ഉത്രാട രാവിൽ മാവേലിയെ കാത്തിരുന്നതും ഓർമ്മകളുടെ ആഘോഷമാണ്…

ഞങ്ങളുടെ കുട്ടിക്കാലത്ത് ഒരു മാസത്തിന് മുമ്പേ അത്തപ്പൂക്കളത്തിന്റെ പണി തുടങ്ങും…

കുട്ടികളുടെ ചെറിയ ചെറിയ ഗ്രൂപ്പുകളായി മാറുകയും മത്സരമായി തീരുകയും ചെയ്യുന്ന അത്തപ്പൂക്കളങ്ങൾ…

ഞങ്ങളുടെ അത്തപ്പൂക്കളം എന്റെ വീടിന് മുന്നിലെ വലിയ പ്ലാവിന്റെ ചുവട്ടിലാണ് ഇടുന്നത്…

പള്ളിക്കൂടം വിടുന്ന വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ഞങ്ങൾ അത്തപ്പൂക്കളത്തിന്റെ പണി പുരയിലായിരിക്കും…

വട്ടത്തിലായിരിക്കും അത്തക്കളം ആദ്യം തയ്യാറാക്കുന്നതെങ്കിലും പാതി വഴിയിൽ ഇടിച്ചിട്ട് ചതുരത്തിലാക്കും…

അത്തപ്പൂക്കളം നനയാതിരിക്കാനുള്ള ചെറിയ മാടവും കെട്ടി അലങ്കാര പണികളും കഴിയുമ്പോൾ ഹിമാലയം കയറിയിറങ്ങിയ അദ്ധ്വാനമായാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടിരുന്നത്…

അത്തപ്പൂക്കളത്തിൽ പൂവ് ഇടുന്നതിന് സ്ഥിരമായി എന്നെയാണ് തിരഞ്ഞെടുത്തിരുന്നത്…

ആ പദവി എനിക്ക് സന്തോഷവും അഭിമാനവുമായിരുന്നു…

അത്തം തുടങ്ങുമ്പോൾ എന്റെ സന്തോഷം സങ്കടമായി മാറും…

കാരണം..,

ഉച്ചയൂണിന് എനിക്ക് മാത്രം മീൻ കറി തരില്ല…

രണ്ടാമത്തെ ചേട്ടൻ എന്നെ കൊതിപ്പിക്കാനും കരയിപ്പിക്കാനുമായി മീനിന്റെ രുചിയെ കുറിച്ച് ഉറക്കെ പറയും…

സങ്കടക്കടലാൽ
കണ്ണുകൾ നിറയുന്ന എന്നെ അമ്മ കെട്ടിപ്പിടിച്ചിട്ട് പറയും-“വൃതം നോക്കി അത്തപ്പൂ ഇട്ടാൽ ഉത്രാട രാത്രിയിൽ വരുന്ന മാവേലിയെ കാണാനും അനുഗ്രഹം ചോദിക്കാനും കഴിയും…”

ഇന്നത്തെ കുട്ടികളുടെ അതിബുദ്ധി ഇല്ലാത്ത കാലമായതു കൊണ്ട് അമ്മ പറയുന്നത് വിശ്വസിച്ചു…

മാവേലിയുടെ അനുഗ്രഹം കിട്ടുമെന്നുള്ള അമ്മയുടെ ആശ്വാസ വാക്കുകളിൽ ഞാനെന്റെ സങ്കടം ഉള്ളിലൊതുക്കി…

അടുത്ത സങ്കടം തുടങ്ങുന്നത് രാവിലെകളിലാണ്…

ചിങ്ങ നിലാവും ചിങ്ങവെയിലും ഉണ്ടെങ്കിലും ചില രാത്രികളിൽ പെയ്യുന്ന മഴയുടെ കുളിരിൽ മൂടി പുതച്ചുറങ്ങുമ്പോഴാണ് അതിരാവിലെ അപ്പുറത്ത വീടുകളിലെ ചേച്ചിമാരും കൂട്ടുകാരും എന്റെ ചേച്ചിയുമൊക്കെ എന്നെ വിളിച്ചുണർത്തുന്നത്…

മഴയായാലും പല്ലു തേച്ച് കുളിച്ച് നനഞ്ഞ തോർത്തും ഉടുത്തുകൊണ്ട് വിളക്ക് കത്തിച്ച് ആദ്യത്തെ പൂവ് ഇടേണ്ടത് ഞാനാണ്…

