ഇന്ന് ഗണേശ ചതുർത്ഥിയാണല്ലോ . അതോടനുബന്ധിച്ച് കാണാൻകഴിഞ്ഞ പല സോഷ്യൽമീഡിയ പോസ്റ്റുകളിലും ഗണേശരൂപത്തിൻ്റെ പ്രതീകാർത്ഥം വിവക്ഷിക്കുന്നതും വിവരിക്കപ്പെട്ടിരിക്കുന്നതും യഥാർത്ഥഗണേശതത്ത്വത്തിൽനിന്നും വ്യത്യസ്തമായാണെന്നത് എനിക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല. അക്കാരണത്താൽ ഞാൻ ധരിച്ചുവച്ചിട്ടുള്ളതിൻ പ്രകാരമുള്ള വിഹ്നേശ്വരനായ ഗണനാഥൻ്റെ രൂപാർത്ഥം അഥവാ രൂപതത്ത്വം താഴെക്കൊടുക്കുകയാണ്.തീർച്ചയായും ഇതുകൂടി ഗണപതിരൂപത്തിൻ്റെ പ്രതീകാർത്ഥം മനസ്സിലുറപ്പിക്കുന്ന കൂട്ടത്തിൽ എല്ലാ വിഘ്നേശ്വരഭക്തരും പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
നന്ദി.
(i) തുമ്പിക്കൈ കാര്യശേഷിയുടെ പ്രതീകമായി ചിലർ വ്യാഖ്യാനിക്കുന്നത് കാണാനിടയായിട്ടുണ്ട്. എത്രയും സ്ഥൂലമായതും സൂഷ്മമായതുമായ സകലവിധ പ്രപഞ്ചാസ്തിത്വങ്ങളെയും നിയന്ത്രിക്കുകയും, അവയ്ക്കുമേൽ അധീശത്വമുളവാക്കാനുള്ള പരബ്രഹ്മത്തിൻ്റെ സർവ്വേശ്വരത്വത്തെയും പ്രതിനിധീകരിക്കുന്നതത്രെ ഗണേശൻ്റെ തുമ്പിക്കൈ .ഈ തുമ്പിക്കൈ സ്ഥൂലമായ ( ബ്രഹ്മാണ്ഡത്തിൻ്റെയത്രയും അപാരതീയ ഉൾക്കൊള്ള ത്തക്ക വലിപ്പമുള്ള) സകലതിനെയും സൂക്ഷ്മമായ ( ഏറ്റവും പരമാണു രൂപത്തിലുള്ള ; ആധുനിക ഭൗതികത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, ഹിഗ്സ് ബോസോൺ എന്ന പദാർത്ഥത്തിൻ്റെ ഇന്നുവരെ അറിയപ്പെട്ടിട്ടുള്ളതിലേക്കും സങ്കല്പാതീതമാം വിധം സൂഷ്മമായ, ദ്രവ്യത്തിൻ്റെ എറ്റവും ചെറിയ അസ്തിത്വ രൂപം വരെയുള്ളതും) സകലതിനെയും ഉൾക്കൊള്ളുന്ന ഈശ്വരതത്ത്വത്തിൻ്റെ പ്രതീകമാകുന്നു.
(ii) ഗണേശൻ്റെ വലുപ്പംകൂടിയ ശിരസ്സ് :സർവ്വജ്ഞത്വം. ഒരു കുരുവിയുടെ പതനത്തിൻ്റെ കാര്യകാരണങ്ങൾ തൊട്ട്, കാലിഫോർണിയായിൽ ഒരു ചിത്രശലഭം ചിറകടിക്കുമ്പോൾ ജപ്പാനിൽ ഒരു ചുഴലിക്കൊടുങ്കാറ്റുണ്ടാകുന്നതിൻ്റെ കാര്യകാരണങ്ങളുടെ വാസ്തവസ്ഥിതി തൊട്ട്, മനുഷ്യൻ്റെ പഞ്ചേന്ദ്രിയങ്ങളാലറിയുന്ന സകല ജ്ഞാനവും, അതിൻ്റെ യുക്തിചിന്താശേഷിയും,ഈ പരമമായ അറിവാകുന്ന സർവ്വജ്ഞതയുമായി തട്ടിച്ചു നോക്കുമ്പോൾ,ഹിമാലയമഹാപർവ്വതത്തെ അതിൻ്റെ താഴ്വാരങ്ങളിലെ മരച്ചുവട്ടിലെ ചപ്പുചവറുകൾക്കിടയിൽ പുളച്ച് മദിക്കുന്ന ഒരു കൃമി കീടത്തിൻ്റെ വലിപ്പവുമായി താരതമ്യപ്പെടുത്തുന്നതിനേക്കാൾ സാഹസമായിരിക്കുന്നതെങ്ങിനെയോ, അങ്ങിനെ മാത്രമേ നമുക്ക് ഗണപതിയുടെ ശിരസ്തത്ത്വത്തെ മനസ്സിലാക്കാനും വിവരിക്കാനുമാവുകയുള്ളു.
(iii) പിന്നെ വലിയ ചെവിയെന്നത് നല്ല ശ്രോതാവ് എന്നത് വളരെ ലാഘവപൂർവ്വമായ ഒരു വിവരണം മാത്രമേ ആകുന്നുള്ളു.
ഭാരതീയ സംഗീത ശാസ്ത്രത്തിൽ, ശബ്ദബ്രഹ്മമായ ഓംകാരശബ്ദം പ്രണവ മന്ത്രരൂപത്തിൽ അനാദിയായി ബ്രഹ്മാണ്ഡോൽപത്തിയുടെ വാസ്തവാടിസ്ഥാനമായി നിലകൊള്ളുന്നു എന്നൊരു സങ്കല്പമുണ്ട്.ഇത് അ+ ഉ+ മ് എന്ന മൂന്ന് ശബ്ദങ്ങളുടെ കണ്ഠം, ഓഷ്o, ഓഷ്ഠപുടങ്ങളുടെ കൂട്ടിച്ചേർക്കൽ എന്നീ ശബ്ദങ്ങളാൽ മനുഷ്യന് പുന:സൃഷ്ടിക്കാനാവുമെന്നും അങ്ങിനെ സൃഷ്ടിക്കപ്പെടുന്ന പ്രണവമന്ത്രമായ ഓങ്കാരമാണ് നാദബ്രഹ്മമെന്നും, അവയുടെ സത്യസ്ഥിതി ഗ്രഹിക്കുക ഈശ്വരനായ ഗണനാഥന് മാത്രമേ സാദ്ധ്യമാവൂ എന്നും, മനുഷ്യൻ സമ്പൂർണ്ണ സ്വാർത്ഥ പരിത്യാഗത്തിലൂടെ എത്രമാത്രം ഈ നാദബ്രഹ്മത്തിൽ മുഴുകാനുള്ള ഈശ്വര ഗുണം ആർജിക്കുന്നുവോ അപ്പോൾ മാത്രമേ ആ “പ്രണവ ” മന്ത്രമായ നാദബ്രഹ്മ സാഗരത്തിലെ ഒരു തുള്ളിയെങ്കിലും കൈയ്യിലെടുക്കാൻ കഴിയുകയുള്ളു എന്നറിയുമ്പോഴേ ഗണേശൻ്റെ വലുപ്പമാർന്ന ഇരുകർണ്ണങ്ങളുടെ അർത്ഥം ശരിക്കും ഒരു ഭക്തന് ബോദ്ധ്യപ്പെടുക സാദ്ധ്യമാകൂ.
(iv) പിന്നെ മുറിഞ്ഞ കൊമ്പ്:
ഇതിനും ബാലിശമായ, നല്ലതെടുക്കുക, മോശമായത് അവഗണിക്കുക എന്ന അപഹാസ്യമായ നിർവ്വചനമാണ് പലയിടത്തും കൊടുത്തു കാണുന്നത്.ഇതിൻ്റെ യഥാർത്ഥ അർത്ഥമാകട്ടെ, പ്രപഞ്ചം ദ്വൈതമല്ല; ഏകമാണെന്ന ഉപനിഷത് തത്ത്വത്തിൻ്റെ പ്രതീകാത്മക രൂപനിർമിതിയുടെ പിന്നിലെ അത്യുജ്വല ചിത്ര- രൂപ നിർമ്മിതിയത്രേ.
യഥാർത്ഥത്തിൽ ഏകമായ ബ്രഹ്മത്തെ അജ്ഞാനം കൊണ്ട് (അഥവാ മായാശക്തിക്കടിപ്പെട്ട് ) മനസ്സ് സൃഷ്ടിക്കുന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഭ്രമം മാത്രമാണ് വ്യത്യസ്തതകളും, ഉച്ചനീചത്വങ്ങളും, നന്മതിന്മകളും,വരേണ്യ – നിമ്ന വേർതിരിവുകളെന്നും, വ്യത്യസ്തവും, വൈവിദ്ധ്യവും, വൈപരീത്യവും ഉള്ളതായി തോന്നിപ്പിക്കുന്ന പും – സ്ത്രീ ഭേദങ്ങളുൾപ്പെടെയുള്ള നര- തിര്യക്- സസ്യ – അചര അസ്തിത്വങ്ങളെന്നും മീമാംസാകാരനും വേദക്രോഡീകർത്താവുമായ ബാദരായണവ്യാസൻ്റെ ബ്രഹ്മസൂത്രത്തിന് ഭാഷ്യമെഴുതിയ സാക്ഷാൽ ശ്രീശങ്കരാചാര്യരെ ജ്ഞാനമീമാംസയുടെ ഉത്തുംഗമായ സർവ്വജ്ഞപീഠംകയറാൻ അർഹമാക്കിയ അതേ അദ്വൈതതത്ത്വമല്ലാതെ മറ്റൊന്നുമല്ല ഗണേശൻ്റെ ഏകദന്തം പ്രതിനിധീകരിക്കുന്നത് എന്നറിയുക.
