച്ച് വിസ്മൃതിയില്‍ ലയിച്ചു. ലോകത്താകമാനം 23 മുതല്‍ 50 കോടി വരെ അനുയായികളുള്ള ഒരു മതവും ചിന്താധാരയുമാണ് ബുദ്ധമതം. ബുദ്ധമതാനുയായികളില്‍ ഭൂരിഭാഗവും ഏഷ്യയിലാണ് വസിക്കുന്നത്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ കംബോഡിയയിലാണ് ഏറ്റവുമധികം ബുദ്ധമത അനുയായികള്‍ ഉള്ളത്. ഇവിടെ ജനസംഖ്യയുടെ 96.90 ശതമാനം പേരും ബുദ്ധമതത്തില്‍ വിശ്വസിക്കുന്നു. ഈ നിലയ്ക്ക് നോക്കിയാല്‍ തായ്ലന്‍ഡ്, മ്യാന്‍മാര്‍, ഭൂട്ടാന്‍, ശ്രീലങ്ക, ലാവോസ്, മംഗോളിയ, ജപ്പാന്‍, സിംഗപ്പൂര്‍, തായ്വാന്‍ ഒക്കെ ചൈനയേക്കാള്‍ മുന്നിലാണെന്നു പറയേണ്ടി വരും. മൊത്തം ജനസംഖ്യയുടെ 6.2 ശതമാനം മാത്രമാണ് ബുദ്ധമത അനുയായികള്‍ ഇവിടെ ഉള്ളത്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളിലും ഈ മതത്തിന്‍റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നുണ്ട്. അതിരുകടന്ന ഭോഗാസക്തിക്കും ആത്മപീഡനമുറകളായ സംന്യാസത്തിനും ഇടക്കുള്ള മദ്ധ്യമപദ്ധതിയാണ് ബുദ്ധമതത്തിലുള്ളത്. ഇതാണ് ബുദ്ധന്‍റെ ഉപദേശം. സര്‍വ്വം അനിത്യം, സര്‍വ്വം ദുഃഖം, സര്‍വം അനാത്മം എന്നിങ്ങനെയുള്ള അസ്തിത്വലക്ഷണങ്ങളിലൂന്നിയാണ് ജീവിക്കേണ്ടത്. ഏതിനു കാര്യകാരണ ബന്ധമുണ്ടെന്ന തത്ത്വം പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. ലളിതമായ നന്മയാണ് ബുദ്ധപ്രബോധങ്ങളുടെ ജീവന്‍. അതൊരു ജീവിതരീതിയാണ്. എല്ലാം ദുഃഖമയമാണെന്നും ദുഃഖത്തിനു കാരണം തൃഷ്ണയാണെന്നും ബുദ്ധമതം പഠിപ്പിക്കുന്നു. തൃഷ്ണയെ അകറ്റുക വഴി ദുഃഖവിമുക്തമാകാമെന്നും അതിനായി അഷ്ടമാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്നും ബുദ്ധമതം പഠിപ്പിക്കുന്നുണ്ട്. ഈ നാലു സത്യങ്ങളെ ആര്യസത്യങ്ങള്‍ എന്നറിയപ്പെടുന്നു.
ബുദ്ധമതത്തില്‍ ദൈവത്തെപ്പറ്റി സൂചനകളൊന്നുമില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കലല്ല അത് ചെയ്യുന്നത്. മറിച്ച് മനുഷ്യന്‍റെ ജ്ഞാനപ്രകാശനമാണ്. അതുവഴി ശാന്തിയും ജീവിതവിജയവും അത് പ്രദാനം ചെയ്യുന്നു. ബുദ്ധമതവിശ്വാസപ്രകാരം ബുദ്ധന്‍ ഒരു ദൈവമല്ല. മറിച്ച് മനുഷ്യരെ ഭൗതികേച്ഛകളില്‍ നിന്ന് മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ഒരു ആചാര്യനാണ്. ഹിന്ദുക്കളെപ്പോലെ ബുദ്ധമതവിശ്വാസികളും പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നു. അതായത് ഓരോരുത്തരും നിരവധി തവണ ജനിച്ചു മരിക്കുന്നു. തന്‍റെ അടുത്ത ജന്മത്തിലെ സ്ഥിതി ഈ ജന്മത്തിലെ പ്രവൃത്തികള്‍ക്കനുസരിച്ചായിരിക്കും നിശ്ചയിക്കപ്പെടുക. ക്രിസ്ത്യാനികളുടെ പത്തു കല്‍പ്പനകള്‍ പോലെ ബുദ്ധമതത്തിനും ചില നിയമാവലികളുണ്ട്. ഇതിലെ ഏറ്റവും പ്രധാനമായത് അഹിംസയാണ്. വജ്രയാന, തേരവാദം, സെന്‍ അഥവാ ധ്യാനവാദം, മഹായാനം എന്നിങ്ങനെ പല സരണികളാണ് ബുദ്ധമതത്തിനുള്ളത്. മഹായാന തന്നെ പൂര്‍വേഷ്യന്‍, തിബറ്റന്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടുണ്ട്.
ചൈനയെ സംബന്ധിച്ചു നോക്കിയാല്‍, ഇസ്ലാം മതത്തേക്കാളും കൂടുതല്‍ പേര്‍ ക്രിസ്തുമതത്തിലേക്ക് കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ പരിവര്‍ത്തനപ്പെട്ടു വരുന്നുണ്ടെന്നു കാണാം. പാശ്ചാത്യശക്തികളുടെ ഇടപെടല്‍ ഒരു കാരണമുണ്ട്. എന്നാല്‍ ഈ പരിവര്‍ത്തനപ്പെട്ടു വരുന്നത് ചൈനയുടെ ജനസംഖ്യയിലെ ഏഴു ശതമാനത്തോളം വരുന്ന അവിശ്വാസികളാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഇവര്‍ അസ്തിത്വവാദികളാണ്. കമ്മ്യൂണിസത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നു ഒരു തലമുറയുടെ പ്രായമായ ജനവിഭാഗമാണ് ഇപ്പോള്‍ പള്ളികളിലും മറ്റും സാമൂഹ്യവിശ്വാസ സുരക്ഷയുടെ അകമ്പടിയോടെ തമ്പടിച്ചിരിക്കുന്നതെന്നതും നാം കാണേണ്ടിയിരിക്കുന്നു. ചൈനയിലൊഴികെ ലോകത്ത് മറ്റൊരിടത്തും ഈ സ്ഥിതിവിശേഷമില്ലെന്നു ചൈനീസ് സാമൂഹികചിന്തകന്‍ സേതൂങ് ലാവ പറയുന്നു. ക്രിസ്തുസഭയിലെ ഏകദൈവ വിശ്വാസത്തെ അടിസ്ഥാനമാക്കിയ പുരോഗമനചിന്താധാരയാണ് ചൈനയിലെ ഇഷ്ടമതമായി മാറാന്‍ അവിടുത്തെ ജനങ്ങളെ പ്രേരിപ്പിക്കുന്നതത്രേ. ചൈനയ്ക്ക് അപ്പുറത്തുള്ള ലോകത്തെക്കുറിച്ചുള്ള വീക്ഷണമാണ് ഇതു നല്‍കുന്നത്. അഥു കൊണ്ട് തന്നെ അന്താരാഷ്ട്രസമൂഹത്തിലേക്ക് ലക്ഷ്യം വയ്ക്കണമെങ്കില്‍ ബുദ്ധമതമോ, ചൈനയിലെ ഏറ്റവും പ്രചാരമേറിയ ചൈനയുടെ തന്നെ സ്വന്തം നാടോടി മതമോ ഒന്നും സഹായിക്കില്ലെന്നും പരിവര്‍ത്തനപ്പെടുന്നവര്‍ തിരിച്ചറിയുന്നു. യേശു ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മതപരമായ ചിന്താധാരയ്ക്കാണ് ചൈനയിലും പ്രസക്തി. ക്രിസ്തീയ മതവിശ്വാസികള്‍ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തില്‍ പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നതിനു സമാനമായി വിശ്വാസപദ്ധതിയാണ് ചൈനയിലെ ക്രിസ്തീയതയ്ക്കുമുള്ളത്. ലോകമാകമാനുള്ള കണക്കെടുപ്പില്‍ വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തില്‍ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്. ഇതില്‍ തന്നെ ചൈനയുടെ മൊത്തം ജനസംഖ്യയുടെ രണ്ടര ശതമാനം എന്നു പറയുമ്പോള്‍ അതു തീരെ ചെറിയൊരു സംഖ്യയല്ല.
യൂറോപ്പിലേയും അമേരിക്കയിലേയും ഉപസഹാറന്‍ ആഫ്രിക്കയിലേയും ഓസ്ട്രേലിയയിലേയും ന്യൂസിലന്‍ഡിലേയും ഏറ്റവും വലിയ മതമാണ് ചൈനയിലും ഇപ്പോള്‍ പടയോട്ടം നടത്തുന്നത്. ക്രിസ്ത്യാനികളെ പൊതുവെ പാശ്ചാത്യ സഭകളെന്നും പൗരസ്ത്യ സഭകളെന്നും കാണുന്ന പതിവ് പക്ഷേ ചൈനയില്‍ വ്യക്തമായിട്ടില്ല. റോമാ സാമ്രാജ്യപശ്ചാത്തലത്തില്‍ ആരംഭിച്ച പാശ്ചാത്യ സഭകള്‍ എന്നു വിവക്ഷിക്കുന്ന സഭകളെയും അവയില്‍ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിക്കുന്ന പുത്രീസഭകളെയും ചൈനയില്‍ കാണാം. റോമന്‍ കത്തോലിക്കാ സഭ, പ്രൊട്ടസ്റ്റന്‍റ് വിഭാഗം, സ്വതന്ത്ര ക്രെെസ്തവ സഭാസമൂഹങ്ങള്‍ അഥവാ പെന്തക്കോസ്ത് സഭകള്‍ എന്നിവയ്ക്കു പുറമേ പൗരസ്ത്യ സഭകള്‍ എന്ന് പറയുന്ന ബൈസാന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ, ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭ, നെസ്തോറിയന്‍ സഭ, പൗരസ്ത്യ കത്തോലിക്കാ സഭ എന്നിവയ്ക്കും ചൈനയില്‍ കാര്യമായ വേരോട്ടമുണ്ട്. 210 കോടിയോളം അനുയായികള്‍ ഉള്ളതില്‍ 110 കോടി വിശ്വാസികളുള്ള റോമന്‍ കത്തോലിക്കാ സഭ, 51 കോടിയിലേറെ വരുന്ന പ്രൊട്ടസ്റ്റന്‍റ് സഭകള്‍ (നവീകരണ സഭകള്‍), 21.6 കോടിയോളം വരുന്ന ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭകള്‍, ഏഴരക്കോടി വരുന്ന ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭ, 15.8 കോടിയിലേറെ വരുന്ന സ്വതന്ത്ര ക്രെെസ്തവ സഭകള്‍ തുടങ്ങിയവയെല്ലാം ചേര്‍ന്ന മതപരമായ സ്വാധീനമാണ് ചൈനയിലും ഉണ്ടാക്കിയതെന്നു സാരം.