ആ മഴയുടെ തണുപ്പിൽ കിണറിനടുത്ത് കൂനിക്കൂടിയിരുന്ന് കണ്ണുകളടച്ചു കൊണ്ടു പല്ല് തേക്കുന്ന എന്റെ തലയിലൂടെ അവർ വെള്ളം കോരിയൊഴിച്ച് കുളിപ്പിക്കും…

സൂര്യൻ ഉദിക്കുന്നതിന് മുമ്പ് ഞങ്ങൾ പൂവിട്ട് തീർക്കും…

പൂക്കളത്തിൽ പൂവിട്ട് തീരാറാകുമ്പോൾ അല്പം അകലെയുള്ള കൂട്ടുകാരായ ദുബായ് അനിയും ഷാജുവും ഗോപനുമൊക്കെ എത്തും…

ഞങ്ങളൊന്നിച്ച് ‘ശത്രു’ക്കളായ മറ്റ് ഗ്രൂപ്പുകാരുടെ അത്തപ്പൂ കാണാൻ പോകും…

അവർ ഞങ്ങളുടെ അത്തപ്പൂ കാണാനും വരും…

ആരുടെ അത്തപ്പൂക്കളമാണ് നല്ലതെന്ന് കാണാനും പള്ളിക്കൂടത്തിൽ വെച്ച് വെല്ലുവിളിക്കാനുമാണ് രാവിലെയുള്ള ഈ പതിവ് യാത്ര…

അതൊരു ആരോഗ്യപരമായ മത്സരമായിരുന്നു…

ഓണപരീക്ഷ കഴിഞ്ഞു വരുന്ന
വൈകുന്നേരങ്ങളിൽ പൂ പറിക്കാൻ പോകുമ്പോൾ പിറ്റേ ദിവസത്തെ പരീക്ഷയെ കുറിച്ചോർക്കുമ്പോൾ ചെറിയൊരു പേടിയുണ്ടാകും…

എന്നാലും ഞങ്ങൾ കൂട്ടുകാരൊന്നിച്ച് വീടുകൾ തോറും കയറിയിറങ്ങി പരമാവധി പൂവുകൾ ശേഖരിക്കും…

ഉത്രാട രാത്രിയാകുമ്പോൾ
മാവേലിയെ കാണാനും
ബുദ്ധി കൂടാനുള്ള
വരം വാങ്ങാനുമായി ഞാൻ കാത്തിരിക്കും…

ടെലിവിഷൻ ഇല്ലാത്ത കാലം…

എട്ടര മണിയാകുമ്പോൾ ആകാശവാണിയിലെ മലയാളം പരിപാടികൾ പൂട്ടിക്കെട്ടും…

കണ്ണുകളടക്കാതെ കട്ടിലിൽ മാവേലിയെ കാത്തു കാത്തിരിക്കും…

കാത്തിരിപ്പിനിടയിൽ കണ്ണുകളടയുന്നതും ഉറങ്ങുന്നതും ഞാനറിയില്ല…

തിരുവോണ ദിവസം
ഉണർന്നാലുടൻ അമ്മയോട് ചോദിക്കും-“മാവേലി വന്നിരുന്നോ…?”

കുസൃതി ചിരിയോടെ അമ്മ പറയും-“മാവേലി എത്ര പ്രാവശ്യമാണ് നിന്നെ വിളിച്ചുണർത്താൻ ശ്രമിച്ചത്.ഇങ്ങനെ ഉറങ്ങിയാലെങ്ങനെയാണ് മാവേലിയെ കാണുന്നത്.
സാരമില്ല, അടുത്ത ഉത്രാടത്തിന് മാവേലിയെ കാണാം….”

അടുക്കളയിൽ അടപ്രഥമന്റെ മണം ഉയരുന്നതു വരെ
മാവേലിയെ കാണാൻ കഴിയാത്ത നിരാശയുണ്ടാകും…

ഉത്രാട രാത്രിയിൽ
മാവേലിയെ കാണാനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി…

ഒരു കൗതുകമെന്നോണം ഇന്നും മാവേലിയെ കാണാൻ ഞാൻ കാത്തിരിക്കുകയാണ്…

എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും “ഉത്രാടദിനാശംസകൾ” നേരുന്നു…………………………………………..

___ഉല്ലാസ് ശ്രീധർ

Leave a Reply

Your email address will not be published. Required fields are marked *