ദോഹ ∙ആളോഹരി വരുമാനത്തിൽ ലോകത്ത് മുൻനിരയിൽ, ദ്രവീകൃത പ്രകൃതി വാതക ഉൽപാദനത്തിൽ ഒന്നാമത്, കയറ്റുമതിയിൽ രണ്ടാമത്, ധനികരാജ്യങ്ങളിൽ ആദ്യ പത്തിൽ, വൻ നിക്ഷേപത്തിലും വികസന വളർച്ചയിലും എ ഗ്രേഡ് – ബ്രിട്ടിഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ 50ാം പിറന്നാൾ ഇന്ന് ആഘോഷിക്കുമ്പോൾ നേട്ടങ്ങളുടെ പട്ടികയുമായി തല ഉയർത്തി നിൽക്കുകയാണ് ഖത്തർ.
മധ്യപൂർവദേശത്തെ ആദ്യ ഫുട്ബോൾ ലോകകപ്പിന് അടുത്ത വർഷം ആതിഥ്യം വഹിക്കുന്നതോടെ അറബ് ലോകത്തിന്റെ കായിക തലസ്ഥാനമെന്ന തലപ്പൊക്കം കൂടി സ്വന്തമാകും. 1878 ൽ രാജ്യം രൂപംകൊണ്ട ഡിസംബർ 18 ആണു ദേശീയ ദിനമെങ്കിലും ആധുനിക ഖത്തറിന്റെ സുവർണ ദിനം സെപ്റ്റംബർ 3 ആണ്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഖത്തറിൽ ബ്രിട്ടൻ അധിനിവേശം നടത്തിയത് 1916 ലാണ്.
ബ്രിട്ടന്റെ ആധിപത്യം അവസാനിച്ചപ്പോൾ യുഎഇയുടെ ഭാഗമാകാമെന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ്, അതു വേണ്ടെന്നു വച്ച് 1971 സെപ്റ്റംബർ മൂന്നിന് ഖത്തർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഇന്നത്തെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ മുത്തച്ഛൻ ഷെയ്ഖ ഖലീഫ ബിൻ ഹമദ് അൽതാനിയാണ് 1972 ന്റെ തുടക്കം മുതൽ 1995 വരെ ഭരിച്ചത്. ഖലീഫയിൽ നിന്നു മകൻ ഷെയ്ഖ് ഹമദ് 1995 ൽ ഭരണം പിടിച്ചെടുത്തു. 2013 ൽ, തന്റെ 61–ാം വയസ്സിൽ ഷെയ്ഖ് ഹമദ് ഭരണം മകൻ തമീമിനു കൈമാറി.
English Summary: Qatar 50th independence day