വിശ്വാസം, പ്രദേശം, സംസ്കാരം എന്നിവയിലെ വ്യത്യാസം അടിസ്ഥാനമാക്കി പലകാലങ്ങളിലായി പിരിഞ്ഞ് അനേകവിഭാഗങ്ങളായി കഴിയുന്നുവെങ്കിലും തിരുസഭ (അതായത് ക്രിസ്തു സഭ) പലതല്ലെന്നും ഒന്നേയുള്ളൂവെന്നും ശ്ലൈഹികമാണെന്നും വിശുദ്ധമാണെന്നും മുഖ്യധാര സഭകള്‍ വിശ്വസിയ്ക്കുന്നു. അതു തന്നെയാണ് ചൈനീസ് ക്രിസ്ത്യാനികളും സ്വീകരിക്കുന്നത്. പൊതുവെ കത്തോലിക്കരെയും, പ്രൊട്ടസ്റ്റന്‍റുകാരെയും പാശ്ചാത്യസഭകള്‍ എന്നും, ഓര്‍ത്തഡോക്സ് പോലെയുള്ള ഇതര സഭകളെ പൗരസ്ത്യസഭകള്‍ എന്നും വിഭജിച്ചിരിക്കുന്നതു പോലെ തന്നെ മുഖ്യധാരാവിഭാഗങ്ങളെ ആറ് സഭാകുടുംബങ്ങളായ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭ, റോമന്‍ കത്തോലിക്കാ സഭ, ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ, നെസ്തോറിയന്‍ സഭ എന്നിവയുടെയും ആഗ്ലിക്കന്‍, ലൂഥറന്‍, മെതഡിസ്റ്റ്, സി എസ് ഐ, സി എന്‍ ഐ, നവീകരണ വിഭാഗമായ മാര്‍ത്തോമ്മ സുറിയാനി സഭ എന്നീ സഭാസമൂഹങ്ങള്‍ ഉള്‍പ്പെടുന്ന നവീകരണ സഭകളുടെയും അള്‍ട്രാ പ്രൊട്ടസ്റ്റന്‍റ് മൗലികവാദിസ്വതന്ത്ര ക്രെെസ്തവ സഭാസമൂഹങ്ങളുടെയും പെന്തക്കോസ്ത് സഭകളുടെയും സ്വാധീനങ്ങള്‍ ചൈനയില്‍ അലയടിച്ചു തുടങ്ങിയിട്ടുണ്ട്. ഇതൊക്കെയും കഴിഞ്ഞ ഒരു ദശകത്തിനിടെ സംഭവിച്ച മതപരമായ സാമൂഹിക മാറ്റങ്ങളാണ്.
ബി.സി. 1200-കളില്‍ ഭാരതീയരെപ്പോലെ ചൈനക്കാര്‍ പല ദൈവങ്ങളെ ആരാധിച്ചിരുന്നു. ജനങ്ങള്‍ കൃഷിക്കാരായതിനാല്‍ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ദൈവങ്ങളുമുണ്ടായിരുന്നു. അവിടുത്തെ എല്ലാ ദൈവങ്ങളെയും ഭരിച്ചിരുന്നത് ഷാങ്ഡി എന്ന ദൈവമായിരുന്നു. മറ്റൊന്ന് മരിക്കുന്നവരൊക്കെ മരണാനന്തര ദൈവങ്ങളാകുമെന്നു വിശ്വസിച്ചിരുന്നു. ആ സമയം ഭാരതത്തിലാകട്ടെ പുനര്‍ജന്മത്തില്‍ ഹിന്ദുക്കള്‍ വിശ്വസിച്ചു. ആത്മാവ് പരബ്രഹ്മമെന്നും ജ്ഞാനം, ഭക്തി, കര്‍മ്മം എന്നീ സദ്മാര്‍ഗ്ഗത്തിലൂടെ മാത്രമേ ബ്രഹ്മപദവി ലഭിക്കുമെന്നും വിശ്വസിക്കുന്നു. ഇന്നും അങ്ങനെ തന്നെ. ജീവിതത്തില്‍ സര്‍വ്വസുഖങ്ങളും ത്യജിച്ചും ബ്രഹ്മചര്യം സ്വീകരിച്ച അനാഥര്‍ക്ക് ആശ്രയം നല്കിയ മഹാദേവനെപോലും ചൈനാക്കാര്‍ കൈവിട്ടിട്ട് ഹിന്ദുത്വത്തിന്‍റെ കാതലായ ജ്ഞാനം, ഭക്തി, കര്‍മ്മത്തില്‍ ജീവിച്ചുകൊണ്ട് ക്രിസ്തു – ഇസ്ലാം മതത്തെ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. ചൈനയില്‍ ആര്‍ക്കും ഏതു മതവും സ്വീകരിക്കാം. അതിന്‍റെ പ്രധാനകാരണം അവര്‍ മതമൗലികവാദികള്‍ അല്ലെന്നുള്ളതാണ്. അവിടെ ഒരാള്‍ ഇഷ്ടമുള്ള ഒരു മതം സ്വീകരിച്ചാല്‍ ആ വ്യക്തിയെ മറ്റുള്ളവര്‍ ശത്രുക്കളായിട്ടല്ല കാണുന്നത് മിത്രങ്ങളായിട്ടാണ്. ഒരു വിശ്വാസി എത്രമാത്രം ആത്മാവിനെ ആര്‍ജ്ജീക്കുന്നു എന്നതാണ് പ്രധാനം. ചൈനയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകളെ പഠിക്കുമ്പോള്‍ ഒരുപറ്റം പേര്‍ ദൈവം ഇല്ലെന്ന് പറയുമെങ്കിലും ബഹുഭൂരിപക്ഷം പേരും മനസ്സില്‍ ദൈവത്തെ കാണുന്നവരാണ്. യേശുക്രിസ്തു അഞ്ച് അപ്പംകൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കുന്ന ഒരു ചരിത്ര സത്യമുണ്ട്. നമ്മുടെ മുന്നില്‍ എത്ര ഭക്ഷണമുണ്ടായാലും വയര്‍ നിറഞ്ഞാലും മനസ്സ് നിറയുന്നതാണ് പ്രധാനം. 1949 -ല്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ക്രിസ്തീയ മിഷനറിമാരെ പുറത്താക്കിയവരാണ്. 2007ലെ റിപ്പബ്ലിക് ഓഫ് ചൈനയുടെ ഔദ്യോഗിക കണക്ക് പരിശോധിച്ചപ്പോള്‍ ക്രിസ്തുവിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ചൈനക്കാര്‍ മത-വിശ്വാസങ്ങളുടെ വിനാശം വിതയ്ക്കുന്നവരായിട്ടല്ല ഇന്ന് കാണുന്നത്, മറിച്ച് സാമ്പത്തിക സമൃദ്ധിപോലെ ആത്മാവിന്‍റ വിത്തുകള്‍ വിതച്ച് ദൈവത്തെപ്പോലെ കരുണയുള്ളവരായി മാറുന്നു. ദൈവം ഒരു മിഥ്യയാണോ- അന്ധവിശ്വാസമെന്നോ പറയുന്നതിന് ധാരാളം കാരണങ്ങള്‍ നിരത്താന്‍ കഴിയും. എന്നാല്‍ യഥാര്‍ത്ഥ ഈശ്വരഭക്തര്‍ ഒരിക്കലും തിന്മകള്‍ക്ക് കൂട്ടുനിക്കുന്നവരല്ലെന്നും കാലത്തിന്‍റെ ജാലകത്തിലൂടെ പ്രകാശിക്കുന്നവരെന്നും ഈശ്വരവിശ്വാസമില്ലാത്തവര്‍ക്കുമറിയാം. യഥാര്‍ത്ഥ ഭക്തര്‍ ഒരു മതത്തിന്‍റെയും അടിമകളല്ല മറിച്ച് പ്രകാശം പൊഴിക്കുന്ന ദീപങ്ങളാണ്.
ഒരിക്കല്‍ ക്രിസ്തീയ വിശ്വാസം കച്ചവടമെന്ന് പറഞ്ഞ ചൈനക്കാര്‍ ഇന്നു പറയുന്നു ദൈവം ഒരു സങ്കല്പമല്ല പരമമായ സത്യമാണ്. ചൈനയുടെ വികസനം പോലെ വിശ്വാസവും ഒരു ദിവ്യാനുഗ്രഹമെന്ന് കരുതുന്നു. വിശുദ്ധ പത്രോസിന്‍റെ വാക്കുകള്‍ ഇന്നവര്‍ക്ക് വേദവാക്യങ്ങളാണ്. ‘നിങ്ങള്‍ അനുഗ്രഹം അനുഭവിക്കേണ്ടതിന് വിളിക്കപ്പെട്ടവരാണ്.’ സാധാരണ കൃസ്തീയ വിശ്വാസത്തിലേക്ക് കടന്നുവരുന്നത് അവശരും അശരണരുമാണ്. എന്നാല്‍ ചൈനയിലാകട്ടെ ഉന്നത വിജ്ഞാനമുള്ളവരാണ് ഈ വിശ്വാസത്തിലേക്ക് കടന്നു വരുന്നത്. കഴിഞ്ഞ നാളുകളില്‍ നിരവധി പ്രശ്നങ്ങളാല്‍ നിരന്തരമായി വലഞ്ഞവര്‍ക്ക് സമാധാനമില്ലാത്തവര്‍ക്ക് സമാധാനം, രോഗികള്‍ക്ക് സൗഖ്യം, പ്രത്യാശയില്ലാത്തവര്‍ക്ക് പ്രത്യാശ ഇത് മാത്രമല്ല ദൈവീക വചനങ്ങളെ മാനിച്ച് ജീവിച്ചാല്‍ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സകല ജാതികള്‍ക്കും മീതെ ഉന്നതനാക്കും. പട്ടണത്തില്‍ നീ അനുഗ്രഹിക്കപ്പെടും. ഈ വചനങ്ങള്‍ ചൈനയിലെ ക്രിസ്തീയ വിശ്വാസികള്‍ക്ക് ധാരാളമായി ഉന്മേഷം പകരുന്നു. ചൈനയില്‍ ക്രിസ്തീയ വിശ്വാസം നിരോധിച്ച നാളുകളില്‍ അവര്‍ പ്രാര്‍ത്ഥിച്ചത് ഒളിവ് കേന്ദ്രങ്ങളിലായിരുന്നു. ഒളിവ് കേന്ദ്രങ്ങളിലെ മെത്രാന്മാരെ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ചൈനയുടെ ചരിത്രത്തിലാദ്യമായി 2015 ആഗസ്റ്റ്മാസം കമ്യൂണിസ്റ്റ് സര്‍ക്കാരും വത്തിക്കാനുമായി ഉടമ്പടി ചെയ്ത് അംഗീകരിച്ചതിന്‍റെ ഫലമായി ഫാദര്‍ ജോസഫ് ഴാങ് ചിന്‍ലിനെ അവിടുത്തേ മെത്രാനായി വാഴിക്കപ്പെട്ടു. ഇതിനോട് കൂട്ടിവായിക്കേണ്ട ഒരു കാര്യം സൗദി അറേബ്യയാണ്. ഇസ്ലാമല്ലാത്ത മതങ്ങളോടും വിശ്വാസികളോടും ഈ രാജ്യം ചെയ്യുന്നത് ക്രുരവും നിന്ദ്യവുമായ സമീപനങ്ങളാണ്. മനുഷ്യനെക്കാള്‍ സ്വന്തം മതത്തിന് മാത്രം പ്രാധാന്യം നല്കുന്ന ഒരു മതമൗലിക രാജ്യം ഇസ്ലാമല്ലാത്ത മറ്റ് വിശ്വാസികള്‍ക്ക് അവിടെ പ്രാര്‍ത്ഥിക്കാനോ ആരാധന നടത്താനോ അനുവാദമില്ല. ഇറാക്ക് യുദ്ധകാലത്ത് ബ്രിട്ടീഷ് അമേരിക്കന്‍ ക്രിസ്ത്യാനികള്‍ക്ക് പ്രാര്‍ത്ഥിക്കാനും മറ്റും പച്ചപരവതാനി വിരിച്ചു കൊടുത്തത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. പണക്കൊതിയന്മാരായ പാശ്ചാത്യര്‍ ഇത് കണ്ടിട്ടും കാണാതെയിരിക്കുന്നു. ഇന്നും ഒളിഞ്ഞും മറഞ്ഞുമാണ് സൗദിയിലെ ക്രിസ്ത്യാനികളും ഹിന്ദുക്കളും പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.
നമ്മള്‍ ലോക ചരിത്രം പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്ന ഒരു യാഥാര്‍ത്ഥ്യം എവിടെയെല്ലാം ക്രിസ്ത്യാനികള്‍ രക്തം ചിന്തിയോ പീഡിക്കപ്പെട്ടുവോ അവിടെയെല്ലാം ക്രിസ്തുവിശ്വാസികള്‍ വളര്‍ന്നു എന്നതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടത് പാശ്ചാത്യ രാജ്യങ്ങളിലാണ്. ഈ പ്രപഞ്ചത്തെ നിലനിറുത്തുന്ന സ്നേഹത്തിന്‍റെ സമാധാനത്തിന്‍റെ ദൂതനായിട്ടാണ് യേശു വരുന്നത്. അത് ഐശ്വര്യലഹരിയുടെ മട്ടുപ്പാവില്‍ കഴിഞ്ഞിരുന്ന വിഷസര്‍പ്പങ്ങളായ റോമന്‍ ചക്രവര്‍ത്തിമാര്‍ക്കും ബിംബപ്രതിഷ്ഠകള്‍ക്ക് മുന്നില്‍ മൃഗബലിയും നരബലിയും നടത്തുന്ന പുരോഹിതര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഇതില്‍ പ്രമുഖ സ്ഥാനമുള്ളത് റോമിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയാണ്. ക്രിസ്തു ശിഷ്യനായ സെന്‍റ് പീറ്റര്‍ ഒരു ചുഴലിക്കാറ്റുപോലെ റോമന്‍ ചക്രവര്‍ത്തിയോട് പറയുന്നത് അധികാരത്തില്‍ നിങ്ങള്‍ അന്ധരാണ്. പാവങ്ങളോട് നിങ്ങള്‍ ക്രൂരത കാട്ടുന്നു. സ്നേഹിക്കാനോ അംഗീകരിക്കാനോ നിങ്ങള്‍ക്ക് മനസ്സില്ല. ക്രിസ്തു വിശ്വാസികളെ നിങ്ങള്‍ വന്യമൃഗങ്ങള്‍ക്കും മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്നു. സെന്‍റ് പീറ്ററിന്‍റെ വാക്കുകള്‍ ഭരണാധിപന്മാരെ വിരളിപിടിപ്പിക്കുന്നു, ഭ്രാന്തന്മാരാക്കുന്നു. അമ്പരപ്പോടെ നോക്കി നില്‍ക്കുന്നു. പ്രതികാരചിന്തയുള്ള പുരോഹിതര്‍ സെന്‍റ് പീറ്ററിനെ നിര്‍ദയമായികൊല്ലാന്‍ ചക്രവര്‍ത്തിമാര്‍ക്ക് ഉപദേശം കൊടുക്കുന്നു. മറ്റ് വിശ്വാസികള്‍ക്കൊപ്പം സെന്‍റ് പീറ്ററുടെ രക്തവും അവിടെ ചീറി പാഞ്ഞ് ഒഴുകി. അദ്ദേഹം വീരചരമം പ്രാപിച്ച സ്ഥലത്താണ് സെന്‍റ് പീറ്റേഴ്സ് ബസലിക്കയും പോപ്പിന്‍റെ ആസ്ഥാനവും. ആയിരക്കണക്കിന് സന്ദര്‍ശകരാണ് നിത്യവും അവിടെ സന്ദര്‍ശിക്കുന്നത്. സൂര്യന്‍ സ്വര്‍ണ്ണമുരുക്കിയൊഴിക്കുന്നപോലെയാണ് അതിനുള്ളിലെ ഓരോ കാഴ്ചകളും.. അത് മുത്തുമാലകള്‍കൊണ്ട് പ്രഭ ചൊരിഞ്ഞു നില്ക്കുന്ന സെന്‍റ് പീറ്റേഴ്സിന്‍റെ ഹൃദയമാണെന്ന് തോന്നിപ്പോകും. ആത്മാവിലൊഴുകി വരുന്ന മഞ്ഞണിഞ്ഞ തളിരിലകളില്‍ വിരിഞ്ഞു നില്‍ക്കുന്ന നിറപകിട്ടാര്‍ന്ന പൂവകള്‍ക്ക് ചുറ്റും പറക്കുന്ന വണ്ടുകളില്‍ ഒരാളായി ഞാനും ഹൃദയാഭിലാഷത്തോടെ നോക്കി നിന്നത് ഓര്‍ക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഏകദേശം 255 ദശലക്ഷം ക്രിസ്ത്യാനികളുള്ള അമേരിക്കയെ 2030 -40 ആകുമ്പോഴേക്കും ചൈന പിന്‍തള്ളുമെന്നാണറിയുന്നത്. സങ്കീര്‍ത്തനക്കാരന്‍ പറയുന്നത് “നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടുമെന്നാണ്” വികസിത രാജ്യങ്ങള്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നത് നേരുള്ളതുകൊണ്ടാണോ? ഇന്‍ഡ്യയെപ്പോലുള്ള രാജ്യങ്ങളില്‍ നേരും നെറിയും ഇല്ലാത്തതുകൊണ്ടാണോ ഐശ്വര്യവും സമ്പത്തും അനുഗ്രഹവുമുണ്ടാകാത്തത്. അധികാരത്തിലെത്തുന്നവരുടെ ഭവനപദ്ധതികളിലെങ്കിലും വളര്‍ച്ചയുള്ളത് കാണാതിരുന്നുകൂടല്ലോ. ചൈനയും മറ്റ് വികസിത രാജ്യങ്ങളുടെ ഒരു പ്രാധാന്യം അവരുടെ പൗരബോധമാണ്. സ്വന്തം ആത്മവിശ്വാസങ്ങളില്‍നിന്നാണ് ആത്മബോധം ഉണ്ടാകുന്നത്. മതമൗലികവാദികള്‍ അന്ധവിശ്വാസമുള്ളവര്‍ ജാതിമതങ്ങളിലെ മനോരോഗികളാണ്. കാന്‍സര്‍ ശരീരകോശങ്ങളെ കാര്‍ന്നു തിന്നുന്നുവെങ്കില്‍ ഇവര്‍ മനസ്സിനെയാണ് കാര്‍ന്നു തിന്നുന്നത്.ൗ കൂട്ടരുടെ മറ്റൊരു പ്രത്യേകത അയല്‍ക്കാരന്‍ പട്ടിണിയില്‍ കിടക്കുമ്പോള്‍ ദൈവത്തിന് പണവും പാല്‍പായസവും വഴിപാടായി ദൈവത്തിന്‍റെ വിശപ്പടക്കുന്നവരാണ്. അന്യന്‍റെ മുതല്‍ അപഹരിച്ചിട്ട് യേശുവിന് പൊന്നിന്‍കുരിശ് കൊടുത്തിട്ട് എന്ത് ഫലം? ചൈനയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുവാന്‍ കാരണം അവരുടെ ദൈവത്തിലുള്ള വിശ്വാസമാണ്. അവര്‍ സഹജീവികളുമായി സൗഹൃദം പങ്കു വെക്കുന്നു. പരസ്പരം സ്നേഹിക്കുന്നു. അത്യാഗ്രഹികളാകാതെ അദ്ധ്വാനശീലരാകുന്നു. ദൈവത്തിനാവശ്യം പണവും പൊന്നും വഴിപാടുകളുമല്ല. അതിലുപരി സ്നേഹവും സമാധാനവുമാണ്. ചൈന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിസ്മയമാകുന്നത് സാമ്പത്തിക സാമൂഹ്യ-സാംസ്കാരിക – വികസനരംഗത്ത് മാത്രമല്ല ആദ്ധ്യാത്മിക രംഗത്തും അവര്‍ വളര്‍ച്ചയിലാണ്. അവര്‍ യഥാര്‍ത്ഥ ഭക്തരായി സ്നേഹം, ജ്ഞാനം, ഭക്തി, കര്‍മ്മങ്ങളില്‍ ജീവിച്ച് ലോകത്തിനു മാതൃകയാകട്ടെ.