അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യം പുരോഗമിക്കുന്ന കാബൂള്‍ വിമാനത്താവളത്തിന് സമീപമുണ്ടായ സ്ഫോടന പരമ്പരയില്‍ 60 മരണം. 140 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികരും താലിബാന്‍ അംഗങ്ങളും കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. അക്രമികള്‍ കനത്തവില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ പ്രസിഡന്‍റ് ജോ ബൈഡന്‍, തീവ്രവാദി വേട്ടയിലൂടെ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി.

കാബൂള്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് തൊട്ടരികെയായിരുന്നു ആദ്യ സ്ഫോടനം. രക്ഷാ ദൗത്യവിമാനങ്ങള്‍ ലക്ഷ്യമിട്ട് വിമനത്താവളത്തിലേക്ക് നൂറ് കണക്കിന് പേരെത്തിയിരുന്നു. ഇവര്‍ക്കിടയിലാണ് സ്ഫോടനമുണ്ടായത്. അല്‍പസമയത്തിനകം വിമാനത്താവളത്തിന് സമീപത്തുള്ള ബാരണ്‍ ഹോട്ടലിനരികെ രണ്ടാം സ്ഫോടനവുമുണ്ടായി. 12 അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായി പെന്റഗണ്‍ അറിയിച്ചു. നിരവധി സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമികള്‍ കനത്ത വിലനല്‍കേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ഐ.എസ് തീവ്രവാദികള്‍ പരാജയപ്പെടുമെന്നും ബൈഡന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ഓഗസ്റ്റ് 31നകം പൂര്‍ത്തിയാക്കുമെന്നും യു.എസ് പ്രസിഡന്റ് വ്യക്തമാക്കി.

കാബൂള്‍ വിമാനത്താവളത്തിന് സമീപം ഭീകരാക്രമണമുണ്ടായേക്കാമെന്ന് അമേരിക്ക, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ താലിബാന്‍ അനുവദിച്ച സമയം അവസാനിക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കി നില്‍ക്കെ ആയിരത്തി അഞ്ഞൂറോളം അമേരിക്കന്‍ പൗരന്‍മാര്‍ അഫ്ഗാന്റെ പലഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *