പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കാൻ തീരുമാനിച്ചതിന്
ശേഷം ആണ് വൈതരണി ഗോപി ഞങ്ങളെ വിവരം അറിയിച്ചത്.
മുരിങ്ങച്ചിറ ജംഗ്ഷനിലുള്ള ബാർബർ ശശിയുടെ കടയിൽ ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും നടക്കുന്ന അന്തർദേശിയ — ദേശിയ ചർച്ചകൾക്കിടെയാണ് വൈതരണി ഗോപി തന്റെ തീരുമാനം ഞങ്ങളെ അറിയിച്ചത്.
ഞങ്ങൾ ഒന്ന് ഞെട്ടി.
രാഷ്ട്രീയത്തിൽ പരിചയം ഇല്ലാത്ത ഗോപി എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടും…?
വൈതരണി തന്റെ ഭാഗം വിശദമായി വിശദീകരിച്ചു…
പഞ്ചായത്ത് പ്രസിഡന്റ് ആകണം എന്നത് തന്റെ ചിരകലാഭിലാഷം ആണ്.
വാർഡും പ്രസിഡന്റ് സ്ഥാനവും സംവരണം ആണ്.
കലാഞ്ചി വേലുപിള്ളയും അമ്പലവയലിൽ മാധവനും ഇരുന്നിട്ടുള്ള കസേരയിൽ ഒന്ന്
ഞെളിഞ് ഇരിക്കണം.
വർഷങ്ങളായി ഏഴാo ഉത്സവത്തിന്റെ സ്പോൺസർ താനാണ്.
പല സാംസ്‌കാരിക — കലാ സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വൻ തുകകൾ
സംഭാവന നൽകിയിട്ടുണ്ട്.
ലോക്കഡൗൺ കാലത്ത് കമ്മ്യൂണിറ്റി കിച്ചനിലെ പ്രധാന ചിലവുകൾ താനാണ് വഹിച്ചത്.
തിരഞ്ഞെടുപ്പ് ചിലവുകൾ ദുബായിൽ ഉള്ള മൂന്നു മക്കളും വഹിക്കും. മൂത്ത മകൻ രാജൻ ദുബായിൽ നിന്നും ഉടനെ നാട്ടിൽ എത്തും…
എനിക്ക് മത്സരിക്കണം. എന്നെ നിങ്ങൾ സഹായിക്കണം….
വൈതരണിയുടെ തീരുമാനത്തെ മനസ്സില്ലാമനസ്സോടെ ഞങ്ങൾ പിന്തുണച്ചു.
ഉപ്പുപ്പി കുട്ടൻപിള്ളയെ ഇലക്ഷൻ കൺവീനർ ആയി തിരഞ്ഞെടുത്തു.
ഗോപിയുടെ വീടിന്റ തെക്കു വശത്തുള്ള ഷെഡ് തിരഞ്ഞെടുപ്പ് ഓഫീസ് ആയി ക്രമികരിച്ചു.
തെരഞ്ഞെടുപ്പ് ഓഫീസിൽ നടന്ന ആദ്യ യോഗത്തിൽ മറ്റു
ഭാരവാഹികളെ കൺവീനർ ഉപ്പിപ്പി കുട്ടൻപിള്ള പ്രഖ്യാപിച്ചു…
സാമ്പത്തിക കാര്യം :- ദുബായിൽ നിന്ന് വന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന ഗോപിയുടെ മകൻ രാജൻ.
നവ മാധ്യമം :-ചൂളത്തെരുവ് ജംഗ്ഷനിൽ കമ്പ്യൂട്ടർ കട നടത്തുന്ന രമേശ്.
പരസ്യപ്രചരണം :- ആക്രി ഉമ്മർ.
സാനിറ്റിഐസർ +
ആപ്പിറ്റിഐസർ :-നാടുവാഴി
വർക്കി.
