രാജ്യത്ത് ഒക്ടോബറില്‍ കോവിഡ് മൂന്നാംതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുതിര്‍ന്നവരിലെ പോലെ കുട്ടികളിലും രോഗബാധ ഉണ്ടായേക്കാമെന്നതിനാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 160 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്കിലെത്തി.

കോവിഡ് പ്രതിരോധത്തില്‍ ജാഗ്രത തുടരേണ്ടതുണ്ടെന്നും ഒക്ടോബറില്‍ മൂന്നാംതരംഗത്തിന് സാധ്യതയുണ്ടെന്നുമാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റിന്റെ മുന്നറിയിപ്പ്. മൂന്നാം തരംഗത്തില്‍ മുതിര്‍ന്നവരിലെ പോലെ കുട്ടികളിലും രോഗബാധ ഉണ്ടായേക്കാം. അതിനാല്‍ പ്രതിരോധ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണം. പീഡിയാട്രിക്ക് വാര്‍ഡുകള്‍, പീഡിയാട്രിക്ക് ഐസിയു എന്നിവ സജ്ജമാക്കണം. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് വാക്സീന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കേണ്ടതുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ശിശു രോഗ വിദഗ്ധരുടെ കുറവ് നികത്തണം.

ഓക്സിജന്‍‍ ക്ഷാമവും ബെഡുകളുംടെ കുറവും പരിഹരിക്കണമെന്നും NIDM റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. നേരത്തെ കാണ്‍പൂര്‍ ഐഐടിയും കോവിഡ് മൂന്നാം തരംഗം ഒക്ടോബറില്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ താഴ്ന്ന് 25,072 ഉം മരണം 389ഉം ആയി. 155 ദിവസത്തിന് ശേഷം ചികില്‍സയില്‍ ഉള്ളവരുടെ എണ്ണം 3.33 ലക്ഷമായി. രോഗമുക്തി നിരക്ക് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 97.63 ശതമാനത്തിലെത്തി. 1.94 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *