കോവിഡ് വാക്‌സിനേഷനു വിസമ്മതിക്കുന്ന ഒരു വിഭാഗം യുകെയിലടക്കം എല്ലാ രാജ്യങ്ങളിലും ഉണ്ട്. കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നവരും, എന്‍എച്ച്എസ് ജോലി ചെയ്യുന്ന നഴ്‌സുമാരും വരെ ഇക്കൂട്ടത്തിലുണ്ടെന്നത് ആണ് ഞെട്ടിക്കുന്ന കാര്യം. എന്നാല്‍ വാക്‌സിനേഷനോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരെയെല്ലാം വാക്‌സിനേഷനിലേക്ക് നയിക്കാന്‍ പര്യാപ്തമായ കണക്കു പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പുറത്തുവിട്ടു. വാക്‌സിനേഷന്‍ സ്വീകരിക്കാത്ത ആളുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത ഡബിള്‍ ഡോസ് സ്വീകരിച്ചവരേക്കാള്‍ അഞ്ചിരട്ടിയാണെന്നാണ് പുതിയ ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നത്. മരണ നിരക്ക് പത്തിരട്ടിയും.

വാക്‌സിന്‍ സ്വീകരിച്ച 60 മുതല്‍ 69 വയസ് വരെയുള്ളവരില്‍ അഡ്മിഷന്‍ നിരക്ക് ഒരു ലക്ഷം പേരില്‍ 19.1 മാത്രമായിരുന്നെങ്കില്‍, വാക്‌സിനെടുക്കാത്ത ഈ പ്രായക്കാരില്‍ ഇത് 94 ആശുപത്രി അഡ്മിഷനുകളായി ഉയര്‍ന്നു. വാക്‌സിനെടുത്ത 50-കളില്‍ പ്രായമുള്ളവര്‍ ആശുപത്രിയില്‍ എത്താനുള്ള സാധ്യത നാലിരട്ടി കുറവാണെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രായത്തില്‍ പെട്ടവര്‍ വാക്‌സിനെടുത്താല്‍ ഒരു ലക്ഷത്തില്‍ 17 പേരാണ് ആശുപത്രിയില്‍ എത്തുന്നതെങ്കില്‍ വാക്‌സിനെടുക്കാത്തവരില്‍ ഇത് 80 ആണ്.

ഏറ്റവും പ്രായം കൂടിയവരില്‍ വാക്‌സിന്‍ മികച്ച സുരക്ഷ ഒരുക്കുന്നുവെന്നും കണക്കുകള്‍ സ്ഥിരീകരിക്കുന്നു. വാക്‌സിന്‍ സ്വീകരിച്ച 70ന് മുകളില്‍ പ്രായമുള്ള ആളുകള്‍ക്ക് ആശുപത്രി പരിചരണം ആവശ്യമായി വരുന്നത് മൂന്ന് മടങ്ങ് കുറവാണെന്നാണ് കണ്ടെത്തല്‍. മരണങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ കൂടുതല്‍ പ്രസക്തമാണ് വാക്‌സിനേഷന്റെ പ്രാധാന്യം. രണ്ട് ഡോസ് വാക്‌സിനെടുത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത പത്തിരട്ടി അധികമാണ്.

വാക്‌സിന്റെ സുരക്ഷ സമയം മുന്നോട്ട് പോകുംതോറും കുറഞ്ഞ് വരുമെന്നും കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഈ ഘട്ടത്തില്‍ വാക്‌സിനെടുത്തവരിലെ ചില പ്രായവിഭാഗങ്ങളില്‍ വാക്‌സിനെടുക്കാത്ത ആളുകള്‍ക്ക് സമാനമായി വൈറസ് പിടിപെടുന്നുണ്ടെന്ന് ഡാറ്റ വ്യക്തമാക്കി. ഡെല്‍റ്റ വേരിയന്റാണ് വാക്‌സിനുകളുടെ ഇന്‍ഫെക്ഷന്‍ തടയാനുള്ള ശേഷിയെ പരീക്ഷിക്കുന്നത്. എന്നിരുന്നാലും ഭൂരിപക്ഷം കേസുകളിലും ഗുരുതര രോഗബാധിതരാകുന്നത് തടയാന്‍ വാക്‌സിന് സാധിക്കുന്നുണ്ട്.

കഴിഞ്ഞ മാസം രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതും, മരണപ്പെടുകയും ചെയ്യുന്നതായും കണക്കുകള്‍ സ്ഥിരീകരിക്കുന്നു. വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ല. ഇതുകൊണ്ടു യുകെ കോവിഡ് ബൂസ്റ്റര്‍ പ്രോഗ്രാം അംഗീകരിക്കാന്‍ ഒരുങ്ങവെയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *