വീടുകളുടെ സൗകര്യവും ഭംഗിയും കൂട്ടാന്‍ ഇറങ്ങിയാല്‍ പോക്കറ്റ് കാലിയാകും. യുകെയില്‍ ബില്‍ഡിംഗ് മെറ്റീരിയലുകളുടെ വില 1990കള്‍ക്ക് ശേഷം ആദ്യമായി അതിവേഗത്തില്‍ കുതിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

എക്‌സ്റ്റെന്‍ഷന്‍, കണ്‍വേര്‍ഷന്‍, ലാന്‍ഡ്‌സ്‌കേപ് ഗാര്‍ഡനിംഗ് എന്നിവയ്ക്ക് മുന്‍പെങ്ങുമില്ലാത്ത വിധം ആവശ്യക്കാര്‍ ഉയര്‍ന്നതോടെ സപ്ലൈയില്‍ കുറവ് നേരിടുന്നതാണ് വിലകള്‍ കുതിച്ചുയരാന്‍ ഇടയാക്കുന്നത്. വ്യാപാരികള്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ ദിവസേന മാറ്റം വരുത്തിയ വര്‍ദ്ധിച്ച ക്വട്ടേഷനുമായി കസ്റ്റമേഴ്‌സിന്റെ മുന്നിലെത്തേണ്ട അവസ്ഥയാണെന്ന് ബില്‍ഡേഴ്‌സും പറയുന്നു. ഒരു എക്സ്റ്റന്‍ഷന് നല്‍കിയ ക്വട്ടേഷന്‍ 20,000 പൗണ്ടില്‍ നിന്നും 27,000 പൗണ്ടിലേക്ക് ഉയര്‍ത്തേണ്ടി വന്നതായി ഒരു ബില്‍ഡര്‍ വെളിപ്പെടുത്തി.

1997ല്‍ കണക്കുകള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചത് മുതലുള്ള ഏറ്റവും വലിയ വില വര്‍ദ്ധനവാണ് സമ്മറില്‍ നേരിട്ടത്. ലോക്ക്ഡൗണ്‍ മൂലം ആഗോള ഷിപ്പിംഗ് താറുമാറായതും, ലോറി ഡ്രൈവര്‍മാരുടെ ലഭ്യത കുറഞ്ഞതുമെല്ലാം ചേര്‍ന്ന് ഇഷ്ടിക ലഭിക്കാന്‍ വരെ എട്ട് മാസത്തോളം കാത്തിരിക്കേണ്ട ഗതികേടിലാണ് കസ്റ്റമേഴ്‌സ്. മരങ്ങള്‍ കൊണ്ടുള്ള ചില ഉത്പന്നങ്ങളുടെ വില വര്‍ഷാവര്‍ഷം ഇരട്ടിക്കുകയാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു.

ടൈലുകളുടെ വിലയില്‍ കാല്‍ശതമാനമാണ് വര്‍ദ്ധന. ഇതോടൊപ്പം ഡെലിവെറിക്കായി ബില്‍ഡേഴ്‌സ് ആറ് മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. സിമന്റ് വിലയില്‍ ബാഗിന് 5 പൗണ്ട് വര്‍ദ്ധനവും നേരിട്ടിട്ടുണ്ട്. ചെറിയൊരു എക്സ്റ്റന്‍ഷനാണ് ആഗ്രഹിക്കുന്നതെങ്കില്‍ പോലും മെറ്റീരിയലുകള്‍ക്ക് അധിക വില നല്‍കേണ്ട അവസ്ഥയാണെന്ന് ബില്‍ഡേഴ്‌സ് മെര്‍ച്ചന്റ്‌സ് ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ന്യൂകോംബ് പറയുന്നു.

ഒരു വര്‍ഷം മുന്‍പ് നല്‍കിയതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് ഇപ്പോഴുള്ള പ്രവൃത്തികള്‍ക്ക് വേണ്ടിവരുന്നത്. ലോക്ക്ഡൗണില്‍ വീട്ടിലിരുന്ന് നേടിയ സമ്പാദ്യം ഉപയോഗിച്ച് കുടുംബങ്ങള്‍ വീടുകളില്‍ ഓഫീസ് പണിയാനും, ഗാര്‍ഡന്‍ മെച്ചപ്പെടുത്താനും തുടങ്ങിയത് ഡിമാന്‍ഡ് കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *