ലണ്ടന്‍: ഇനി ഒരു ലോക് ഡൗണില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങള്‍ കൂടുതലായി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വാക്‌സിന്‍ പാസ്പോര്‍ട്ട് ഏര്‍പ്പെടുത്തുമെന്ന് വാക്സിനേഷന്റെ ചുമതലയുള്ള മന്ത്രി നാദിം സഹാവി. ലോക്ഡൗണ്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏര്‍പ്പെടുത്തുന്ന ആഘാതം ഒഴിവാക്കാന്‍ ഇത് വളരെ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനിടെ 12 മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല . വാക്സിന്‍ കൊടുക്കാന്‍ തീരുമാനിച്ചാല്‍ അതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

മാസ്ക് ധരിക്കുന്നത് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്കൂളുകളിലെ ജീവനക്കാര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ ​​നിര്‍ബന്ധമാക്കിയിട്ടില്ല. ഏത് ഗ്രൂപ്പുകള്‍ക്ക് കോവിഡ് വാക്സിന്‍ ലഭിക്കണമെന്നതിനെക്കുറിച്ച് ഇതുവരെ ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്സിനേഷന്‍ ആന്‍ഡ് ഇമ്മ്യൂണൈസേഷന്റെ (ജെസിവിഐ) ഉപദേശം യുകെയിലുടനീളം പിന്തുടരുന്നു.

നിലവിലുള്ള പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി വിപുലീകരിക്കാന്‍ അടിസ്ഥാന സാഹചര്യങ്ങളോടെ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള 200,000 പേരെ ഉള്‍പ്പെടുത്താന്‍ ജെസിവിഐ ശുപാര്‍ശ ചെയ്തു. 12 മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് ഗൗരവമായി തന്നെ പരിഗണിക്കാന്‍ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുകെയില്‍ 12 മുതല്‍ 15 വയസ് വരെ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ പറഞ്ഞിരുന്നു. വാക്‌സിന്റെ ഗുണങ്ങള്‍ കുട്ടികളില്‍ നേരിടാന്‍ ഇടയുള്ള അപകടങ്ങളെ മറികടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദഗ്ധ സമിതിയുടെ തീരുമാനം. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് മുതിര്‍ന്നവരെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടി മാത്രമാണെന്ന് വിദഗ്ധര്‍ പറയുന്നു. അത്തരമൊരു ആവശ്യത്തിന് കുട്ടികളെ കുത്തിവെയ്ക്കുന്നത് സദാചാരവിരുദ്ധമാണ്.

എന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷനില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജെസിവിഐ ഉപദേശത്തെ മറികടക്കാനുള്ള വഴികള്‍ തേടി ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയുടെ തീരുമാനം തേടിയിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങള്‍ കൂടി കണക്കിലെടുക്കാനാണ് ക്രിസ് വിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കൂടി അഭിപ്രായം തേടിയ ശേഷമാകും ക്രിസ് വിറ്റി നിര്‍ദ്ദേശം കൈമാറുക.

ശാസ്ത്രജ്ഞരുടെ സമിതി എതിരഭിപ്രായം നല്‍കിയെങ്കിലും പ്രൊഫസര്‍ വിറ്റിയുടെ ഉപദേശം സ്വീകരിച്ചു ഉപയോഗിച്ച് 12 മുതല്‍ 15 വരെ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് മന്ത്രിമാരുടെ നീക്കം. ചീഫ് മെഡിക്കല്‍ ഓഫീസര്‍ അനുകൂലമായ നിലപാടെടുത്താല്‍ ഇതിനെ പിന്തുണയ്ക്കാന്‍ കുട്ടികളുടെ ആരോഗ്യവും കൊവിഡും സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാനാണ് സര്‍ക്കാര്‍ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *