സംസ്ഥാനത്തെ സ്കൂളുകൾ നവംബറിന് മുമ്പ് തുറക്കാനാകുമോയെന്ന് ആലോചന. സാഹചര്യം പഠിക്കാനുള്ള സമിതിയെ ഉടൻ നിശ്ചയിക്കും. പ്രതിദിന കോവിഡ് കേസുകൾ പതിനയ്യായിരത്തിൽ താഴെയെത്തിയാൽ അനുകൂല സാഹചര്യമെന്നും വിലയിരുത്തൽ.
അയൽവക്കത്തുള്ള തമിഴ്നാടും കർണാടകവും അടക്കം പല സംസ്ഥാനങ്ങളും സ്കൂളുകൾ തുറന്നതോടെ ഇവിടെയും തുറക്കണമെന്ന ആലോചനയും സമ്മർദവും സർക്കാരിൽ ശക്തമായിരുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പഠനം തുടങ്ങാനായിരുന്നു അനൗദ്യോഗിക ആലോചന. അതിനായാണ് അധ്യാപകർക്കുള്ള വാക്സിനേഷൻ വേഗത്തിലാക്കിയത്. അതിനിടെ സ്കൂളുകൾ തുറക്കാമെന്ന വിദഗ്ധരുടെ നിർദേശം വന്നതോടെ ആലോചന സജീവമായി.
ഒക്ടോബറിൽ തന്നെ തുറക്കാനാകുമോയെന്നാണ് പരിശോധിക്കുന്നത്. സെപ്തംബർ അവസാനത്തോടെ കോവിഡ് വ്യാപനം കുറയുമെന്ന പഠന റിപ്പോർട്ട് സർക്കാരിൻ്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ രൂപം കൊടുക്കുന്ന വിദഗ്ധ സമിതി സ്കൂൾ തുറക്കൽ സംബന്ധിച്ച സാധ്യതകൾ വിദ്യാഭ്യാസ വകുപ്പിന് നൽകും. അനുകൂല സാഹചര്യമാണോ എന്നതിനൊപ്പം ഏത് ക്ലാസുകൾ ,എത്ര ദിവസം വീതം തുറക്കാം. എത്ര കുട്ടികൾ ഒരു ദിവസം ക്ലാസിലെത്തണം തുടങ്ങിയവയും സമിതി പഠിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ കോവിഡ് വിദഗ്ധ സമിതി ആ റിപ്പോർട്ട് പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. സർക്കാർ നിർദേശം വന്ന ശേഷം ഒരുക്കങ്ങളിലേക്ക് കടക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം.