സോൾ ∙ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉത്തര–ദക്ഷിണ കൊറിയകൾ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ഇന്നലെ പുലർച്ചെ ഉത്തര കൊറിയ 2 ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിച്ച് മണിക്കൂറുകൾക്കകമാണ്, അന്തർവാഹിനിയിൽ നിന്നു തൊടുക്കുന്ന ആദ്യ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ അറിയിച്ചത്. ഉത്തരകൊറിയയുടെ പരീക്ഷണങ്ങൾക്ക് ദക്ഷിണ കൊറിയ അതേരീതിയിൽ പ്രതികരിക്കുന്നത് അപൂർവമാണ്.
ആണവപോർമുന വഹിക്കാൻ ശേഷിയുള്ള 2 ക്രൂസ് മിസൈലുകൾ പരീക്ഷിച്ചതായി ഉത്തരകൊറിയ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. സൈനിക, ആയുധ ശക്തിയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണ് ദക്ഷിണ കൊറിയ ഇപ്പോൾ നടത്തിയ മിസൈൽ പരീക്ഷണമെന്നാണു വിലയിരുത്തൽ.
ഉത്തരകൊറിയയുമായി ആണവ നിരായുധീകരണ ചർച്ചകൾ തുടരുന്നതു സംബന്ധിച്ച നീക്കങ്ങൾക്കായി ചൈനീസ് വിദേശകാര്യ മന്ത്രി സോളിൽ എത്തിയതിനു പിന്നാലെയാണ് മിസൈൽ പരീക്ഷണങ്ങൾ. യുഎസ്– ഉത്തരകൊറിയ ചർച്ചകൾ 2019 ലാണു നിലച്ചത്. മിസൈൽ പരീക്ഷണം രാജ്യത്തിന്റെ സുരക്ഷയ്ക്കു വെല്ലുവിളിയാണെന്നു ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു.
English Summary: South Korea and North Korea tests ballistic missile within the gap of hours