വാഷിങ്ടൻ ∙ 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യരേഖകളിൽ ചിലത് പുറത്തുവിടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകി. ആക്രമണത്തെ അതിജീവിച്ചവരും മരിച്ചവരുടെ ബന്ധുക്കളും ദീർഘനാളായി ആവശ്യപ്പെട്ടിരുന്നതാണിത്. അവർ സൗദി സർക്കാരിനെതിരെ നൽകിയിട്ടുള്ള കേസിൽ നിർണായകമാവും ഈ രേഖകൾ.

ആക്രമണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് സാധ്യമായവ 6 മാസത്തിനുള്ളിൽ ലഭ്യമാക്കാനാണ് നിർദേശം. ആക്രമണത്തിന്റെ 20–ാം വാർഷികത്തിൽ ഗ്രൗണ്ട് സീറോയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പ്രസിഡന്റ് ബൈഡൻ പങ്കെടുക്കും. രഹസ്യരേഖകൾ പുറത്തുവിടുന്നതു സംബന്ധിച്ച് തീരുമാനമായില്ലെങ്കിൽ ബൈഡനെ ചടങ്ങിൽ പങ്കെടുപ്പിക്കില്ലെന്ന് ചില സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.

ആക്രമണത്തിന് സൗദി സർക്കാരിലെ ചിലർ ഒത്താശ ചെയ്തുവെന്നാരോപിച്ച് ന്യൂയോർക്ക് ഫെഡറൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്. ചില സൗദി ഉദ്യോഗസ്ഥരെയും സൗദിക്കാരായ അക്രമികളുടെ കുടംബാംഗങ്ങളെയും ഈ വർഷം ചോദ്യംചെയ്തിരുന്നു. ആക്രമണത്തിന് പിന്നിലെ ഭീകരസംഘടനയായ അൽ ഖായിദയുടെ തലവൻ ഉസാമ ബിൻ ലാദനും ആക്രമണത്തിനുപയോഗിച്ച വിമാനങ്ങൾ റാഞ്ചിയവരിൽ 15 പേരും സൗദി പൗരന്മാരാണ്. അക്രമികൾക്ക് യുഎസിലെത്താൻ സൗദി ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നാണ് ആരോപണം.

English Summary: Joe Biden orders release of secret september 11 attack documents

Leave a Reply

Your email address will not be published. Required fields are marked *