—-2 —-
ഉത്സവ പ്രതീതി ഉളവാക്കി ഗോപി നമ്മനിർദേശക പത്രിക
സമർപ്പിച്ചു.
മൂന്നു പക്ഷത്തെ സ്ഥാനാർഥികളും ” ഒരു രാജ്യം ഒരു ആഹാരം ” സംഘടനയുടെ സ്ഥാനാർഥിയും ഉൾപ്പെടെ അഞ്ചു പേർ മത്സര രംഗത്തുണ്ട്.
തിരഞ്ഞെടുപ്പ് ഓഫീസിൽ എത്തിയ പോസ്റ്റർ കെട്ട് പൊട്ടിച്ചു നോക്കിയപ്പോൾ ഉപ്പുപ്പി കുട്ടൻപിള്ള നീരസം പ്രകടിപ്പിച്ചു..
തന്നോട് ആലോചിക്കാതെ ആണ് പോസ്റ്റർ അച്ചടിച്ചത്.
ഈ പോസ്റ്റർ കൊണ്ട് ഒരു ഫലവും ഇല്ല.
പോസ്റ്റർ എടുത്തു കാട്ടി കുട്ടൻപിള്ള പറഞ്ഞു…
ഗോപീ, നീ എന്താ പ്രിന്റ് ചെയ്തിരിക്കുന്നത്…
“നമ്മുടെ സ്ഥാനാർഥി
നമ്മുടെ പ്രിയപ്പെട്ട
കെ. ഗോപകുമാർ.
നമ്മുടെ ചിഹ്നം
ബ്രിഫകേസ്.”
3
ഗോപീ , നീ ഒരു കാര്യം ഓർക്കണം. നിന്നെ കെ. ഗോപകുമാർ എന്നല്ല നാട്ടിൽ അറിയുന്നത്. വൈതരണി
ഗോപി എന്നാണ്. ‘വൈതരണി ‘ എന്ന് പേരിനോട് ഒപ്പം ചേർത്തില്ലെങ്കിൽ വോട്ട് കിട്ടില്ല.
പലതും പറഞ്ഞു ഒഴിഞെങ്ങിലും അവസാനം
കെ. ഗോപകുമാർ എന്ന പേരിന്റെ താഴെ ബ്രാക്കറ്റിൽ “വൈതരണി ഗോപി ”
എന്നെഴുതാൻ തീരുമാനിച്ചു.
4
വൈതരണി എന്ന ഇരട്ട പേര് ഗോപിക്ക് എങ്ങനെ വന്നു എന്ന് പലരും സംശയം ഉന്നയിച്ചപ്പോൾ കോയിക്കലെ കുഞ്ഞുമോൻ സംശയ നിവാരണത്തിനു മുതിർന്നു.
കായൽ വറ്റിച്ചു കായംകുളം റെക്ലമേഷൻ നെൽ കൃഷി പദ്ധതി ആരംഭിച്ചപ്പോൾ സ്പെഷ്യൽ ഓഫീസർ ആയി വന്ന അവുദാകുട്ടിയുടെ പരിചാരകൻ ആയിരുന്നു ഗോപിയുടെ അച്ഛൻ കൃഷ്ണൻ.
ദിവസം നൂറു പ്രാവശ്യമെങ്കിലും ”വൈതരണി”എന്ന പദം കൃഷ്ണൻ പറയും. എന്തിനും ഏതിനും വൈതരണി. കൃഷ്ണനെ നാട്ടുകാർ വൈതരണി ചേർത്ത് വിളിക്കുമ്പോൾ അയാൾക്ക് ഒരു പരിഭവും ഇല്ലായിരുന്നു.
ബണ്ടിലെ കർഷകതൊഴിലാളികൾ കൂലി കൂടുതൽ ആവശ്യപ്പെട്ട് സ്പെഷ്യൽ ഓഫീസർ ഔദാകുട്ടിയുടെ ഓഫീസിനു മുമ്പിൽ സത്യാഗ്രഹം നടത്തിയപ്പോൾ സഖാവ് ജനാർദ്ദൻ എഴുതിയ പാട്ട്…………
ഔദാകുട്ടി വരുന്നേ…
പെണ്ണുങ്ങളെ പമ്പരം പോലെ
നിന്നോ…
പമ്പരം പോലെ നിന്നാൽ
ഔദാകുട്ടി ശമ്പളം കൂട്ടി തരും…
സമരക്കാർ ഉറക്കെ പാടിയപ്പോൾ കൃഷ്ണൻ വെട്ടുകത്തിയുമായി ചാടി ഇറങ്ങി….
ആരെടാ വൈതരണി….
വൈതരണി എല്ലാത്തിനെയും വക വരുത്തും…..
സമരക്കാർ വൈതരണി കൃഷ്ണനെ പൊതിരെ തല്ലി.
പോലീസ് കേസ് ഒക്കെ ഉണ്ടായെങ്കിലും കൃഷ്ണൻ കിടപ്പിലായി.
നെൽ കൃഷി നിർത്തലാക്കി തെർമൽ പ്രൊജക്റ്റ് വന്നതൊന്നും കൃഷ്ണൻ അറിഞ്ഞില്ല.
കൃഷ്ണന്റെ മൂത്തമകൻ ഗോപകുമാർ പൂനയിൽ ഉള്ള ഒഎത്തിയ രക്ഷൻ കമ്പനിയിൽ ജോലികിട്ടി പോയി. അവിടെ നിന്ന് ദുബായിൽ എത്തി നല്ല കമ്പനിയിൽ ജോലി നേടി.
സാമ്പത്തികമായി നല്ല നിലയിൽ എത്തിയപ്പോൾ മൂന്നു മക്കളെയും ദുബായിൽ ജോലിക്ക് വച്ച് ഗോപകുമാർ നാട്ടിൽ എത്തി.
നാട്ടുകാർക്ക് ഗോപകുമാർ വൈതരണി ഗോപിയാണ്.
വൈതരണി ഗോപിയുടെ ഫോട്ടോ പതിച്ച പോസ്റ്ററും ഫ്ളക്സ്കളും വാർഡിൽ നിറഞ്ഞു. ബ്രിഫകേസ് പിടിച്ചു പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ഗോപിയുടെ കട്ട് ഔട്ട് കൊല്ലകൽ സ്കൂളിന്റെ മുമ്പിലും മുരിങ്ങച്ചിറ ജംഗ്ഷനിലും സ്ഥാനം പിടിച്ചു.
കാഥികൻ രാമൻകുട്ടി എഴുതി തയാറാക്കിയ ഗോപിയുടെ അഭ്യർത്ഥന വായിച്ചു നാട്ടുകാർ അന്ധം വിട്ടു.
റോഡുകളുടെ ശോചയ്യാവസ്‌ഥ, തൊഴിൽ ഉറപ്പ് പദ്ധതിയുടെ ക്രമക്കേട് തുടങ്ങി പലതും മറ്റു അഭ്യർത്ഥന പോലെ ആവർത്തിചെങ്കിലും വാർഡിലെ മാത്രം അല്ല പഞ്ചായത്തിലെ മുഴുവൻ പേർക്കും (26,000 പേർക്കും) സൗജന്യമായി കോവിഡ് വാക്‌സിൻ നൽകും എന്നത്
പോലെ പല വാഗ്ദാനങ്ങളും ഉറപ്പ് നൽകി. അ
ശാസ്ത്രീയതയുടെയും
അമാനവികതയുടെയും
അപരിഷ്കൃതത്തിന്റെ യും പര്യായമായ മുൻ പഞ്ചായത്ത് ഭരണങ്ങൾക്കു അറുതിവരുത്താൻ
തന്നെ ജയിപ്പിക്കണമെന്ന അഭ്യർത്ഥനയോടെ അവസാനിക്കുന്ന ‘ വൈതരണി ഗോപിയുടെ അഭ്യർത്ഥന ‘ മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലഘനം ആണെന്ന് കാട്ടി മറ്റു സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി.
5
തിരഞ്ഞെടുപ്പ് പ്രചരണത്തിന് ദിനംപ്രതി വീറും വാശിയും കൂടി. രണ്ടാം വട്ട ഗ്രഹസന്ദർശനം പൂർത്തിയായി.
തെരഞ്ഞെടുപ്പ് ഓഫീസിൽ വൈകുന്നേരം നടക്കുന്ന അവലോകന യോഗത്തിൽ ആൾക്കാർ കൂടി. ഓഫീസിനു മുമ്പിൽ വച്ചിരിക്കുന്ന സാനിറ്റൈസർ കുപ്പികളുടെയും ഓഫീസിനു പിറകിലെ അപ്പിറ്റൈസർ കുപ്പികളുടെയും എണ്ണം ദിവസേന കൂട്ടി.
നവ മാധ്യമ ഇൻ ചാർജ് രാജേഷ് ഫേസ്ബുക്കിന്റെ ഭിത്തിയിൽ ഗോപിയുടെ പല പോസ്കളിലുള്ള ഫോട്ടോകൾ പതിപ്പിച്ചു. വാട്സാപ്പിന്റെ പച്ച വൃത്തത്തിൽ വിരലുകൾ കുത്തി ഗോപി എന്ന സാമൂഹിക – സാംസ്‌കാരിക നേതാവിന്റെ സ്തുതി പാഠങ്ങൾ നിരത്തി.
തിരഞ്ഞെടുപ്പ് ദിവസം വണ്ടികൾ പാഞ്ഞു.
എല്ലാവരെയും ബൂത്തിൽ എത്തിക്കാൻ പരമാവധി ശ്രമിച്ചു.
1232 സമ്മതിദായകർ
ഉണ്ടായിരിന്നെങ്കിലും 851 പേർ
സമ്മതിദാനവകാശം രേഖപെടുത്തി.
വൈകിട്ട് നടന്ന അവലോകനയോഗത്തിൽ കൂട്ടലും കിഴിക്കിലും നടത്തി ബഹുഭൂരിപക്ഷം വോട്ടും വൈതരണിക്കു ആണെന്ന് എല്ലാവരും സമ്മതിച്ചു.
വോട്ട് എണ്ണാൻ എട്ട് ദിവസങ്ങൾ ബാക്കി ഉണ്ടായിട്ടും എന്നും വൈകുന്നേരം ഞങ്ങൾ ഇലക്ഷൻ ഓഫീസിൽ എത്തി ചർച്ച തുടർന്നു…….
സാനിടൈസർ കുപ്പികളും അപ്പീടൈസർ കുപ്പികളും നാടുവാഴി വർക്കിചേട്ടൻ ആവശ്യത്തിനു വാങ്ങി സുക്ഷിച്ചിരുന്നു.
വോട്ടെണ്ണൽ ദിവസം ഞങ്ങൾ എല്ലാം 8 മണിക്ക് മുമ്പേ വോട്ടെണ്ണൽ സ്ഥലത്തു എത്തി. ഞങ്ങളുടെ അഭ്യർത്ഥന പാലിച്ചു വൈതരണി ഗോപി വീട്ടിൽ തന്നെ ഇരുന്നു.
റിസൾട്ട് അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി. വൈതരണി മൂന്നാം സ്ഥാനത്ത്…..
“എന്താ സംഭവിച്ചത്…..”
അന്നോന്യം ചോദിച്ചു.
“അതൊരു താർക്കിക പ്രാധാന്യം ഉള്ള ചോദ്യം
ആണ്……”എന്ന ബാർബർ ശശിയുടെ അഭിപ്രായത്തോടെ ആരും പ്രതികരിച്ചില്ല.
തോറ്റ വാർത്ത കേട്ട് വൈതരണി ഗോപി ബോധം കെട്ട് വീണു.
ഡോക്ടർ കുമാരനെ ആരോ കൂട്ടി കൊണ്ടു വന്നു.
ഡോക്ടർ പരിക്ഷ പാസ്സായില്ലെങ്കിലും നാട്ടുകാരുടെ പ്രിയ ഡോക്ടർ ആണ് കുമാരൻ.
ബി പി കൂടിയുട്ടുണ്ട്.
റിസൾട്ട് കേട്ടതിന്റെ ഷോക്ക് ആണ്…….
ഇൻജെക്ഷൻ എടുത്തു.
കുറച്ചു മരുന്നും തന്നു.
ഉപ്പുപ്പി കുട്ടൻപിള്ള ഞങ്ങളുടെ ഒരു രഹസ്യ യോഗം വിളിച്ചു ചേർത്തു.
ഞങ്ങൾ ഒരു തീരുമാനം എടുത്തു.
” തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ
ചരിത്രം കേട്ടിട്ടില്ല…..
ധീരാ വീരാ വൈതർണി ധീരതയോടെ നയിച്ചോളു…
ഞങ്ങൾ എല്ലാം പിന്നാലെ…
ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റ് വൈതർണി
സിന്ദാബാദ്…… ”
ഉപ്പുപ്പി കുട്ടൻ പിള്ളയുടെ മുദ്രാവാക്യം ഞങ്ങൾ അലറി വിളിച്ചു.
ഇലക്ഷൻ ഓഫീസ് ഞങ്ങൾ പഞ്ചായത്ത് ഓഫീസ് ആക്കി.
വെള്ള ജുബ്ബ ധരിച്ചു ഞങ്ങളുടെ പ്രസിഡന്റ് വൈതരണി ഗോപി പഞ്ചായത്ത് ഓഫീസിൽ എത്തി.
എല്ലാവരും അദ്ദേഹത്തെ മാലയും ഷാളും നൽകി സ്വീകരിച്ചു.
പഞ്ചായത്തിലെ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
പ്രസിഡന്റ് പ്രസംഗം തുടരുന്നതനിടയിൽ ബാർബർ ശശി ഒരു ആവശ്യവുമായി എഴുനേറ്റു…..
” അമേരിക്കയിൽ പ്രസിഡന്റ് ആകാൻ പോകുന്ന ജോബൈഡനെയും
നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും നമ്മളുടെ പഞ്ചായത്ത് കമ്മിറ്റി ആശംസകൾ നേരണം….. ”
തന്റെ പ്രസംഗം തടസ്സപെടുത്തിയ ശശിയോട്
പ്രസിഡന്റ് പൊട്ടി തെറിച്ചു…
“ഇറങ്ങടാ പുറത്ത്…..”
“പ്രതിപക്ഷ ഐക്കം സിന്ദാബാദ്. പ്രസിഡന്റ് വൈതർണി മൂർദാബാദ് ”
എന്ന് മുദ്രാവാക്യം വിളിച്ച് ഓഫീസിന്റെ മുന്നിൽ വെച്ചിരുന്ന സാനിറ്റിസർ കൈകളിൽ പിരട്ടി ബാർബർ ശശി ഓഫീസിനു പുറകിൽ അപ്പിടൈസർ സെക്ഷനിലേക്ക് പോയി.
യോഗം അവസാനിപ്പിച്ചു പ്രസിഡന്റ് വൈതർണിക്ക് ജയ് വിളിച്ച് സാനിറ്റിസിർ കയ്യിൽ തേച്ചു അപ്പിടൈസർ സെക്ഷനിലേക്ക് ഞങ്ങളും പാഞ്ഞു…..
ഞങ്ങൾ ഉറക്കെ വിളിച്ചു…..
” വൈതരണി സഖാവ് ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റ്…..
സിന്ദാബാദ്…
സിന്ദാബാദ്… “