ലണ്ടന്‍: ഇന്ത്യയടക്കം ആംബര്‍ പട്ടികയില്‍ പെട്ട രാജ്യങ്ങളെയും ഗ്രീന്‍ ലിസ്റ്റിലാക്കാന്‍ യുകെ ഒരുകുന്നു. ട്രാഫിക് ലൈറ്റ് സിസ്റ്റം വെട്ടിച്ചുരുക്കി യാത്ര ചെയ്യാനും, ചെയ്യാന്‍ കഴിയാത്തതുമായ രാജ്യങ്ങളുടേത് മാത്രമാക്കാനാണു ലക്‌ഷ്യം. ഇതോടെ അന്താരാഷ്ട്ര യാത്രകള്‍ കഠിനമാക്കിയ ടെസ്റ്റിംഗ് രീതികളിലും മാറ്റം വരും. വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ വിദേശയാത്ര കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ മാത്രം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാനാണു സര്‍ക്കാര്‍ ആലോചന.
പുതിയ പ്രഖ്യാപനങ്ങള്‍ വരുന്നതോടെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ചെലവേറിയ പിസിആര്‍ ടെസ്റ്റുകള്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ആവശ്യമായി വരില്ല. ഇതിന് പകരം ചെലവ് കുറഞ്ഞ ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റാണ് ഇവര്‍ക്ക് വേണ്ടിവരിക. നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് യാത്രക്കാര്‍ എടുക്കേണ്ടിയിരുന്ന പ്രീ-ഡിപ്പാര്‍ച്ചര്‍ ടെസ്റ്റുകളും ഇതോടെ ഒഴിവാകും.
അതേസമയം, വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാകും. യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യത്ത് പോയി മടങ്ങിയാലും ഇവര്‍ക്ക് ക്വാറന്റൈന്‍ ചെയ്യേണ്ടി വരും. ഇതുവഴി വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഗ്രീന്‍, ആംബര്‍, റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ ഇനി ‘ഗോ’ ‘നോ ഗോ’ രാജ്യങ്ങളുമായി രണ്ടായി മാറും. ഇതോടെ നിലവില്‍ ആംബര്‍ ലിസ്റ്റിലുള്ള രാജ്യങ്ങള്‍ ഗ്രീ അല്ലെങ്കില്‍ ‘ഗോ’ പട്ടികയിലേക്ക് മാറും.
റെഡ് ലിസ്റ്റില്‍ പെട്ട യാത്ര ചെയ്യാന്‍ കഴിയാത്ത രാജ്യങ്ങളുടെ എണ്ണം പകുതിയായി ചുരുങ്ങും. യാത്ര ചെയ്യുന്നവര്‍ക്ക് നൂറുകണക്കിന് പൗണ്ട് ലാഭിക്കാന്‍ ഇത് വഴി അവസരം ലഭിക്കുമെന്നു കരുതുന്നു. ട്രാവല്‍ വ്യവ്യസായം ഇതിലൂടെ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. മലയാളികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളും ഇതോടെ സുഗമമാകും.
റെഡ്‌ലിസ്റ്റിലായിരുന്ന ഇന്ത്യ അടുത്തിടെയാണ് ആംബറിലായത്. ഇതിലും ഹോം ക്വറന്റൈന്‍ വേണ്ടതുണ്ട്. എന്നാല്‍ ഇനി യാത്രക്കാരുടെ രാജ്യത്തെ കോവിഡ് കണക്കുകള്‍ അടിസ്ഥാനമാക്കുന്നതിന് പകരം വാക്‌സിനേഷന്‍ പരിഗണിക്കുന്ന തരത്തിലേക്കു മാറാനാണ് ബ്രിട്ടന്‍ ആലോചിക്കുന്നത്.
ഇന്ത്യ നിലവില്‍ ആംബര്‍ പട്ടികയിലാണ്. നിയമം മാറിയാല്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ നാട്ടില്‍ പോയി മടങ്ങിയാല്‍ സെല്‍ഫ് ഐസൊലേഷനും ആവശ്യമായി വരില്ല. നിലവില്‍ രണ്ട് ടെസ്റ്റുകളാണ് ഇവര്‍ നടത്തേണ്ടത്- ഒന്ന് യുകെയിലേക്ക് മടങ്ങുന്നതിന് 72 മണിക്കൂറിനകവും, രണ്ടാമത്തേക് യുകെയിലെത്തി രണ്ട് ദിവസത്തിനകവുമാണ് വേണ്ടത്. ആദ്യത്തേത് പിസിആര്‍ ടെസ്റ്റുമായിരിക്കണം.
