പെൻഷൻ പ്രായം ഉയർത്താനുള്ള ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ സി.പി.എമ്മും ഇടതുമുന്നണിയും ചർച്ച ചെയ്യും. തിടുക്കത്തിൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കില്ല. പെൻഷൻ പ്രായം ഉയർത്തുന്ന വർഷം 4000 കോടി രൂപ സർക്കാരിന് ലാഭിക്കാനാകും.

പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിൽ ഏറ്റവും പ്രതിഷേധങ്ങൾക്കിടയാക്കുന്നത് പെൻഷൻ പ്രായം 56 ൽ നിന്ന് 57 ആക്കണമെന്ന ശുപാർശ തന്നെ. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകൾ എതിർപ്പ് വ്യക്തമാക്കി കഴിഞ്ഞു. ശുപാർശ നടപ്പിലാക്കുമോ എന്ന ചോദ്യത്തോട് ഇന്നലെ ധനമന്ത്രി കെ.എൻ.ബാലഗോപാലോ സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനോ നിലപാട് വ്യക്തമാക്കിയില്ല. പെൻഷൻ പ്രായം ഉയർത്തില്ല എന്ന് കണ്ണുമടച്ച് പറയാൻ ഇരുവരും തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ സർക്കാരിൻ്റെ സമയത്ത് പെൻഷൻ പ്രായം കൂട്ടില്ല എന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് പല തവണ വ്യക്തമാക്കിയിരുന്നു. ഇത്തവണ വിഷയം ചർച്ച ചെയ്യാത്തതുകൊണ്ടാണ് അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം ഉണ്ടാകാത്തത് എന്നാണ് നേതാക്കൾ പറയുന്നത്. സി.പി.എമ്മും ഇടതുമുന്നണിയും ചർച്ച ചെയ്ത ശേഷം ശുപാർശയിൽ രാഷ്ട്രീയ തീരുമാനമെടുക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പെൻഷൻ പ്രായമുയത്തുന്നതിൻ്റെ സാമ്പത്തിക വശമാണ് സർക്കാരിനെ അകർഷിക്കുന്ന ഘടകം. പ്രതിവർഷം ഇരുപതിനായിരത്തോളം സർക്കാർ ജീവനക്കാർ വിരമിക്കുന്നു എന്നാണ് കണക്ക്. പെൻഷൻ പ്രായം ഉയർത്തിയാൽ ആ വർഷം സർക്കാരിന് 4000 കോടി രുപ ലാഭിക്കാമെന്ന് ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. പെൻഷൻ പ്രായം സംബന്ധിച്ച് പ്രതിപക്ഷവും നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തായിരുന്നു പെൻഷൻ പ്രായം 56 ആക്കിയത്. തിങ്കളാഴ്ച യു.ഡി.എഫ് വിഷയം ചർച്ച ചെയ്തതിന് ശേഷമേ പ്രതിപക്ഷ നിലപാട് വ്യക്തമാകു.

Leave a Reply

Your email address will not be published. Required fields are marked *