(v ) ഗണേശവാഹനമായ “എലി” പ്രതിനിധീകരിക്കുന്ന തത്ത്വത്തെ മനസ്സിലാക്കണമെങ്കിലും പ്രപഞ്ചത്തെ സംബന്ധിച്ച ദ്വൈത സങ്കൽപങ്ങളിൽ തികച്ചും വ്യത്യസ്തമായ അദ്വൈത തത്ത്വമെന്തെന്ന് അറിയേണ്ടതുണ്ട്.
അതിങ്ങനെ പറയാം.
ഈ പ്രപഞ്ചത്തിലെ സൂഷ്മത്തിൽ സൂഷ്മമായ ഒരു പരമാണുവിന് പോലും ചലിക്കണമെങ്കിൽ അതുമായി ബന്ധപ്പെട്ടിട്ടുള്ള അമേയവും, അനന്തവും, അപാരവുമായ പ്രപഞ്ചത്തെ ഒന്നടങ്കം വലിച്ചിഴക്കാതെ സാദ്ധ്യമേ അല്ല. അതിനർത്ഥം ഇത്രയേ ഉള്ളു. നാം നമ്മെത്തന്നെ ഒറ്റപ്പെട്ടവരും, ശക്തിഹീനരും, ഈശ്വരനിൽ നിന്നു തന്നെ വേർതിരിക്കപ്പെട്ടവരും, അനാഥരും, ഏകാകികളുമായി കരുതുന്നുണ്ടെങ്കിൽ അത് ഭൂലോക മണ്ടത്തരമാണെന്ന് ഈ ഗണേശൻ്റെ എലിവാഹനരൂപം നമ്മെ ഓർമ്മിപ്പിക്കുന്നു. നാം എല്ലാവരും ഈ വിസ്തൃത പ്രപഞ്ചവുമായി തട്ടിച്ചു നോക്കുമ്പോൾ, അതിൻ്റെ നിയന്താവായ ഈശ്വരൻ്റെ ശക്തിപ്രഭാവങ്ങളുമായി തുലനം ചെയ്തു നോക്കുമ്പോൾ ഒരു എലിയോളം ചെറുതായി തോന്നുമെങ്കിലും, ആ എലിയിൽ എത്രത്തോളം സമസ്ത പ്രപഞ്ചത്തെയും വഹിക്കാനും, ആ പ്രപഞ്ചം മുഴുവൻ തന്നെ എതിരായി വന്നാലും അവയെ നേരിടാനും തക്ക ആത്മമഹിമ ഉള്ളവരാണ് തങ്ങളെല്ലാം എന്നും, ഈ പ്രപഞ്ചരൂപത്തിൽ വിന്യാസം കൊണ്ടിരിക്കുന്ന സാക്ഷാൽ വിഘ്നേശ്വര രൂപത്തെ സംവഹിപ്പിക്കാനും ചലിപ്പിക്കാനും എലിയോളം ചെറുതായ നമുക്കും ഗണനാഥനെ അർത്ഥമറിഞ്ഞു പൂജിച്ചാൽ സാദ്ധ്യമാകും എന്നുമിതോർമ്മിപ്പിക്കുന്നു. നമ്മിൽ നിന്നും വ്യത്യസ്തമായി ആകാശങ്ങളിൽ എവിടെയോ സ്ഥിതിചെയ്തുകൊണ്ട് നമ്മെയെല്ലാം ഭരിക്കുന്നതിൻ്റെ ഭാഗമായി കണ്ണിനു കണ്ണും, മൂക്കിനു മൂക്കും അറുത്തുമാറ്റുന്ന ഒരു ഭീകരനോ, മരണശേഷം തിളയ്ക്കുന്ന എണ്ണയിലിട്ടു പൊരിക്കുന്ന നരകാധിപനോ ആണീശ്വരനെന്നുള്ള ദ്വൈത മത സങ്കല്പം അതിനോടനുബന്ധമായി അവശ്യം ഉത്ഭവം കൊള്ളുന്ന പൗരോഹിത്യത്തിൻ്റെയും, രാഷ്ട്രീയാധികാരത്തിൻ്റെ മനുഷ്യത്വ വിരുദ്ധവും, മാനവവിരുദ്ധമായ പൈശാചികതകൾ ഈശ്വരസാക്ഷാത്കാരത്തിനായുള്ള മതാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരിൽ അരങ്ങുവാഴുന്ന ഇക്കാലത്ത് ഈ ഗണേശതത്ത്വത്തിൻ്റെ ശരിയായ ഗ്രാഹ്യവും അതിൻ്റെ സാക്ഷാത്ക്കാരത്തിനായുള്ള ഉപാസനാ രീതികളും, സമ്പൂർണ്ണ സമർപ്പണവും വർത്തമാനകാലം എവരിൽ നിന്നും ആവശ്യപ്പെട്ടുന്നുണ്ടെന്നും ഈ വിശകലനക്കുറിപ്പ് വായിക്കുന്ന ഏവരേയും ഓർമ്മിപ്പിക്കുകയും ചെയ്യട്ടെ.
ഏവർക്കും നന്ദി